അർജുനെ ആയിരുന്നു അവൾ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ വാതിൽ തുറന്നപ്പോൾ മറ്റൊരു അപരിചിതനെ കണ്ടു അവൾ ഒന്ന് അമ്പരന്നു. അവനെ അന്വേഷിച്ചു ആരെങ്കിലും വന്നതായിരിക്കും. താൻ ഇവിടെ താമസിക്കുന്നത് അവര് അറിഞ്ഞാൽ ശരിയാകുമോ എന്തോ..? കയ്യിൽ ആണേൽ അവനെ വീക്കാൻ വച്ച വിറകും കൊണ്ടാണ് ചെന്നു കതക് തുറന്ന് കൊടുത്തത്. ജാള്യതയിൽ ഇഷാനി വിറക് മെല്ലെ കതകിന്റെ സൈഡിൽ മറച്ചു വച്ചു കൊണ്ട് ചോദിച്ചു
‘ആരാ..?
പുറത്ത് നിന്ന അപരിചിതന്റെ മുഖത്തും തന്നെ കണ്ടപ്പോൾ ഒരു അമ്പരപ്പ് ഇഷാനി ശ്രദ്ധിച്ചു. കുറച്ചു പ്രായം ഉള്ള ഒരാളാണ്. നല്ല നീളമുണ്ട്. താടിയും മീശയും മുക്കാലും നരച്ചു തുടങ്ങിയ ക്ഷീണമുള്ള മുഖം. ഒരു കണ്ണാടിയും മുഖത്തുണ്ട്. വേഷം ഒക്കെ കണ്ടിട്ട് കുറച്ചു വലിയ ആരോ ആണെന്ന് ഇഷാനിക്ക് തോന്നി. ഒരു കാർ റോഡിൽ കിടക്കുന്നുണ്ട്
‘അർജുൻ…?
അയാൾ അർജുനെ തിരക്കി
‘അവൻ കട വരെ പോയിരിക്കുവാ.. ഇപ്പോൾ വരും..’
ഇഷാനിക്ക് ആൾ ആരാണെന്നോ അയാൾ എന്തിന് വന്നെന്നോ ഒരു പിടിത്തം കിട്ടിയില്ല. പെട്ടന്ന് ഇഷാനിയുടെ മുന്നിൽ കൂടി അയാൾ അകത്തേക്ക് കയറി. അത് അവൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആരാണ് എന്താണ് എന്നൊന്നും പറയാതെ ചുമ്മാ വീട്ടിൽ വന്നു കയറുവാണോ..? ഇഷാനിക്ക് ഒരു ചെറിയ പേടി തോന്നി. പക്ഷെ പേടിക്കേണ്ട ഒരാൾ അല്ല ഇയാളെന്നും അവൾക്ക് തോന്നി. അയാൾ അകത്തു വന്നു വീട് മൊത്തത്തിൽ ഒന്ന് ശ്രദ്ധിക്കുകയാണ്. ഇനി ഇതിന്റെ ഓണർ ആണോ..? ഓ ഇന്ന് ഓണർ വരുമെന്ന് അവൻ പറഞ്ഞതാണല്ലോ. അത് ഇങ്ങേർ തന്നെ. അതാണ് ഒരു സ്വാതന്ത്ര്യത്തിൽ ഒക്കെ അകത്തു കയറിയത്..
‘ഹൌസ് ഓണർ ആണോ..?
ഇഷാനി സംശയത്തിൽ ചോദിച്ചു. അപരിചിതൻ മറുപടി ആയി ഒന്ന് ചിരിക്കുക മാത്രം ചെയ്തു
‘ഇരിക്ക്…’
ഇഷാനി ഒരു മര്യാദ എന്നോണം കസേര നീക്കി ഇട്ടു കൊടുത്തു കൊണ്ട് പറഞ്ഞു. കുറച്ചു നേരം കൂടി വീട് മൊത്തത്തിൽ ഒന്ന് നോക്കിയ ശേഷം അയാൾ കസേരയിൽ ഇരുന്നു
‘ മോൾ ഇവിടെ ആണോ താമസം..?
അയാൾ കൗതുകത്തോടെ ചോദിച്ചു
‘അല്ല. കാക്കനാട് എനിക്ക് റൂമുണ്ട് വേറെ. ആക്സിഡന്റ് ആയപ്പോൾ അവൻ ഇങ്ങോട്ട് കൊണ്ട് വന്നതാ..’
അർജുൻ ഇതൊക്കെ ഇയാളോട് പറഞ്ഞതല്ലേ. പിന്നെയും എന്തിനാണ് എന്നോട് ഇതൊക്കെ ചോദിക്കുന്നത്. അവൻ പറഞ്ഞത് സത്യം ആണോന്ന് അറിയാൻ ആണോ..? ചിലപ്പോ എന്തെങ്കിലും ഒക്കെ ചോദിക്കണ്ടേ എന്ന് വച്ചു ചോദിച്ചതും ആകും.
‘അർജുന്റെ കൂടെ പഠിക്കുന്ന ആണോ..?
അയാൾ ചോദിച്ചു
‘അതേ..’
ഇഷാനി മറുപടി കൊടുത്തു. അയാൾ പിന്നീട് ഒന്നും ചോദിച്ചില്ല. അർജുനെ വെയിറ്റ് ചെയ്തു ഇരിക്കുകയാണ്. ഇഷാനി ഫോണിൽ അവനെ ട്രൈ ചെയ്തു നോക്കിയെങ്കിലും കോൾ പോകുന്നില്ല. ചില സമയത്തു ഈ ഫോണിന് സിഗ്നൽ പ്രശ്നം ഉള്ളത് പോലെ അവൾക്ക് തോന്നും. ഇനി അന്ന് ദേഷ്യത്തിന് വലിച്ചെറിഞ്ഞപ്പോൾ പറ്റിയ കംപ്ലയിന്റ് ആണോ ആവൊ.. തന്റെ ഫോൺ കടയിൽ നിന്നും ഇത് വരെ ശരിയാക്കി കിട്ടിയുമില്ല..