ഷജ്നയുടെ അത്യന്തം ആകുലതയേറിയ ചോദ്യത്തിന് പാതിയിൽ നിർത്തിയ ഒരു നെടുവീർപ്പിനാൽ സാവിത്രി മറുപടി പറഞ്ഞൊപ്പിച്ചു.
“ദേവ്യേ ദേവീ വാതില് തുറക്ക് മെഹ്റിനാണ്”
ഷജ്നയുടെ ശബ്ദം കേട്ട് വാതിൽ തുറന്ന ദേവികയുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു.
ഒരു നിമിഷം ഷജ്നയെ നിർവ്വികാരയായി നോക്കി നിന്ന ദേവിക പെട്ടെന്ന് വാതിൽ കുറ്റിയിട്ട് കെട്ടിപ്പിടിച്ചൊന്ന് പൊട്ടിക്കരഞ്ഞു.
“എന്ത് പറ്റി ന്റെ തമ്പുരാട്ടിക്ക്?”
“ഷാജൂ ഞാനിനി അങ്ങോട്ട് പോണില്ല!”
“ഹേയ് കരയല്ലെ കാണാനുള്ള ശക്തിയില്ലെനിക്ക് നീ എന്താന്ന് പറയ്”
“അയാൾ ഒരു മനുഷ്യനേയല്ല, സ്വന്തം അമ്മയും ഞാനും അയാൾക്ക് ഒരു പോലാ!”
ഷജ്ന സ്തംഭിച്ചു പോയി!
“സത്യാണോ”
“ഉം..,ഈ കണ്ണോണ്ട് കണ്ടൂ ഞാൻ”
ദേവിക പിടിച്ചു നിൽക്കാനാവാതെ വീണ്ടും തേങ്ങി.
“സാരല്ലാ ന്റെ ദേവിക്ക് ഇതിലും നല്ല ആളെ കിട്ടും”
“നിക്കിനി അതൊന്നും തോന്ന്ണില്ല്യ”
അതിന് മറുപടി പിന്നീട് പറയുന്നതാവും നല്ലതെന്ന് ഷജ്നയ്ക്ക് തോന്നി.
ഷജ്നയവളെ മാറോട് ചേർത്ത് സമാശ്വസിപ്പിച്ചു.
അവളുടെ ഓരോ വിങ്ങലുകളെയും മുതുകിൽ തഴുകിയൊതുക്കുകയായിരുന്ന ഷജ്നയും ഉള്ള് പിടക്കുന്ന വേദന മറയ്ക്കാൻ പാട് പെട്ടു.
അവൾ ദേവികയെ മുടിയിൽ തഴുകി കവിളിൽ മിഴിനീർമുത്തം ചാർത്തി മാറോടണച്ചു.
എത്ര നേരം അങ്ങനെ നിന്നുവെന്നറിയില്ല.
ഷജ്ന പുറത്ത് വന്ന് സാവിത്രിയോട് കാര്യങ്ങൾ വിശദീകരിച്ചു.
അച്ഛനുമിതറിഞ്ഞപ്പോൾ പിന്നീടുണ്ടായ അതിമൂകത വീടിനെ നരകതുല്യമാക്കിയത് പോലെ തോന്നി ഷജ്നയ്ക്ക്.
യാത്ര പറഞ്ഞിറങ്ങാൻ നിന്ന ഷജ്നയോടൊന്നും പറയാതെ അദ്ദേഹം ഫോണെടുത്ത് സുഹറയ്ക്ക് വിളിച്ച് നടന്നതിന്റെ ഏകദേശരൂപമറിയിച്ചു.
“അത് കൊണ്ട് മോളിന്നിവിടെ നിൽക്കട്ടെ ന്റെ കുട്ടിക്കൊരാശ്വാസമാവുമല്ലോ ഞാൻ തോഴിമാരെ അങ്ങോട്ട് പറഞ്ഞയക്കാം ഒരു കൂട്ടിന്” എന്നും പറഞ്ഞ് മറുപടിക്ക് കാത്തു നിൽക്കാതെ റിസീവർ വെച്ചു.
ഷജ്ന ആരുമില്ലാതിരുന്ന സമയത്ത് ഉമ്മാക്ക് ഫോൺ ചെയ്തു.