“വെള്ളിയാഴ്ചയോ ശനിയാഴ്ചയോ വൈകിട്ട് ഒന്ന് പുറത്തും പോകാമായിരുന്നു. അവൾക്ക് എന്തേളും വാങ്ങിക്കൊടുക്കാൻ”
“ആയിക്കോട്ടേ”
വീക്കെൻഡ് തകർന്നതിൻ്റെ വിഷമത്തിൽ പിറ്റേന്ന് പകൽ ഇഴഞ്ഞാണ് നീങ്ങിയത്. വൈകുന്നേരവും വലിയ മൂഡൊന്നും ഇല്ലായിരുന്നു. പിറ്റേന്ന് രാവിലെ ഭാര്യ വിളിച്ചെണീപ്പിച്ചപ്പോൾ ദേഷ്യവും തോന്നി. ഒന്നും പറയാതെ പോയി കാറെടുത്ത് വന്നു. ഭാര്യയെയും കൂട്ടി സ്റ്റേഷനിൽ പോയി കാത്ത് നിന്നു.
മായ ദൂരെനിന്നേ ഞങ്ങളെ കണ്ടെന്ന് തോന്നുന്നു. ഓടി വന്ന് ഭാര്യയെ കെട്ടിപ്പിടിച്ചു. എനിക്ക് ഷേക്ക് ഹാൻഡ് തന്നു. ഞാൻ ഒരു ഹലോ പറഞ്ഞു.
“കുറച്ച് തടിച്ചിട്ടുണ്ട് കേട്ടോ”, അവൾ എന്നോട് പറഞ്ഞു.
“അതേയതേ..”, ഞാൻ ചിരിച്ചു.
പ്രതീക്ഷിച്ചിരുന്ന മറുപടി അല്ലാഞ്ഞതിനാലാവണം, അവൾ ഒന്നുകൂടെ മുഖത്ത് നോക്കി. ഞാൻ അവളുടെ ബാഗ് എടുത്ത് മുന്നിൽ നടന്നു. ഭാര്യ അവളെ കണ്ടതിൽ വലിയ സന്തോഷത്തിൽ ആയിരുന്നു. സൗമ്യേച്ചീന്ന് വിളിച്ച് എപ്പോളും പിന്നാലെ നടക്കുമായിരുന്നെന്നാണ് പറഞ്ഞത്.
വീട്ടിലെത്തിയ ഉടനേ അവൾ ഫ്രെഷ് ആകാൻ പോയി. ഞാൻ സൗമ്യയെ വിളിച്ചു, “അതേ, ഞാൻ അപ്പുറത്തെ റൂമിൽ കിടന്നോളാം. എനിക്ക് വർക്കും ചെയ്യാമല്ലോ. നിങ്ങൾ ബെഡ്‌റൂം എടുത്തോ.. മിണ്ടീം പറഞ്ഞും ഒക്കെ ഇരിക്കാമല്ലോ”
“അതേ, മിണ്ടാനും പറയാനും ഒക്കെ എനിക്ക് ഇങ്ങനെ വലപ്പളും അല്ലേ പറ്റൂ”
“യാ യാ, നിന്നോട് മിണ്ടാനും പറയാനും ഒക്കെ നിന്നാൽ.. യൂ നോ..”
“ഉം”
“രാത്രി ഏകാന്തത വല്ലതും തോന്നിയാൽ എണീറ്റ് വന്നാ മതി”
“ഓ, പിന്നെ”
ഞാൻ പോയി ഗസ്റ്റ് റൂമിൽ കട്ടിലിൽ കയറി കിടന്നു. രാവിലെ എണീറ്റത്കൊണ്ട് ഉറങ്ങിപ്പോയി. കുറേ കഴിഞ്ഞ് എണീറ്റപ്പോൾ മായ ബെഡ് റൂമിൽ ഉറങ്ങുന്നുണ്ടായിരുന്നു. വൈഫ് അടുക്കളയിലും.
“ഓ, എണീറ്റോ, ബ്രേക്ക് ഫാസ്റ്റ് ടേബിളിലുണ്ട്”
“ഞാൻ പല്ലുതേച്ചായിരുന്നോ?”
“ആ, ആർക്കറീയാം, വേണേൽ ഒന്നൂടെ തേയ്ക്ക്”
“ഓ, നാല് ഇഡ്ഡലി തിന്നാൻ ഞാനിനി പല്ല് തേക്കാം”
“ആറെണ്ണം ഉണ്ട്”
“ആണോ, എന്നാൽ തേച്ചേക്കാം”
ബ്രേക്ക് ഫാസ്റ്റും കഴിഞ്ഞ് മറ്റൊന്നും ചെയ്യാനില്ലാതിരുന്നതിനാൽ ഞാൻ ജോലി ചെയ്യാനിരുന്നു. പകലൊന്നും മായയെ കാര്യമായി കണ്ടില്ല. ഇടയ്ക്ക് അതുവഴി പോയപ്പോൾ പുസ്തകവുമായി ഇരുന്ന് പഠിക്കുന്നത് കണ്ടു. വൈകിട്ട് എല്ലാവരും കൂടി അടുത്തുള്ള ഒരു റെസ്റ്ററൻ്റിൽ പോയി ഭക്ഷണം കഴിച്ചു.