അത് പറഞ്ഞിട്ട് അവളൊരു നെടുവീർപ്പിട്ടു.. ഇന്നേ വരെ ആരോടും തുറക്കാത്ത കഥ ഒരാളോട് തുറക്കുന്നതിന്റെ വേദനയും ആശ്വാസവും എല്ലാം അവളുടെ മുഖത്ത് ഉണ്ടായിരുന്നു
‘എന്റെ ലൈഫിലെ വോർസ്റ്റ് ഡേ ആയിരുന്നു അത്. അച്ഛൻ പോയി എന്ന് എനിക്ക് മനസിലായി. ആ ബോധം ഒക്കെ അന്നേ എനിക്ക് വന്നിരുന്നു. പക്ഷെ എനിക്ക് മനസിലാകാഞ്ഞത് അമ്മ എവിടെ പോയി എന്നാണ്..? അമ്മ എന്താ എന്നെ കാണാൻ വരാത്തത് എന്ന് സംശയം ആയി. അമ്മയെ കാണാതെ ആയപ്പോൾ തൊട്ട് അപ്പുറെ ഇപ്പുറെ ഉള്ളവരുടെ എല്ലാം അടക്കി പിടിച്ച സംസാരം എനിക്ക് കേൾക്കാമായിരുന്നു.. പക്ഷെ അതൊന്നും എനിക്ക് മനസിലായില്ല.. അച്ഛൻ മരിച്ചു കഴിഞ്ഞാണ് അതിന്റെ ക്ലിയർ പിക്ചർ എനിക്ക് കിട്ടുന്നത്.. അവര് വേറെ ആരുടെയോ ഒപ്പം പോയതാണ്. എന്റെ അച്ഛനെയും എന്നെയും ഇട്ടിട്ട് അവരുടെ കാമുകന് ഒപ്പം പോയി.. ആ വിഷമത്തിൽ ആണ് അച്ഛൻ ജീവിതം അവസാനിപ്പിച്ചത്… അവര് രണ്ട് പേരും ഒറ്റയടിക്ക് എന്നെ ഉപേക്ഷിച്ചു പോയി ടാ.. രവിയച്ഛൻ നാട്ടിൽ നിന്ന് വരുന്ന വരെ ഞാൻ ശരിക്കും ചത്ത അവസ്‌ഥയിൽ ആയിരുന്നു.. സ്വന്തം എന്ന് പറയാൻ ആരുമില്ലാത്ത ഒരു കുട്ടി.. രവിയച്ഛൻ പിന്നെ എന്നെ നാട്ടിൽ കൊണ്ട് വന്നു.. അന്ന് മുംബൈ വിട്ടതിനു ശേഷം പിന്നെ അന്ന് ആണ് ഞാൻ അവരെ കണ്ടത്.. എല്ലാം കൂടി പെട്ടന്ന് തലയിലേക്ക് വന്നപ്പോൾ എന്റെ കണ്ട്രോൾ പോയി..’
‘എനിക്ക് മനസിലാകും..’
ഞാൻ അവളുടെ കൈ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു
‘പിന്നെ ഞാൻ വളർന്നത് എല്ലാം രവിയച്ഛന്റെ വീട്ടിൽ ആണ്. എനിക്ക് പിന്നെ അവിടെ നിന്ന് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല കേട്ടോ.. അവരെന്നെ സ്വന്തം മക്കളെക്കാൾ കെയർ ചെയ്താണ് വളർത്തിയത്. നീ നേരിട്ട് കണ്ടിട്ടുള്ളതല്ലേ അത്..’
ഞാൻ അതേയെന്ന് തല കുനുക്കി
‘പക്ഷെ എനിക്ക് ഉണ്ടായ ഒരു ബുദ്ധിമുട്ട് ആർക്കും മനസിലാവില്ലായിരുന്നു. അച്ഛന്റെ മരണം അമ്മ കാരണം ആണെന്നത് കൊണ്ട് അച്ഛന്റെ കുടുംബക്കാർക്ക് ഒക്കെ അമ്മയോട് വെറുപ്പായി. ഒളിഞ്ഞും തെളിഞ്ഞും ഒക്കെ അവരെല്ലാം എന്റെ അമ്മയെ പറ്റി മോശം പറഞ്ഞു കൊണ്ടിരുന്നു.. അന്ന് ഞാൻ ചെറിയ കുട്ടിയാണ് ഹിന്ദി മാത്രമേ അറിയുള്ളു എന്നൊക്കെ കരുതി ആവും പലരും സംസാരിച്ചത്.. പക്ഷെ എനിക്ക് എല്ലാം മനസിലാകുന്നുണ്ടായിരുന്നു.. അവർ എല്ലാം പറഞ്ഞത് ഉള്ളത് തന്നെ ആയിരുന്നു. പക്ഷെ എനിക്ക് അത് ഇൻസൾട്ട് ആയിരുന്നു. എല്ലാവർക്കും സ്വന്തം അമ്മ നല്ല അമ്മ ആകണം എന്നാണ് ആഗ്രഹം. ഇനിയിപ്പോ അവര് ചീത്ത ആയാൽ പോലും മറ്റുള്ളവർ അവരെ മോശം പറയുന്നത് നമുക്ക് കേട്ട് നിൽക്കാൻ പറ്റില്ല. ഭയങ്കര വിഷമം വരും.. എല്ലാവരും സ്വന്തം അമ്മയെ പുകഴ്ത്തി പറയുമ്പോ എനിക്ക് കിട്ടിയത് ഒരു മോശം അമ്മയെ ആണ്. അതൊക്കെ ഓർക്കുമ്പോ വിഷമം വരും.. പിന്നെ പിന്നെ എനിക്ക് അത് ശീലമായി.. അവരെ എന്ത് പറഞ്ഞാലും എനിക്ക് ഒന്നുമില്ല.. അവരെന്റെ ആരുമല്ല എന്നൊക്കെ തോന്നാൻ തുടങ്ങി..അത്രക്ക് എനിക്ക് അവര് അപരിചിതയായി.. എന്റെ കഥ നിനക്ക് ബോർ അടിക്കുന്നുണ്ടോ..?