അയ്യോ പോയേക്കാം.നിങ്ങൾ പട്ടിണി ആവാതെയിരിക്കാൻ അല്പം ഫുഡ് കൊണ്ടുവന്നതാ.പോയേക്കാം ഞാൻ.
ഇനി കാമുകനെ ഒറ്റക്ക് കിട്ടീല്ല.ഞാൻ കട്ടുറുമ്പായി എന്ന് കേൾക്കാൻ വയ്യ.
പിന്നെ മോനെ….കാര്യങ്ങൾ ചേച്ചി പറഞ്ഞല്ലോ.സമയം ആകുമ്പോൾ അങ്ങ് കൈപിടിച്ച് തരും.അന്നുമതി നിന്റെ……അറിയാല്ലോ എന്നെ.കയ്യും കാലും തല്ലിയൊടിച്ച് ഒരിടത്തിടും.
ഗായത്രി,വേണ്ട.ഇവന്റെ കാര്യം ഞാൻ നോക്കിക്കോളാം.വലിയ ചേച്ചികളി ഒന്നും വേണ്ട.ഇനി ഇവൻ അങ്ങനെ ഒന്നിനും പോവില്ല……അല്ലേടാ?
നിങ്ങളിങ്ങനെ ഓരോന്ന് പറഞ്ഞ് ഇരുന്നോ.എപ്പഴാ എന്നതാ വരുന്നെ… പറയാൻ പറ്റില്ല.
ഓഹ് നീ കൂടുതല് കാടുകേറാതെ അടങ്ങിയൊതുങ്ങി ഒരിടത്തിരിക്ക്. അമ്മ പുന്നാരിച്ചു കയറൂരി വിട്ടതിന്റെ അറിയാനുണ്ട്.മറ്റുള്ളവരുടെ മുന്നിൽ നാറിയത് ഞാനാ.ഇനി വിളച്ചിലും കൊണ്ട് പുറത്തിറങ്ങിയാൽ….
വിടെടി,ഞാൻ നോക്കിക്കോളാം.ഇനി ഉണ്ടാവില്ല,എന്റെ ഉറപ്പ്.നീ ചെല്ല് ഞങ്ങൾ ഒന്ന് സൊള്ളട്ടെടി.
എന്തുവേണേലും ആയിക്കോ.പക്ഷെ ഒറ്റക്ക് വിടുന്നത് എന്തിനുമുള്ള അനുവാദമായി കാണരുത്.പിന്നെ എടുത്തു കഴിച്ചോണം…ഞാൻ അങ്ങ്
ചെല്ലട്ടെ…
***
ഗായത്രി പുറത്തേക്ക് ഇറങ്ങിയതും മൂന്നുനാല് തടിമാടന്മാർ അവിടെക്ക് ഓടിക്കയറി.പുറത്തേക്ക് ഇറങ്ങിയ ഗായത്രിയെ സൈഡിലേക്ക് തള്ളി ഇട്ടിരുന്നു.ഭിത്തിയിൽ തലയിടിച്ച് നെറ്റിയിൽ നിന്നും ചോര പൊടിഞ്ഞു തുടങ്ങിയിരുന്നു.അകത്തെത്തിയ അവർ വീണയുടെ എതിർപ്പിനെയും മറികടന്ന് ശംഭുവിനെ കടന്നുപിടിച്ചു.
പെട്ടെന്നുള്ള അക്രമണത്തിൽ നില തെറ്റിയ അവൻ നിലത്തേക്ക് വീണു.
ശംഭുവിനെ ആക്രമിക്കാൻ ഒരുങ്ങിയ
കറുത്ത് തടിച്ച ആ മനുഷ്യന്റെ കയ്യിൽ വീണ പിടുത്തമിട്ടു.ദേഷ്യം കൊണ്ട് കണ്ണു ചുവന്ന അയാൾ വീണയെ കുടഞ്ഞെറിഞ്ഞു.ഒപ്പം അയാളുടെ ബലിഷ്ടമായ കൈ അവളുടെ മുഖത്തുപതിഞ്ഞു.വേച്ചു പോയ വീണ നിലത്തേക്ക് വീണു.
വന്ന ഗുണ്ടകളിൽ ഒരാൾ ശംഭുവിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു.വലിച്ചിഴച്ച്
അവനെ പുറത്തേക്ക് കൊണ്ടുവന്നു.