“കഴിഞ്ഞ ദിവസം അവള്‍ സ്കൂളിൽ നിന്നും വരുമ്പോഴെ മുഖം അങ്ങനെയായിരുന്നു. ചോദിച്ചപ്പോ ഒന്നുമില്ല എന്ന് പറഞ്ഞിട്ട് രാത്രി അവള്‍ പട്ടിണി കിടന്നു… രാവിലെ കുരുവിക്ക് വേണ്ടത്ര മാത്രമാ കഴിച്ചേ, കഴിച്ചു എന്ന് എന്നെ ബോധിപ്പിക്കാൻ വേണ്ടി… കഴിഞ്ഞ ദിവസം തൊട്ടേ അവള്‍ക്ക് ഒരു ഉന്‍മേഷവും ഇല്ലതാനും. പ്രശ്നം എന്താന്ന് ഞാൻ പലയാവര്‍ത്തി ചോദിച്ചു കഴിഞ്ഞു… ഒന്നുമില്ലെന്ന മറുപടി മാത്രമാ കിട്ടിയത്.” ആന്റി വിഷമത്തോടെ പറഞ്ഞു.
“സ്കൂളിൽ ജോലി ടെൻഷൻ എന്തെങ്കിലും ആവും… അത് മാറിക്കോളും, ആന്റി വെറുതെ വിഷമിക്കേണ്ട.” ഞാൻ സമാധാനിപ്പിച്ചു.
“എടാ സാം മോനെ, അവളോട് നീ തന്നെ കാര്യം ചോദിച്ചു നോക്ക്… ഏറെക്കുറെ അടുത്തടുത്ത പ്രായക്കാരല്ലേ നിങ്ങൾ രണ്ടും… അതുകൊണ്ട് അവള്‍ നിന്നോട് തുറന്ന് സംസാരിക്കും. പിന്നെ എന്റെ മുന്നില്‍ വച്ചൊന്നും നി ചോദിക്കേണ്ട, ട്ടോ…!”
“അയ്യോ ആന്റി, ഞാൻ പുറത്തുള്ളവനാണ്… ഞാൻ അവളോട് ചോദിക്കുന്നത് മോശമല്ലേ… അവള്‍ മുഖത്തടിച്ച പോലെ എന്റെ പണിയും നോക്കി പോകാൻ പറഞ്ഞാല്‍ എനിക്ക് പിന്നെ അവളുടെ മുഖത്ത് നോക്കാന്‍ പോലും കഴിയാതാവും…!” എന്റെ ആശങ്ക ഞാൻ അറിയിച്ചു.
“അതൊന്നും നി പേടിക്കേണ്ട, അവള്‍ അങ്ങനെ ഒന്നും നിന്നോട് സംസാരിക്കില്ല.” ആന്റി ഉറപ്പിച്ച് പറഞ്ഞു.
അപ്പോൾ ഞാൻ ആന്റിയെ ചോദ്യ ഭാവത്തില്‍ നോക്കി.
“വിനില മോൾടെ കൂടെ ആദ്യമായി നി ഇവിടെ വന്നിട്ട് പോയ ശേഷം ദേവി നിന്നെ കുറിച്ച് നല്ലത് മാത്രമേ എന്നോട് പറഞ്ഞിട്ടുള്ളൂ. ദേവിയും വിനിലയും ഒരേ കോളേജിൽ പഠിക്കുന്ന സമയത്തേ നിന്നെ കുറിച്ച് വിനില അവളോട് എല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ട് എന്നാ ദേവി എന്നോട് പറഞ്ഞിട്ടുള്ളത്. കൂടാതെ എപ്പോഴും നിന്നെ കുറിച്ച് അവർ ചർച്ച ചെയ്യാറുണ്ട് പോലും. നിന്നെ കുറിച്ച് ദേവിക്ക് നല്ല അഭിപ്രായം മാത്രമേയുള്ളു. കിട്ടിയാല്‍ നിന്നെ പോലത്തെ ഒരു ഫ്രണ്ട് കിട്ടണം എന്നാണ് ഈയിടെയായി ദേവിയുടെ സംസാരം, നിന്നോട് അവള്‍ക്ക് ഭയങ്കര മതിപ്പാണ്.”
അത്രയും പറഞ്ഞ് ഒന്ന് നിര്‍ത്തിയ ശേഷം ആന്റി തുടർന്നു, “അതുകൊണ്ട് ദേവിയോട് നി കാര്യം ചോദിക്ക്, അവള്‍ തീർച്ചയായും നിന്നോട് തുറന്നു പറയും. ജോലി പരമായ പ്രശ്നങ്ങൾ ആണെങ്കിൽ സാരമില്ല. അവള്‍ സ്വയം കൈകാര്യം ചെയ്തോളും. പക്ഷേ വേറെ വല്ല പ്രശ്നം ആണെങ്കിൽ അതെനിക്ക് അറിയണം.”