വൈകിട്ട് വീട്ടിൽ ചെന്നപ്പോൾ കിച്ചുവിന് ചെറിയ പനി…. അസുഖം വന്നാൽ അവന് അമ്മയേ അടുത്ത് വേണം…. അല്ലാതെ സമ്മതിക്കില്ല…. തുമ്മല്, ജലദോഷം, വാശി, വിശപ്പില്ലായ്മ്മ അങ്ങനെ എല്ലാം ഉണ്ടായിരുന്നു….
രാത്രി കിടക്കും മുന്പ് ടെമ്പറേച്ചർ നോക്കിയപ്പോൾ നൂറ്റിയൊന്നു ഡിഗ്രീ കണ്ടു… സീത അപ്പോൾ തന്നേ പാരാസിറ്റമോൾ കൊടുത്തു.. ഒപ്പം ആന്റിഹിസ്റ്റമിനും… പിന്നെ അവനെ കെട്ടിപിടിച്ചു കിടന്നുറങ്ങി…
ഹരിക്കവൾ കാര്യം പറഞ്ഞ് ഒരു മെസേജ് ഇട്ടിരുന്നു….
പിറ്റേന്ന് കാലത്തും കുഞ്ഞിന് പനി കുറഞ്ഞില്ല….. അവർ സമയം പാഴാക്കാതെ കാലത്ത് തന്നേ അവനെയും കൊണ്ട് ആശുപത്രിയിൽ പോയി….
സുജയാ ഹോസ്പിറ്റലിലേ പീഡിയാട്രീഷ്യൻ ഡോക്ടർ ജോൺസണെയാണ് പണ്ടുതൊട്ടേ കിച്ചുവിനെ കാണിക്കുന്നത്… സീതയുടെ ഡെലിവറിയും അവിടെത്തന്നെയായിരുന്നു.. അവൾക്കൊപ്പം സ്കൂളിൽ പഠിച്ച അഞ്ജലി അവിടെ ഗൈനക്കോളജിസ്റ്റാണ്…..
അഞ്ജലി സീതയുടെ സഹപാഠിയും, ഗൈനക്കോളജിസ്റ്റും, ഒപ്പം ആത്മമിത്രവുമാണ്… വർഷങ്ങൾക്കിപ്പുറവും സ്കൂൾ കാലഘട്ടത്തിലെ എടീ-പോടീ ബന്ധം കാത്തുസൂക്ഷിക്കുന്ന സുഹൃത്തുക്കൾ ….
“വൈറൽ ഫീവറാണ്…. രണ്ടു മൂന്നു ദിവസം എന്തായാലും പനിക്കും. തൽക്കാലം ചെസ്റ്റ് ഒക്കെ ക്ലിയറാ…. തൽക്കാലം ഡോളോപ്പാറും ടിമിനിക്കും കൊടുത്താ മതി… മൂന്നു ദിവസം കഴിഞ്ഞു വാ.. അന്നേരം നോക്കീട്ടു വേണമെങ്കിൽ മാത്രം നമുക്ക് ആന്റിബയോട്ടിക്സ് കൊടുക്കാം….” നരച്ച താടി തടവിക്കൊണ്ട് ഡോക്ടർ പറഞ്ഞു…
വിനോദ് ഫാർമസിയിൽ മരുന്ന് വാങ്ങാൻ കയറിയപ്പോൾ സീത കിച്ചുവിനെയും കൊണ്ട് വെയിറ്റിങ് ഏരിയയിൽ ഇരിക്കുകയായിരുന്നു… അപ്പോഴാണ് കിച്ചു ഉച്ചത്തിൽ പറഞ്ഞത്..
“അമ്മേ ദേ …. അഞ്ചുവാന്റി…………..”
ഓപ്പിയിലേ തിരക്ക് ഒതുങ്ങിയപ്പോൾ റൌണ്ട്സിനിറങ്ങിയ ഡോക്ടർ അഞ്ജലിയെ ചൂണ്ടിയായിരുന്നു അവനത് പറഞ്ഞത്…. അഞ്ജലിയുടെ മകൾ ആരതി കിച്ചുവിന്റ്റെ സ്കൂളിൽ തന്നെയാണ് പഠിക്കുന്നത്..
“ങ്ങേ??… എന്താടീ ഇവിടെ??…..” അഞ്ജലി അവർക്കരികിലേക്ക് വന്നു….
“ഇവനൊരു പനി … ഒന്നു കാണിച്ചേക്കാമെന്ന് കരുതി…” അഞ്ജലിയുടെ കൈ പിടിച്ചുകൊണ്ട് സീത പറഞ്ഞു….
“കള്ളപ്പനിയാണോടാ??…. “ അഞ്ജലി കിച്ചുവിന്റ്റെ തലയിൽ തലോടിക്കൊണ്ട് ചോദിച്ചു…
“അല്ലാന്റീ…. തുമ്മലൊക്കെയൊണ്ട്….. “ കിച്ചു മൂക്ക് ചീറ്റിക്കൊണ്ട് പറഞ്ഞു……
“ഓ… തുമ്മലൊക്കെ ഉണ്ടെങ്കി ശരിക്കും പനികാണും….. ഹ ഹ….” അവന്റെ മറുപടി കേട്ട അഞ്ജലിയും സീതയും ചിരിച്ചു…