ഒടുവില്‍ ദേവിയും അവളുടെ ഗ്ലാസുമായി ആന്റിയുടെ അടുത്ത് പോയിരുന്നു.
ഞാൻ അറിയില്ല എന്ന വിചാരത്തിൽ ഇടക്കിടക്ക് ദേവി കൺകോണിലൂടെ എന്റെ മേല്‍ നോട്ടം എറിഞ്ഞു കൊണ്ടിരുന്നു. നേരിട്ട് മുഖത്ത് നോക്കാൻ മാത്രം അവള്‍ കൂട്ടാക്കിയില്ല. പിന്നെ ഞാൻ വന്ന സമയത്ത് അവളുടെ മുഖത്ത് കണ്ട വാട്ടം ഇപ്പോൾ ഇല്ലായിരുന്നു. നേര്‍ത്ത പുഞ്ചിരിയും നേരിയ സന്തോഷവും മുഖത്ത് വിടരുമ്പോൾ അവള്‍ അതിനെ മറയ്ക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.
“പിന്നേ സാം മോനെ..?” ആന്റി എന്നെ വിളിച്ച് എന്റെ ശ്രദ്ധയെ ആകര്‍ഷിച്ചു.
ഞാൻ ആന്റിയെ നോക്കി… ദേവിയും സോഫയിൽ ചെരിഞ്ഞിരുന്നു കൊണ്ട് ആന്റിയുടെ മുഖത്തേക്ക് നോക്കി.
“ഇന്നലെ നിന്റെ കൂട്ടുകാരന്‍റെ വിവാഹ വാര്‍ഷിക പാര്‍ട്ടി അല്ലെ നടന്നത്..? പിന്നെ എന്തുകൊണ്ടോ നി മദ്യം കഴിച്ചില്ല…?” ആന്റി ചോദിച്ചു.
“സത്യത്തിൽ വാര്‍ഷികത്തിന്റെ ഫങ്ക്ഷൻ കഴിഞ്ഞിട്ടാണ് ഞങ്ങൾ മൂന്ന് കൂട്ടുകാരുടെ മദ്യ സേവ പ്ലാൻ ചെയ്തിരുന്നത്. എന്നാൽ ഫങ്ക്ഷൻ തുടങ്ങിയത് തൊട്ടേ ചെറിയച്ചെറിയ ഇടവേളകൾ വിട്ട് എന്റെ രണ്ട് കൂട്ടുകാരും ചിലരെയൊക്കെ കൂട്ടിക്കൊണ്ടു പോയി വെള്ളമടിക്കലും തിരികെ വരവും തുടർന്ന് കൊണ്ടിരുന്നു. അവസാനം പാര്‍ട്ടി കഴിഞ്ഞപ്പോഴേക്കും അവരുടെ ബോധവും നഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് ഞാൻ കുടിച്ചില്ല.”
അത്രയും പറഞ്ഞിട്ട് ഞാൻ ഫ്രൂട്ട് സർബത്ത് സ്പ്പൂണിൽ കോരി കുടിക്കാന്‍ തുടങ്ങി. ആന്റിയും ദേവിയും എന്നെ അനുകരിച്ചു.
“സർബത്ത് അടിപൊളിയാണ്, കേട്ടോ…!!” ദേവിയെ ഞാൻ പുകഴ്ത്തിയതും അവള്‍ എന്റെ കണ്ണില്‍ നോക്കി പുഞ്ചിരിച്ചു.
അവളുടെ കണ്ണില്‍ കുഞ്ഞ് നാണവും വിരിഞ്ഞു. സന്തോഷവും മിന്നി മറഞ്ഞു.
“അപ്പോ മദ്യം കുടിക്കാന്‍ നീയും അവരോട് കൂടാത്തതെന്തേ…?” ആന്റി ചോദിച്ചു.
“സാമേട്ടന് മദ്യം അത്ര ഇഷ്ട്ടമല്ല, അമ്മേ. ചെത്തു കള്ള് ഒരു കുടം വേണേലും ചേട്ടൻ കുടിക്കും.” കളിയാക്കും പോലെ ദേവി പറഞ്ഞിട്ട് ചിരിച്ചു.
അതിനുശേഷമാണ് എന്നോട് അവള്‍ പിണക്കത്തിൽ ആയിരുന്ന കാര്യം ഓര്‍ത്ത പോലെ ചുണ്ട് കോട്ടിയത്. ആ ഭാവം കണ്ടപ്പോ അവള്‍ക്ക് ഉമ്മ കൊടുക്കാൻ തോന്നിപ്പോയി.
“അപ്പോ ആ കള്ളി വിനില എന്നെ കുറിച്ച് എല്ലാം നിന്നോട് ഒറ്റിയല്ലേ….?!” ഞാൻ ചോദിച്ചതും ദേവി പിണക്കം മറന്ന് ചിരിച്ചു. ആന്റിയും പൊട്ടിച്ചിരിച്ചു.