റോക്കി 5 [സാത്യകി]

Posted by

 

ഭക്ഷണം ഉള്ളിൽ ചെന്നപ്പോ ഒരു ആശ്വാസം അവൾക്ക് തോന്നിയെങ്കിലും ഒരു ഭാരം എടുത്തു വച്ചത് പോലെ അവൾക്ക് മയക്കവും വന്നു. ഒരുപാട് നേരം ഉറങ്ങിയിട്ടും വീണ്ടും അവളുടെ കണ്ണുകളിൽ മയക്കം അലതല്ലി. കയ്യുടെയും കാലിന്റെയും വേദന കൊണ്ട് ഉറക്കത്തിനു തന്നെ അവൾ പിടി കൊടുത്തു. ഉറങ്ങാതെ ഇരിക്കാൻ അവളോട് അർജുൻ സംസാരിച്ചു കൊണ്ടിരുന്നു എങ്കിലും ഉറക്കം സംസാരത്തെ മുറിച്ചു കൊണ്ടിരുന്നു.. ഈ മയക്കം പക്ഷെ ഒരുപാട് നേരമൊന്നും നീണ്ടു നിന്നില്ല.. സന്ധ്യ ആയപ്പോളേക്കും അവൾ പിന്നെയും ഉറക്കം ഉണർന്ന്..

 

അർജുൻ ഒരു ഗ്ലാസ്‌ കാപ്പി അവളുടെ കയ്യിൽ കൊണ്ട് കൊടുത്തു. കാപ്പി അവൾക്ക് തനിയെ കുടിക്കാം. ഊതി ഊതി ചൂട് കാപ്പി അവൾ കുടിച്ചു.. കാപ്പി അവളുടെ ഫേവറീറ്റ് ആണ്. അത് പാനീയത്തിന്റെ രൂപത്തിൽ ആയാലും രാഗത്തിന്റെ കാര്യത്തിൽ ആയാലും….

 

‘നിനക്ക് ബുദ്ധിമുട്ട് ഉണ്ടോ ഇവിടെ നിൽക്കാൻ..?

ഒടുവിൽ ആ ചോദ്യം അർജുൻ ചോദിച്ചു. അതിനെന്തു മറുപടി പറയണം എന്ന് അവൾക്ക് അറിയില്ലായിരുന്നു. അവർക്കിടയിൽ ഒന്നും സംഭവിച്ചിട്ടില്ല എന്നത് പോലെ ഇത്രയും നേരം രണ്ട് പേരും പെരുമാറിയിരുന്നു. ഇനിയത് നടക്കില്ല..

‘എന്താ ഒന്നും പറയാത്തെ…?

അവളുടെ ഭാഗത്തു നിന്നും മറുപടി ഒന്നും വരാത്തത് കൊണ്ട് അർജുൻ പിന്നെയും ചോദിച്ചു

 

‘എനിക്ക് കുഴപ്പമൊന്നുമില്ല…’

അവൾ പതിയെ പറഞ്ഞു

 

‘ പഴയത് ഒന്നും ഞാൻ ഓർമിപ്പിക്കുവല്ല.. എന്നോടുള്ള ദേഷ്യവും പിണക്കവും ഒക്കെ ഈ ഒരു സാഹചര്യം യൂസ് ചെയ്തു മാറ്റാൻ ഞാൻ നോക്കുകയുമല്ല. ഐ നോ, ഞാൻ ചെയ്തതിന് ഒന്നും ഇതൊന്നും ഒരു പരിഹാരം അല്ലെന്ന്.. നിന്റെ കൈ നേരെ ആയി കഴിഞ്ഞു നീ വേണേൽ എന്നോട് പഴയ പോലെ മിണ്ടാതെ ഇരുന്നോ..’

അർജുൻ ചിരിച്ചു കൊണ്ടാണ് അത് പറഞ്ഞത്. ഇഷാനി അതിനെ തമാശ ആയി എടുക്കുമോ സീരിയസ് ആയി എടുക്കുമോ എന്നൊന്നും അവൻ ചിന്തിച്ചില്ല. പറഞ്ഞത് കാര്യമായാണ് എന്ന് മാത്രം

 

‘പിണക്കം ഉണ്ടേൽ ഹോസ്പിറ്റലിൽ വച്ചു ഞാൻ നിന്നെ വിളിക്കുമോ..?

ആ ഷോക്കിൽ പിണക്കം മറന്നു പോയി വിളിച്ചത് ആണ് എങ്കിലും ഇഷാനി അങ്ങനെ പറഞ്ഞു. സത്യത്തിൽ ഉള്ളിൽ പിണക്കം ഇല്ലായിരുന്നു എന്നത് സത്യം തന്നേ..

 

‘അപ്പോൾ ശരിക്കും നിനക്ക് എന്നോട് പിണക്കം ഇല്ലായിരുന്നോ..?

അർജുന് അത് വിശ്വസിക്കാൻ പ്രയാസം ആയിരുന്നു

 

‘ഞാൻ പറഞ്ഞില്ലേ.. നിന്നോട് ഉള്ള ദേഷ്യം കൊണ്ടല്ല, എന്നോട് തന്നെ ഉള്ള ദേഷ്യം കൊണ്ടാണ് നിന്നോട് മിണ്ടാഞ്ഞത് എന്ന്… ആ അത് നീ എന്നെ പിന്നെയും ഓർമ്മിപ്പിക്കല്ലേ… പ്ലീസ്…’

ഒന്നാമത് ശരീരം നൊന്തു ഇരിക്കുവാ.. പഴയത് ഓർത്തു മനസിനെ കൂടി നോവിക്കാൻ വയ്യ

Leave a Reply

Your email address will not be published. Required fields are marked *