‘ഫ്രണ്ട് എന്തിനാ വിളിച്ചേ ..? നിന്റെ മുഖം പെട്ടന്ന് മാറിയല്ലോ…?
അവളുടെ മുമ്പ് ഉണ്ടായിരുന്ന വിഷാദം എന്റെ ആകുലത കണ്ടപ്പോ മാറി. അവളിപ്പോ എന്റെ മനസ്സിൽ എന്തെന്ന് ആലോചിച്ചു ടെൻഷനിൽ ആണ്
‘അത്.. ഒരു കാര്യം ഉണ്ടായിരുന്നു..’
‘എന്താ..? എന്നോട് പറ…’
ആരോടും പറയാത്ത അനുഭവങ്ങൾ പങ്ക് വച്ച എനിക്ക് അതിൽ കൂടുതൽ രഹസ്യങ്ങൾ കാണില്ല എന്ന് അവൾ കരുതി കാണണം.
‘നിന്നോട് പറയണ്ട കാര്യം തന്നേ ആണ്. പക്ഷെ അതെങ്ങനെ പറയും എന്നാണ്….’
ഞാൻ തുടങ്ങാൻ ഉള്ള ഒരു മടിയിൽ പറഞ്ഞു
‘പറയെടാ…’
അവൾ നിർബന്ധിച്ചപ്പോൾ ഞാൻ പറഞ്ഞു തുടങ്ങി
‘അന്ന് നീ ആക്‌സിഡന്റ് ആയില്ലേ.. അപ്പോൾ ഞാൻ ശരിക്കും റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു. ഞാൻ ഒരു യാത്ര പോകുന്നേന് തൊട്ട് മുമ്പാണ് എനിക്ക് ഒരു കോൾ വന്നത്, നിന്നെ വണ്ടി തട്ടി എന്ന് പറഞ്ഞു. അപ്പോൾ ഞാൻ ആ യാത്ര പോസ്‌പോൻ ചെയ്തു വന്നതാ.. അതിന്റെ കാര്യത്തിനാണ് ഇപ്പോൾ ഈ ഫ്രണ്ട് വിളിച്ചത്..’
‘യാത്ര എന്ന് പറഞ്ഞാൽ എനിക്ക് മനസിലായില്ല…’
അവൾ പറഞ്ഞു
‘നീ കരുതുന്നത് പോലെ ട്രിപ്പ് ഒന്നും അല്ല. എന്താ ഇപ്പോൾ പറയുക.. ഒരുതരം ഒളിച്ചോട്ടം…’
‘ഒളിച്ചോട്ടമോ..? അതെന്തിന്..?
അവൾ നെറ്റി ചുളിച്ചു ചോദിച്ചു
‘ഒരുപാട് കാരണങ്ങൾ ഉണ്ട്.. ഇവിടുത്തെ ലൈഫ് എനിക്ക് ടോളെറേറ്റ് ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല.. എനിക്ക് ഒരു ചേഞ്ച് വേണം എന്നൊക്കെ തോന്നി..’
അവളോട് എന്റെ യാത്രയുടെ കാരണം കുറ്റബോധം ആണെന്ന് പറയാൻ കഴിയില്ല. കാരണം അത് പറഞ്ഞു വരുമ്പോൾ കൃഷ്ണയുടെ കാര്യം പറയേണ്ടി വരും.
‘നീ ചുമ്മാ പറയുന്നത് ആണോ..? എനിക്ക് നീ പറയുന്നത് ഒട്ടും ഡൈജസ്റ്റ് ആകുന്നില്ല..’
‘സത്യം ആണ്. എനിക്ക് ടിക്കറ്റ് വന്നു. നാളെ കഴിഞ്ഞു എനിക്ക് ബാംഗ്ലൂർ പോണം. അവിടുന്ന് ആണ് ഫ്ലൈറ്റ്..’
‘ഞാൻ.. ഞാൻ കാരണം ആണോ..? ഞാൻ മിണ്ടാഞ്ഞത് കാരണം.. അതോണ്ട് ആണോ നീ അന്ന് അങ്ങനെ ഒരു ഡിസിഷൻ എടുത്തത്..? അങ്ങനെ ആണേൽ ഇപ്പോൾ എനിക്ക് നിന്നോട് ഒരു പിണക്കവും ഇല്ലല്ലോ.. പിന്നെന്തിനാ നീ ഇപ്പോൾ ഈ പോക്ക് പോണത്..?
ഇഷാനിയുടെ ശബ്ദം ഇടറി തുടങ്ങി
‘ഹേയ്.. അങ്ങനെ അല്ല. നീ കാരണം അല്ല. വീട്ടിൽ നിന്ന് ആണെങ്കിലും എന്നോട് ഓഫിസ്, ബിസിനസ് എന്നൊക്കെ പറഞ്ഞു പ്രഷർ ഉണ്ട്. കോളേജ് കഴിഞ്ഞാൽ എന്നെ അവിടെ തളച്ചിടാൻ ആണ് അച്ഛന്റെ തീരുമാനം. ഞാൻ നിന്നോട് പറഞ്ഞില്ലേ അച്ഛന്റെ പഴയ ബിസിനസ് ഒക്കെ പറ്റി. അത് കൊണ്ട് തന്നെ അതിന്റെ ഭാഗം ആകുന്നതിൽ എനിക്ക് താല്പര്യം ഇല്ല.. പുറത്ത് പോയി ജോലി ചെയ്തു ജീവിക്കാൻ ആണ് പണ്ടും ഞാൻ ആഗ്രഹിച്ചത്.. നിന്നോട് ഞാൻ പറഞ്ഞില്ലേ മുന്നേ…’