“ഇല്ല… ഈ കുഞ്ഞിന് കൊടുക്കുന്ന വാക്കാണ്… ഇനി ഞാൻ കൊല്ലില്ല..എന്റെ കൈയിൽ രക്തക്കറ പുരളാൻ അനുവദിച്ചുകൂടാ..”
അതു പരിവർത്തനത്തിന്റെ സമാരംഭമായിരുന്നു..
മാർട്ടിൻ എന്ന കൊലയാളിയിൽ നിന്ന് മാർട്ടിൻ
എന്ന മനുഷ്യനിലേയ്ക്കുള്ള മാറ്റം..!
നേരം ഇരുട്ടിവെളുത്തു… രാത്രിയുടെ
മുഖപടം മാറ്റി സൂര്യൻ പുറത്തുവന്ന്, തന്റെ
സുവർണ്ണരശ്മികളാൽ മാർട്ടിനെ ഉണർത്തി….
അയാളെ സംബന്ധിച്ചിടത്തോളം, ഓരോ
പ്രഭാതങ്ങളും ഇപ്പോൾ വിലപ്പെട്ടവയാണ്….
ഒരു ബാലികയുടെ സാന്നിദ്ധ്യം ഓരോ ഉഷസ്സിനും
പ്രദാനം ചെയ്യുന്ന നവചൈതന്യം അയാളെ
അത്ഭുതപ്പെടുത്തിയിരുന്നു….
എന്നാൽ അന്നു പ്രഭാതത്തിൽ റോസ്മോൾ
വന്നില്ല…. തന്റെ ഓമനത്തം തുളുമ്പുന്ന ശബ്ദത്തിൽ അവൾ അയാളെ വിളിച്ചില്ല…
അവളുടെ കുഞ്ഞുചിലമ്പിന്റെ താളം കേട്ടില്ല…..
അയാൾ അസ്വസ്ഥനും പര്യാകുലനുമായി….
കോൺസ്റ്റബിൾ വേലപ്പൻ സെല്ലുകൾക്കു
മുമ്പിലുള്ള വരാന്തയിലൂടെ അങ്ങിങ്ങ്
ഉലാത്തുന്നുണ്ടായിരുന്നു….
“സാറേ..” മാർട്ടിൻ വിളിച്ചു….
വേലപ്പൻ കേട്ടിട്ടും ആ വിളി കേട്ടില്ലെന്നു നടിച്ചു…
സാറേ..ഒന്നിങ്ങോട്ടു വാ സാറേ……
വേലപ്പൻ അയാൾക്കരികിൽ ചെന്നു പറഞ്ഞു…
“ആ കൊച്ചിന് എന്താണ്ടു സൂക്കേടാ…..
ആശൂത്രീലാന്നു പറേണ കേട്ടു…..
അയാളുടെ കണ്ണുകൾ താഴ്ന്നിരുന്നത് മാർട്ടിൻ
ശ്രദ്ധിച്ചിരുന്നു… ഇത്രയും പറഞ്ഞിട്ട്, മാർട്ടിന്റെ
മുഖത്തുപോലും നോക്കാതെ, അവന്റെ
പിൻവിളികൾക്കു ചെവികൊടുക്കാതെ, വേലപ്പൻ
നടന്നകന്നു….
നിശബ്ദതയ്ക്ക് കരുതുന്നതിലേറെ
വൈരൂപ്യമുണ്ടെന്ന് മാർട്ടിൻ തിരിച്ചറിഞ്ഞു….
നെഞ്ചിലൊരു നീറ്റലോടെ, അയാൾ നിലത്തിരുന്നു….
റോസ്മോൾ വന്നില്ല, അയാൾ ജയിൽ
മോചിതനായ ദിവസം വരെയും…!
മാർട്ടിൻ ജയിൽ മോചിതനായ ഉടനെ തേടിയത്
റോസ്മോൾ താമസിക്കുന്ന ഓർഫനേജിന്റെ
മേൽവിലാസമായിരുന്നു…..
അയാൾക്കറിയണമായിരുന്നു, റോസ്മോളുടെ
അസുഖത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയും, തന്നെ
കാണാൻ അവൾ വരാതിരുന്നതിന്റെ കാരണവും..
പക്ഷേ അപ്രതീക്ഷിതമായി, ജയിൽ വിട്ടിറങ്ങിയ
മാർട്ടിനെ കാത്തുനിന്നത്, ആന്റണിയുടെ
ഗുണ്ടാസംഘമായിരുന്നു… അവർ അയാളെ
കൈകാലുകൾ ബന്ധിച്ച് ഒരു വാനിൽ,
ആളൊഴിഞ്ഞ ഒരു കെട്ടിടത്തിലെത്തിച്ചു….
തന്നോടു കണക്കുതീർക്കാനാണ്
തീരുമാനമെങ്കിൽ അത് ഇപ്പോഴാകാം എന്ന്
മാർട്ടിനെ ആന്റണി വെല്ലുവിളിച്ചു…