Rose [VAMPIRE]

Posted by

ആ രാത്രിവരെ അയാൾപോലുമറിയാതെ
അയാളെ അസ്വസ്ഥനാക്കുവാൻ ആ ചോദ്യം
പര്യാപ്തമായിരുന്നു…

രാത്രിയിൽ ഉറങ്ങാൻ ശ്രമിച്ചിട്ടും അയാൾക്കു
കഴിഞ്ഞില്ല.. ആ കുഞ്ഞിന്റെ മുഖവും ശബ്ദവും
അയാളുടെ മനസ്സിൽ വീണ്ടും വീണ്ടും
തെളിഞ്ഞുവന്നുകൊണ്ടിരുന്നു…

പിറ്റേന്നു പ്രഭാതമായി.. മുഖത്തടിക്കുന്ന സൂര്യന്റെ
തീക്ഷ്ണമായ പ്രകാശം കൊണ്ടെന്നപോലെ,
മാർട്ടിൻ ഞെട്ടിയുണർന്നു. സെല്ലിനുള്ളിലേയ്ക്ക്
എങ്ങനെ വിപരീതദിശയിൽ നിന്നു
പ്രകാശം വരുമെന്ന് ആശ്ചര്യപ്പെട്ടുകൊണ്ട്,
മാർട്ടിൻ സെല്ലിനു പുറത്തേയ്ക്കു നോക്കി…

അതവൾ തന്നെയാണ്… ഇന്നലെ തന്റെ നിദ്ര
നഷ്ടപ്പെടുത്തിയ അതേ കാന്താരി! തൊട്ടടുത്ത
സെല്ലിലെ അന്തേവാസിയുടെ കൈയിൽ
നിന്നും വാങ്ങിയ സ്റ്റീൽപാത്രം കൊണ്ട്
സൂര്യപ്രകാശം പ്രതിബിംബിപ്പിച്ച് മാർട്ടിന്റെ
മുഖത്തടിക്കുകയായിരുന്നു അവൾ….

“നോക്കണ്ട! ഞാന്തന്നെയാ?”

കുഞ്ഞിക്കൈകൾ രണ്ടും പിറകിൽ കെട്ടി
ഗൗരവത്തിൽത്തന്നെ അവളും നിന്നു.. മാർട്ടിൻ
തെല്ലൊരു സംശയത്തോടെ അവളെ നോക്കി…

“ഈയങ്കിളുമാത്രം കുഞ്ഞിക്കൊച്ചുങ്ങളോട്
മിണ്ടില്ലാന്നു കേട്ടു?”

ഒരു കാരണവരെപ്പോലെ അഭിനയിക്കുന്ന
അവളെക്കണ്ട് മാർട്ടിന് ചിരി വന്നു…

എത്രനാളുകൾക്കു ശേഷമാണ് അത്തരമൊരു
ചിരി താൻ ചിരിക്കുന്നതെന്ന് അയാളോർത്തു…
ബാല്യത്തിലെപ്പോഴോ തനിക്കു കൈമോശം വന്ന
ആ ചിരി…..

അയാൾ ഒന്നു നെടുവീർപ്പിട്ടുകൊണ്ട്, മുട്ടുകാൽ കുത്തി നിലത്തേയ്ക്കിരുന്നു..
സെല്ലിന്റെ അഴികളിൽ കൈകൾ രണ്ടും
പിടിച്ച്, ആ കുഞ്ഞുമാലാഖയെത്തന്നെ
ഉറ്റുനോക്കിക്കൊണ്ടിരുന്നു….

“ശരി ശരി.. ഒരു കാര്യം പറയാനുണ്ട്…”

തന്റെ രണ്ടു കൈകളും തന്റെ
മുഖത്തുവച്ചുകൊണ്ട് അവളുടെ നേരെ നോക്കി
ഒരു നിറചിരിയോടെ മാർട്ടിൻ ചോദിച്ചു…
“എന്താണാവോ?”

അവൾ തന്റെ കുഞ്ഞുടുപ്പിന്റെ പോക്കറ്റിൽ നിന്ന്
രണ്ടു കോലുമിഠായി എടുത്തു… മാർട്ടിൻ അന്തം
വിട്ടുനിന്നു…

“മിട്ടായി വേണോ?”

അവളുടെ ചോദ്യം കേട്ട് മാർട്ടിൻ പെട്ടെന്ന്
ചിന്തയിൽ നിന്നുണർന്നു…
അയാൾ വേണമെന്ന അർത്ഥത്തിൽ തലയാട്ടി.

Leave a Reply

Your email address will not be published. Required fields are marked *