സാംസൻ 8 [Cyril]

Posted by

“കഴിഞ്ഞ മാസം തുടക്കത്തിലോ…?” ഞാൻ പിന്നെയും വായ് പൊളിച്ചു. “ഈ മാസം കഴിയാന്‍ വെറും രണ്ട് ദിവസമേയുള്ളു. അപ്പോ രണ്ടു മാസം ആയിട്ടും ഞാൻ ഇതുവരെ ഒന്നും അറിഞ്ഞില്ലല്ലോ…?” കുറ്റപ്പെടുത്തി ഞാൻ പറഞ്ഞതും ജൂലി വിഷമിക്കുന്നത് കണ്ടു. “എനിക്ക് ഒന്നും മനസ്സിലാവുന്നില്ല. ഇതു വല്ല തമാശയും ആണോ..? നി കാര്യം തെളിച്ചു പറ എന്റെ ജൂലി.”

“ദീപ്തിയെ ചേട്ടന് അറിയാമല്ലോ, അല്ലേ…?!”

“അറിയാം. അതിനിപ്പോ എന്താ…?”

“മൂന്ന്‌ മാസം കൂടി കഴിഞ്ഞാൽ ദീപ്തി ആസ്ത്രേലിയയിലുള്ള അവളുടെ വല്യമ്മയുടെ അടുത്തേക്ക് പോകും, അവിടെ നിന്ന് പഠിക്കാനായി. സാന്ദ്രയും അവളുടെ കൂടെ പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.”

“എന്റെ ജൂലി, സാന്ദ്ര മാത്രം തീരുമാനിച്ചാല്‍ വെറുതെ അങ്ങനെ പോകാൻ കഴിയുമോ…? അവിടെ പോകാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് നിനക്ക് അറിയില്ലേ…?”

“എല്ലാം എനിക്ക് അറിയാം, സാമേട്ട. ദീപ്തിയുടെ വല്യമ്മ സാന്ദ്രയ്ക്കും എല്ലാം ശെരിയാക്കി കൊടുമെന്ന് ഏറ്റിട്ടുണ്ട്.”

“ഇതൊക്കെ സാന്ദ്രയാണോ നിന്നോട് പറഞ്ഞത്.”

ഞാൻ ചോദിച്ചത്‌ കേട്ട് ജൂലി ഒന്ന് മടിച്ചു. എന്നിട്ട് കുറ്റബോധത്തോടെ എന്നെ നോക്കിയ ശേഷം എന്റെ മടിയില്‍ നിന്ന് എഴുനേറ്റ് ബെഡ്ഡിൽ എന്റെ അടുത്തായി ഇരുന്നു.

“സാന്ദ്ര എങ്ങനെയും അങ്ങോട്ട് പോണം എന്ന വാശിയിലാണ്. കൂടാതെ ദീപ്തിയുടെ വല്യമ്മ കഴിഞ്ഞ മാസം മമ്മിയോടും എന്നോടും ഫോണിൽ വിളിച്ച് ഇക്കാര്യത്തെപ്പറ്റി സംസാരിക്കുകയുണ്ടായി.”

അതുകേട്ട് എനിക്ക് ശെരിക്കും സങ്കടം ഉണ്ടായി. ദേഷ്യവും വിഷമവും എല്ലാം എന്റെ മനസ്സിൽ നിറഞ്ഞു. ഇത്രയും പ്രധാനപ്പെട്ട കാര്യങ്ങളെ എന്നില്‍ നിന്നും മറച്ചു പിടിച്ചു എന്ന സങ്കടത്തോടെ ഞാൻ ജൂലിയുടെ കണ്ണില്‍ നോക്കി. എന്റെ നോട്ടത്തെ നേരിടാന്‍ കഴിയാതെ ജൂലി വിഷമത്തോടെ തല കുനിച്ചു.

ഒന്നും സംസാരിക്കാന്‍ കഴിയാതെ ഞാൻ വെറുതെ ഇരിക്കുകയാണ് ചെയ്തത്. കുറച് കഴിഞ്ഞ് ജൂലി എന്റെ മുഖത്തേക്ക് നോക്കി.

“ദീപ്തിയുടെ വല്യമ്മയും വല്യച്ചനും ആസ്ത്രേലിയന്‍ സിറ്റിസന്‍സ് ആണ്. അവിടെ അവരുടെ വീടുമായി ചേര്‍ന്ന് അവരുടെ ഗസ്റ്റ് ഹൌസ് ഒരെണ്ണം ഉണ്ട്. ദീപ്തിയും സാന്ദ്രയും അവിടെ താമസിച്ചു പഠിക്കും. ഭക്ഷണവും അവർ തന്നെ കൊടുക്കും. ഫീസ് മാത്രം നമ്മൾ കൊടുത്താല്‍ മതി.”

Leave a Reply

Your email address will not be published. Required fields are marked *