ഇഷാനിയുടെ വയ്യായ്ക ഒക്കെ ഇപ്പോൾ നല്ലപോലെ മാറിയിരുന്നു. കാലിലെ മുറിവ് ശരിക്കും ഉണങ്ങിയിട്ടില്ല എങ്കിലും വേദന ഒക്കെ അവൾക്ക് നല്ലത് പോലെ കുറഞ്ഞു. നടക്കാനുള്ള അവളുടെ പ്രയാസവും മാറി. കൈ ആണേൽ ഒരു പ്രശ്നവും ഇപ്പോളില്ല എന്ന മട്ടിലാണ് അവൾ ഓരോന്നും ചെയ്യുന്നത്. നെറ്റിയിലെ മുറിവും കരിഞ്ഞു ഉണങ്ങി. മൊത്തത്തിൽ എന്റെ സഹായം ഒന്നും അവൾക്കിപ്പോ ആവശ്യമില്ല. അതെനിക്ക് മനസിലായത് അവളുടെ നാവിൽ നിന്ന് തന്നെ ആയിരുന്നു
‘എനിക്കിപ്പോ കാലിന് വേദന ഒന്നും ഇല്ല. വേണേൽ എനിക്ക് ഇപ്പോൾ ഓടാം ഒരു കുഴപ്പവും ഇല്ലാതെ..’
‘ഓടി ഇനി അടുത്ത പണി വാങ്ങാൻ ആണോ..? എവിടേലും ഒന്ന് അടങ്ങി ഇരിക്കുമോ നീ ഒന്ന്..?
‘അല്ല.. ഞാൻ ഒരു കാര്യം ചിന്തിക്കുവായിരുന്നു…’
അവൾ എന്തോ പറയാനുള്ളത് പോലെ എന്നോട് സംസാരിച്ചു
‘എന്താടി…?
ഞാൻ ചോദിച്ചു
‘എനിക്കിപ്പോ കുഴപ്പം ഒന്നുമില്ലല്ലോ. കയ്യും ശരിയായി കാലിനും വലിയ കുഴപ്പം ഇല്ല. പണി ഒക്കെ എനിക്ക് തന്നെ ചെയ്യാം. എന്നാൽ പിന്നെ ഞാൻ വീട്ടിൽ പോയാലോ എന്ന് ആലോചിക്കുവായിരുന്നു..’
അവളത് പറഞ്ഞപ്പോ പെട്ടന്ന് എനിക്കുള്ളിൽ ഒരു വിഷമം ഉണ്ടായി. അവൾ ഇത്ര പെട്ടന്ന് പോകുമെന്ന് ഞാൻ കരുതിയില്ല. അവധി തീരാൻ ഇനിയും കുറച്ചു ദിവസങ്ങൾ കൂടിയുണ്ട്. അത്രയും ദിവസം കൂടി അവൾ എന്റെ അടുത്ത് കാണുമെന്ന് ഞാൻ പ്രതീക്ഷിച്ചു. അവൾ പറഞ്ഞതും ശരിയാണ്. അവൾക്കിപ്പോ എന്റെ സഹായം ആവശ്യമില്ല. അവൾക്ക് വയ്യാതെ ആയപ്പോ അവൾക്ക് ഒരു സഹായം മാത്രം ആയിരുന്നു ഞാൻ. അവൾ ഓക്കേ ആയപ്പോൾ എന്റെ ആവശ്യമില്ല. വേദനയോടെ ആ സത്യത്തെ ഞാൻ ഉൾക്കൊണ്ടു.. അല്ലെങ്കിൽ തന്നെ കുറച്ചു ദിവസം കഴിഞ്ഞാൽ ഞാൻ ഇവിടുന്ന് എന്നെന്നേക്കുമായി യാത്ര പറയാൻ പോകുകയാണല്ലോ.. ഇത്രയും ദിവസത്തെ നല്ല ഓർമ്മകൾ എനിക്ക് കിട്ടിയത് തന്നെ എനിക്ക് ധാരാളം ആണ്
‘നീ ഓക്കേ ആയോ..?
പക്ഷെ എന്റെ മനസിന് അവളെ അത്ര പെട്ടന്ന് വിടാൻ ഒരുക്കം അല്ലായിരുന്നു. ഒരു പതർച്ചയോടെ ഞാൻ അവളോട് ചോദിച്ചു
‘പിന്നില്ലേ നോക്ക്. ഇനിയും ഇവിടെ നിന്ന് നിന്നെ കഷ്ടപ്പെടുത്തണ്ടല്ലോ..’
അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു
‘എനിക്ക് എന്ത് കഷ്ടപ്പാട്.. നീ ഓക്കേ ആണേൽ ഞാൻ കൊണ്ട് വിടാം വീട്ടിൽ. നീ സാധനം എല്ലാം പായ്ക്ക് ചെയ്തു വച്ചേക്കു. വൈകിട്ട് ഞാൻ കൊണ്ട് ഇറക്കാം. അത് പോരേ..?
മുഖത്തുള്ള വിഷമം അവൾ കാണാതിരിക്കാൻ മുഖം തിരിച്ചു ഞാൻ പറഞ്ഞു
‘ആ ഞാൻ എല്ലാം ഒന്ന് എടുത്തു വയ്ക്കട്ടെ..’
അവൾ റൂമിലേക്ക് സാധനം പായ്ക്ക് ചെയ്യാൻ കയറിയിട്ട് എന്തോ പറയാനെന്ന പോലെ തിരിഞ്ഞു നിന്നിട്ട് എന്നെ നോക്കി പറഞ്ഞു