‘അത് വേണ്ട…’
വീട്ടിൽ കൊണ്ട് വിടണ്ട എന്ന് ഇഷാനി പറഞ്ഞു. തല്ക്കാലം ഇവിടെ നിൽക്കാമെന്ന് അവളുടെ മുഖഭാവത്തിൽ ഉണ്ടായിരുന്നു..
‘എന്റെ ഫോൺ ഒന്ന് തരുമോ..? വീട്ടിലേക്ക് ഒന്ന് വിളിക്കാനാണ്..’
‘നിന്റെ ഫോൺ പൊട്ടി ഓൺ ആകുന്നില്ല.. ഞാൻ അത് വിട്ടു പോയി.. നാളെ തന്നെ കടയിൽ കൊടുത്തു ശരിയാക്കിക്കാം..’
പിന്നെ എന്തോ ആലോചിച്ച ശേഷം അവൻ പറഞ്ഞു
‘തല്ക്കാലം നിന്റെ സിം വേറൊരു ഫോണിൽ ഇട്ടോ..’
അർജുൻ അടുത്തുള്ള മേശ തുറന്നു ഒരു ഫോൺ എടുത്തു. തന്റെ ഫോണിൽ നിന്നും സിം ഊരി അതിൽ ഇട്ട് തന്നു. കോൾ വിളിക്കായി അത് കയ്യിൽ തന്നപ്പോൾ ഒരു മടിയോടെ അവൻ പറഞ്ഞു
‘ഇത്.. ലച്ചുവിന്റെ ഫോൺ ആയിരുന്നു. അവൾ ഇവിടെ ഇട്ടിട്ട് പോയതാ. നീ ഫോൺ ശരിയാകുന്നത് വരെ തല്ക്കാലം ഇത് വച്ചോ..’
അവൻ ഫോൺ തന്റെ കയ്യിൽ തന്നു. അർജുൻ അവളെ ലച്ചു എന്ന് വിളിക്കുന്നത് ഇഷാനിക്ക് പലപ്പോഴും ഇഷ്ടം അല്ല. ലക്ഷ്മി എന്ന് വിളിച്ചാൽ പോരേ.. പുന്നാരിച്ചു വിളിക്കുന്നത് എന്തിനാ.. തന്നെ ഇവൻ ഇപ്പോളും ഇഷാനി എന്നല്ലേ വിളിക്കൂ.. ഇഷ എന്ന് വിളിക്കില്ലല്ലോ.. അത് ആലോചിക്കുമ്പോ അവനെ വിളിക്കുന്നതിൽ നിന്നും വിലക്കിയത് താൻ തന്നെ ആണെന്ന് അവൾക്ക് ഓർമ വരും.. അല്ലെങ്കിലും എല്ലാം കറങ്ങി തിരിഞ്ഞു തന്റെ തലയിൽ തന്നെ വന്നു വീഴും..
ഇഷാനി ഫോൺ ഓൺ ആക്കിയപ്പോൾ ലക്ഷ്മിയുടെ ഫോട്ടോ വാൾപേപ്പർ ആയി തെളിഞ്ഞു വന്നു. അത് കണ്ടു ഇഷാനി അവനെ ഒന്ന് നോക്കി. അവൻ മുഖം തിരിച്ചു കളഞ്ഞു അപ്പോൾ.. ഇഷാനി വീട്ടിലേക്ക് വിളിച്ചു അവധിക്ക് കുറച്ചു തിരക്കുണ്ട്. ചിലപ്പോളെ വരാൻ പറ്റൂ എന്ന് എല്ലാം പറഞ്ഞു. അത് കൊണ്ട് തന്നെ ആ കോൾ കുറച്ചു അധികം നേരം നീണ്ടു നിന്നു. കോൾ അവസാനിച്ചപ്പോൾ അർജുൻ വീടിന് വാതിൽക്കൽ വെളിയിലേക്ക് നോക്കി വെറുതെ നിൽക്കുകയായിരുന്നു..
‘ഞാൻ ഓണർ അമ്മയെ കൂടി ഒന്ന് വിളിച്ചോട്ടെ..?
അർജുൻ തല്ക്കാലം ഫോൺ ഉപയോഗിക്കാൻ കൊടുത്തിട്ടും ലച്ചുവിന്റെ ഫോൺ ആയത് കൊണ്ട് ഇഷാനിക്ക് എന്തോ ഒരു വൈക്ലബ്യം ആയിരുന്നു. അവൾ ഒരു കോളിന് കൂടി അനുവാദം ചോദിച്ചു
‘നിനക്ക് ഞാൻ അത് യൂസ് ചെയ്യാൻ തന്നതാണ്. നിനക്ക് ഇഷ്ടം ഉള്ളവരെ വിളിച്ചോ.. നിന്റെ സിം അല്ലേ അല്ലേൽ തന്നെ..’
ശെടാ ഇവൾ എന്താ ഇങ്ങനെ എന്ന് അർജുൻ മനസ്സിൽ ചിന്തിച്ചു. ഇനി ഇത്രയും ദിവസം നോക്കിയതിനു ഇവൾ തനിക്ക് പൈസ തരുമോ എന്നോർത്തു അർജുന് പേടി തോന്നി.. അവൾ ചിലപ്പോ അങ്ങനെ ഒക്കെ ചെയ്യും. ഒരു ഇന്നസെന്റ് സൈക്കോ ആണ് ഇഷാനി..
‘അതേ.. ആക്‌സിഡന്റ് കാര്യം പറയാൻ ആണേൽ അവരെ വിളിക്കണ്ട. ഞാൻ രാവിലെ അവിടെ നിന്റെ സാധനം എടുക്കാൻ പോയപ്പോൾ പറഞ്ഞിരുന്നു. ഓണറമ്മ കുറച്ചു മുന്നേ ആണ് ഇവിടുന്ന് പോയത്..’