“ലീവ് ഡേ ഞാൻ കുളമാക്കിയോ?”, മായ ചോദിച്ചു.
“ഹേയ്യ്, എനിക്കൊരു പ്ലാനും ഇല്ലായിരുന്നു”
പിറ്റേന്ന് എല്ലാവരും കൂടി ആണ് എക്സാം എഴുതാൻ പോയത്. ഞാൻ ഒരു കാബ് വിളിച്ചോളാം എന്ന് വൈഫ് പറഞ്ഞെങ്കിലും ഒന്ന് കൊണ്ടോവാമോ എന്നുള്ള ചോദ്യം അവളുടെ കണ്ണിൽ വലിയക്ഷരത്തിൽ തന്നെ എഴുതി വച്ചിരുന്നത് കൊണ്ട് ഞാൻ അവരെയും കൊണ്ട് എക്സാമിന് പോയി. സെൻ്ററിൽ നിന്ന് അല്പം ദൂരെ ആണ് പാർക്കിങ്ങ് കിട്ടിയത്. ഞാൻ അവരെ സെൻ്ററിനു മുന്നിൽ ഇറക്കിയിട്ട് പാർക്ക് ചെയ്ത് ലൊക്കേഷൻ സൗമ്യയ്ക്ക് അയച്ചു കൊടുത്തു. സീറ്റ് പിന്നോട്ട് നിവർത്തിവച്ച് കിടന്നു. ഫോണിൽ ഒരു പുസ്തകം വായിക്കാൻ തുടങ്ങി. അരമണിക്കൂർ കഴിഞ്ഞാണ് സൗമ്യ എത്തിയത്. അവൾ എക്സാമിന് കയറി. അവൾ കാറിൽ കയറി ഇരുന്ന് സംസാരിക്കാൻ തുടങ്ങി.
“സംയക്..”, ഓ ഓ, ഇത് സീരിയസ്സ് ആണെന്ന് തോന്നുന്നു. ഫുൾ പേര് പൊതുവേ അവളുടെ വായിൽ വരാറില്ല.
“എന്താ?”
“എന്തിനാ ഇങ്ങനെ മസിലുപിടിച്ചിരിക്കുന്നത്?”
“ഞാനോ! എപ്പോ?”
“വീക്കെൻഡ് പോയതിൻ്റെ വിഷമമാണോ?”
“ഞാനൊന്നും പറഞ്ഞില്ലല്ലോ അതിന്!”
“അത് തന്നെയാണ് പ്രശ്നവും”
“സൗമ്യാ, നീ ചുമ്മാ..”
“എനിക്കായി കുറ്റം. എൻ്റെ ആകെയുള്ള ഒരു ക്ലോസ് ഫ്രണ്ടാ അവൾ..”
“എടീ ഞാൻ ഒന്നും പറഞ്ഞില്ലല്ലോ. ഞാൻ നിങ്ങളേം കൂട്ടി വന്നില്ലേ? എനിക്കൊരു കുഴപ്പവും ഇല്ല”
“കണ്ടാലും പറയും”
“അത് നീ ഇന്നലെ രാത്രി എണീറ്റ് വരാഞ്ഞതിൻ്റെയായിരിക്കും”
“പിന്നേ, പോത്ത് പോലെ പകല് കിടന്നുറങ്ങിയതല്ലേ, എനിക്കിതൊന്നും ഇല്ലല്ലോ”
“ഞാൻ മൂഡൊന്ന് ലൈറ്റാക്കാൻ ഒരു തമാശ പറഞ്ഞതാ. നീയിപ്പോ എൻ്റെ തമാശയ്ക്കൊന്നും പഴയപോലെ ചിരിക്കുന്നില്ല കേട്ടോ”
“അതേ, അതുപോലെ ആണല്ലോ ആളുകൾ മാറുന്നത്”
“സൗമ്യാ !”
ഏതാണ്ട് ഒരു മണിക്കൂറത്തെ വാഗ്വാദം കഴിഞ്ഞപ്പോൾ അവൾ സീറ്റിൽ പുറത്തോട്ട് നോക്കി ഇരിക്കാൻ തുടങ്ങി. ഞാൻ കാറിൽ നിന്നിറങ്ങി അല്പ ദൂരം നടന്നു. പിന്നെ തിരികെയും. പരീക്ഷ കഴിഞ്ഞ് മായ വിളിച്ചപ്പോൾ ഉച്ചയായിരുന്നു. ഞാൻ വണ്ടിയിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ അവളോട് ചോദിച്ചു,
“സൗമ്യാ, നമ്മൾക്ക് ഭക്ഷണം കഴിച്ചിട്ട് പോയാൽ പോരേ?”