കുറച്ച് ദിവസങ്ങൾക്കു മുൻപ്…
“അങ്കിൾ….”
ആ കുഞ്ഞുമനസ്സിന്റെ നിഷ്കളങ്കമായ ശബ്ദം
അയാളുടെ കർണ്ണപടങ്ങളിൽ അലയടിച്ചു…
ജയിലിന്റെ സെല്ലിനുള്ളിൽ കണ്ണടച്ചു
കിടന്നിരുന്ന മാർട്ടിൻ മെല്ലെ കണ്ണുതുറന്ന്,
അഴികൾക്കരികിലേയ്ക്കു വന്നു…..
അവിടെ അവൾ നിന്നിരുന്നു…..
അന്നവൾ കൂടുതൽ സുന്ദരിയായി കാണപ്പെട്ടു….
കാരണം അവൾ അന്നൊരു മനോഹരമായ വെള്ള ഉടുപ്പാണ് ഇട്ടിരുന്നത്….
ഒരു മാലാഖയെപ്പോലെ…
അവൾ തന്റെ ഉടുപ്പു വിരിച്ചുപിടിച്ച്, കൈയിൽ
ചെറിയൊരു മാന്ത്രികവടിയും പിടിച്ച്, തലയിൽ
ചെറിയൊരു കിരീടമൊക്കെ വച്ച് അങ്ങനെ
ചേലൊത്തൊരു മാലാഖക്കുഞ്ഞായി മുമ്പിൽ
നിൽക്കുകയാണ്…
“ഹല്ലാ! ഇതാരായിത്! മാലാഖയോ!”
“അതേലോ…”
റോസ്മോൾ മാലാഖ..ഹി..ഹി..
അവൾ ചിണുങ്ങി… അവളുടെ പുഞ്ചിരിയിൽ
തന്റെ എല്ലാ വേദനകളും വിദ്വേഷങ്ങളും
അപ്രത്യക്ഷമാകുന്നുവെന്ന് അയാൾക്കു തോന്നി…
“എങ്ങനേണ്ട് മാശേ.കൊള്ളാവോ…”
കുഞ്ഞിക്കാന്താരിയുടെ വല്യവർത്താനം കേട്ട്
അയാളുടെ ചുണ്ടിലൊരു ചിരിപൊട്ടി…
അയാൾ കൈകൂപ്പിക്കൊണ്ട് പറഞ്ഞു……
‘ഓ….കൊള്ളാമേ!’ അവൾ ചിരിച്ചു…..
“ഇതാരു വാങ്ങിത്തന്നതാ മോൾക്ക്?” അയാൾ
ആരാഞ്ഞു…..
“ടീച്ചേഴ്സിന്റെ ഗിഫ്റ്റാ.” അവൾ ആ ഉടുപ്പു വിരിച്ച്
വട്ടം കറങ്ങി നൃത്തം വെച്ചു.. അയാൾ അവളുടെ
പിന്നിലേയ്ക്കു നോക്കിക്കൊണ്ടു ചോദിച്ചു…
“എവിടെ നമ്മുടെ താടിക്കാരൻ? ഇന്ന് കണ്ടില്ലല്ലോ?”
“അവിടെ ഒരു പോലീസങ്കിളിനെ ഉപദേശിക്കുവാ.”
അതുകേട്ട് അയാൾ ചിരിച്ചു…
“അമ്പടി കാന്താരീ..” അവളുടെ
ചെവിക്കുപിടിച്ചൊരു നുള്ളു കൊടുത്തുകൊണ്ട്
ഫാദർ വിൻസന്റ് അയാളുടെ മുമ്പിലേയ്ക്ക്
കടന്നുവന്നു….
“ഹാവൂ…” അവൾ മുഖം വീർപ്പിച്ചുകൊണ്ട്
കിണുങ്ങി….