തണുത്ത കാറ്റും… എല്ലാം കൊണ്ടും സുഖം!!!…
പ്രദക്ഷിണം പൂര്‍ത്തിയാക്കി ആനക്കൊട്ടിലില്‍ വന്നിരുന്നു… ദേവസ്വം കെട്ടിടത്തിലിരുന്ന് ഏതോ ഒരു സ്വാമി ചുറ്റുമുള്ള കുറച്ചു ഭക്തര്ക്കായി പ്രസംഗിക്കുന്നു…. ഗീതാ ക്ലാസ് ആണോ മതപ്രഭാഷണം ആണോ എന്നറിയില്ല. മൈക്ക് ഒന്നുമില്ല. എങ്കിലും അത്യാവശ്യം കേള്‍ക്കാന്‍ പറ്റുന്നുണ്ട്… ലളിതമായ ഭാഷയും ആശയങ്ങളും.. വിനോദ് കേട്ടിരുന്നു…
കുറച്ചുനേരം കഴിഞ്ഞപ്പോള്‍ സീത നടന്നുവന്ന് അവന്‍റെ അരികില്‍ ഇരുന്നു… സെറ്റുടുത്തപ്പോള്‍ പെണ്ണിന്‍റെ ഭംഗി ഇരട്ടിയായപോലെ….
“ഏട്ടാ.. പ്രസാദം കിട്ടാന്‍ കുറച്ചു സമയം എടുക്കും ട്ടോ….”
“അതിനെന്താ?… ഇവിടിരിക്കാം.. നല്ല സുഖം…. കിച്ചു എവിടെ?” വിനോദ് തിരക്കി..
“വാരസ്യാരുടെ അടുത്തിരുന്ന് മാലകെട്ടാന്‍ പഠിക്കുന്നുണ്ട്… ഹി ഹി…” സീത ചിരിച്ചു…
പതിയെ അവരുടെ ശ്രദ്ധ തൊട്ടപ്പുറത്ത് നടക്കുന്ന പ്രഭാഷണത്തില്‍ ആയി…
“സ്വര്‍ഗ്ഗോം നരകോം ഒക്കെ ഇവിടെത്തന്നെ… കര്‍മ്മഫലം അനുഭവിച്ചു തീരും വരെ പിറവി എടുത്തുകൊണ്ടേയിരിക്കണം… ശരീരമാകുന്ന വസ്ത്രം ഉപേക്ഷിച്ച്, ഉറങ്ങിയെണീറ്റു കുളിച്ചു ശുദ്ധമായി, പുതിയവസ്ത്രമെടുത്തണിഞ്ഞു വീണ്ടും കര്‍മ്മത്തിന് ഇറങ്ങണം.. ഏല്‍പ്പിച്ചിരിക്കുന്ന ജോലി എന്തെന്ന് വ്യക്തമായി പറഞ്ഞു തരില്ല… മുമ്പില്‍ കാണുന്നതിലേതുമാവാം. ചിലപ്പോള്‍ എല്ലാമാവാം… അതു കണ്ടെത്തി ചെയ്തുകഴിഞ്ഞാ മോക്ഷം… ആത്മാവ് പരബ്രഹ്മത്തില്‍ ലയിക്കും… പിന്നെ വീണ്ടും ജനനം ഇല്ലാ എന്നാണു വിശ്വാസം..“
സ്വാമി പ്രസന്നമായ മുഖത്തോടെ തെളിമയുള്ള സ്വരത്തില്‍ ചുറ്റും ഉള്ളവര്‍ക്ക് പറഞ്ഞു കൊടുക്കുന്നു… അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു…
അരയാലിലകളില്‍ കാറ്റുപിടിക്കുന്ന സ്വരം… പാടത്തു നിന്നും വീശുന്ന കാറ്റും, ചാഞ്ഞ വെയിലും… ഒരു കറുമ്പന്‍ അമ്പലപ്പ്രാവ് ഇണക്കൊപ്പം മണലില്‍ കൊത്തിപ്പെറുക്കി നടക്കുന്നു… വിനോദിന് ഉറക്കം വരുന്നതുപോലെ തോന്നി…
“ഭൌതികസുഖങ്ങള്‍ ആഗ്രഹിക്കുന്നതും ആസ്വദിക്കുന്നതും ഹൈന്ദവവിശ്വാസം വിലക്കുന്നില്ല… പുരുഷാര്‍ത്ഥങ്ങളില്‍ മൂന്നാമത്തേതാണ് കാമം. കാമനകള്‍ പൂര്‍ത്തിയാവാതെ മോക്ഷം സാധ്യമല്ല എന്നും ഒരു വിധിയുണ്ട്.. ന്ന് വെച്ചാ ധര്‍മ്മത്തില്‍ അധിഷ്ടിതമായ കാമം ആണുട്ടോ… അല്ലാണ്ട് മറ്റുള്ളവന്റെ പുരയില്‍ കയറിയുള്ള കാമമല്ല..”
അതുകേട്ടപ്പോള്‍ വിനോദിന്‍റെ ഉറക്കം പോയി… സ്വാമി കൊള്ളാമല്ലോ?…. ഇതുതന്നെയല്ലേ തന്‍റെയും തിയറി??…
“അവനവന്‍റെ മനസ്സിലെ ഇഷ്ടങ്ങള്‍.. സുഖാനുഭവങ്ങള്‍.. അതു രതിയായാലും, ഭക്ഷണം ആയാലും, യാത്രയായാലും, അങ്ങനെ എന്തു തന്നേ ആയാലും.. അധര്‍മ്മം അല്ലാത്തിടത്തോളം, അതു നേടിയെടുക്കുന്നത് മോക്ഷപ്പ്രാപ്തിക്കുതകും എന്നാണു ശാസ്ത്രം.. ”
അപ്പറഞ്ഞത് പോയിന്‍റ്.. കൊട് കൈ.. വിനോദ് സീതയുടെ മുഖത്തു നോക്കി..