“വിഷ്ണു കം ഫാസ്റ്റ്…… ഹിയർ is സം problems പ്ലീസ് കം ഫാസ്റ്റ് ”
അതായിരുന്നു ആ വോയ്‌സിൽ ഉള്ളത്.
ഭയന്ന് വിറച്ചുള്ള ജൂലിയുടെ ശബ്ദം കൂടിയായപ്പോൾ എനിക്ക് വല്ലാതെ ഭയം നിറയുവാൻ തുടങ്ങി കഴിഞ്ഞിരുന്നു.
എന്താണ് ചെയ്യേണ്ടത് എന്നോ എങ്ങനെ അവിടെ എത്രയും വേഗം എത്തുമെന്നോ മനസിലാവാതെ ഞാൻ ഭ്രാന്തു പിടിച്ചതുപോലെ ആ മുറിക്കകത്തുകൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുവാൻ തുടങ്ങി.
അപ്പോഴേക്കും സുഹൃത്തിനെ വിളിക്കാൻ ആയി പുറത്തേക്കിറങ്ങിയ ജിബിൻ തിരിച്ചെത്തി കഴിഞ്ഞിരുന്നു.
അവനെ കണ്ട ഉടനെ തന്നെ ഞാൻ അവനരികിലേക്ക് നടനനടുത്തു.
“ജിബി എന്തായി എനിക്ക് എത്രയും വേഗം തന്നെ അവിടെ എത്തണം ”
വെപ്രാളത്തോടെയുള്ള എന്റെ അവസ്ഥ മനസ്സിലാക്കിയത് കൊണ്ടാവാം എന്നെ ചേർത്തു പിടിച്ചുകൊണ്ടു തന്നെ അവൻ പറഞ്ഞു.
“ഏയ് വിഷ്ണു താൻ ടെൻഷൻ ആവണ്ട വണ്ടി ഇപ്പോൾ കൊണ്ടുവരും. താൻ പോയേച്ചും വാ കേട്ടോ.
പേടിക്കണ്ടടോ ഒന്നും സംഭവിക്കില്ല ”
അവന്റെ സംസാരത്തിൽ നിന്നും എനിക്ക് കുറച്ചു ആശ്വാസം കിട്ടിയിരുന്നു എങ്കിലും സംഭവിക്കാൻ പാടില്ലാത്ത എന്തോ ഒന്ന് സംഭവിച്ചിരിക്കുന്നു എന്ന് ഉള്ളിൽ നിന്നും ആരോ പറയുന്നത് പോലെ.
പത്തു മിനിറ്റിനകം ഒരു ചെറുപ്പക്കാരൻ കാറുമായി ഞങ്ങൾ താമസിക്കുന്ന ഹോട്ടലിൽ എത്തി. അവന്റെ കയ്യിൽ നിന്നും ജിബിൻ ചാവി വാങ്ങി എനിക്ക് തന്നുകൊണ്ട് പറഞ്ഞു.
“ദാ നീ പോയിട്ട് വാ 😊. തിരക്കൊന്നും കൂട്ടണ്ട ഒരു പ്രേശ്നവും ഉണ്ടാവില്ല കേട്ടോ.സമയം വൈകിക്കേണ്ട നീ ഇറങ്ങിക്കോ ”
അവന്റെ കയ്യിൽ നിന്നും ചാവിയും വാങ്ങി ആഷികിനോടും ഹബീബിനോടും കൂടെ പറഞ്ഞിട്ട് ഇറങ്ങാം എന്ന് കരുതി ഞാൻ മുറിയിലേക്ക് നടന്നു.
“നീ ഇതെങ്ങോട്ടേക്ക് ആണ് പോവുന്നെ?”
ഞാൻ തിരികെ നടക്കുന്നത് കണ്ട് ജിബിൻ എന്നോട് ചോദിച്ചു.
“അല്ല അവരോടു കൂടെ പറഞ്ഞിട്ട് പോവാം എന്ന് കരുതി ”