Rose
Author : VAMPIRE
മാർട്ടിൻ ഒരുനിമിഷം, നിശ്ചലനായി ആ തുരുമ്പെടുത്തു തുടങ്ങിയ ഇരുമ്പുകസേരയിലിരുന്നു…
അയാൾ ക്ഷീണിതനായിരുന്നു……….
തന്റെ ഉലഞ്ഞ മുടി ഇരുകൈകൾ കൊണ്ടും അയാൾ ഒതുക്കിവച്ചു… നെറ്റിയിൽ നിന്നും വിയർപ്പുതുള്ളികൾ ഊർന്നുവീഴുന്നുണ്ടായിരുന്നു.. കണ്ണിൽ നിന്നും മൂക്കിൽ നിന്നുമെല്ലാം വെള്ളം വരുന്നു…
തന്റെ ചുവന്നുകലങ്ങിയ കണ്ണുകൾ അയാൾ ഒന്നടച്ചു തുറന്നു…. പിന്നെ വായ് തുറന്ന് ദീർഘമായി ഒന്നു ശ്വാസം പുറത്തേയ്ക്കു വിട്ടു….
കഠിനമായ സംഘട്ടനമായിരുന്നല്ലോ…!
അയാൾ തന്റെ പരിക്കേറ്റ വലത്തുകൈ ഏറെ ബദ്ധപ്പെട്ട് ഉയർത്തി, നെറ്റിയിലെ വിയർപ്പുതുള്ളികൾ തുടച്ചു… വിരലുകളിൽ
രക്തം പടരുന്നത് അയാൾ കണ്ടു…
അയാളുടെ ദേഹത്തിലങ്ങിങ്ങ് രക്തമൊലിക്കുന്നുണ്ടായിരുന്നു…..
ആന്റണിയുടെ ഇരുമ്പുദണ്ഡുകൊണ്ടുള്ള
അടിയേറ്റ വലത്തുകൈ മാത്രം വേദനിക്കുന്നു….
അയാൾ ഒന്നെഴുന്നേറ്റ് മുമ്പോട്ടു രണ്ടടി നടന്നു…
അയാളുടെ മുമ്പിൽ, മറ്റൊരു ഇരുമ്പുകസേരയിൽ,
ആന്റണി, അനങ്ങാൻ വയ്യാതെ കിടന്നിരുന്നു…
അയാളുടെ വാരിയെല്ലിൽ ഒരു കഠാര
തുളഞ്ഞുകയറിയിരുന്നു… അവിടെനിന്ന്
നിലയ്ക്കാതെ രക്തമൊഴുകി, അയാളുടെ
കീറിയ ഷർട്ടിലും ശരീരത്തിലും ചുവപ്പു
പടർത്തിക്കൊണ്ടിരുന്നു…..
മാർട്ടിൻ അയാളെ സമീപിച്ചു… പൊടുന്നനെ,
അയാളുടെ മേൽ ചാടിവീണ് അയാളുടെ
കഴുത്തിൽ പിടിമുറുക്കിക്കൊണ്ട് അലറി….
“വാക്കു കൊടുത്തതാടാ നായിന്റെ മോനേ”…!!!
പിന്നെ പിടിവിട്ടുകൊണ്ട് ഒരടി പിറകോട്ടു
മാറിനിന്ന് മാർട്ടിൻ ആ കസേരയിൽ ഒരു ചവിട്ടുകൊടുത്തു…
ആന്റണി ഒന്നു ഞരങ്ങിക്കൊണ്ട് നിലത്തേയ്ക്ക്
കസേരയോടുകൂടി വീണു…..
“എന്റെ റോസ് മോളോടു പറഞ്ഞതാ ഞാൻ…
ഇനി കൊല്ലില്ലെന്ന്…സമ്മതിച്ചില്ലല്ലോടാ നാറീ…”
നിലത്തേയ്ക്കു കുനിഞ്ഞിരുന്ന്, തന്റെ രണ്ടു
കൈപ്പത്തികളിൽ മുഖം പൂഴ്ത്തി, മാർട്ടിൻ
വിതുമ്പിക്കരഞ്ഞു……
പുറത്ത് പോലീസ് ജീപ്പിന്റെ ഹോൺ
കേൾക്കുമ്പോഴും, അയാൾ അനങ്ങിയില്ല…..
അയാളുടെ മനസ്സുനിറയെ, ആ
ഏഴുവയസ്സുകാരിയുടെ മുഖമായിരുന്നു ,
റോസ്മോളുടെ….!
******************