താഴെ വന്നപ്പോ വെളിച്ചത്തിൽ ആണ് അവൾ അർജുന്റെ മുഖം കണ്ടത്. ഇല്ലാതായ പോലെ ആയിരുന്നു അവന്റെ മുഖം അപ്പോൾ. താൻ പറഞ്ഞത് അവനെ എത്ര മാത്രം വേദനിപ്പിച്ചു എന്ന് ഇഷാനി അവിടെ തൊട്ട് മനസിലാക്കി. രാത്രി മുഴുവൻ ഇഷാനി അതാലോചിച്ചു കിടന്നു. പിറ്റേന്ന് നേരം വെളുത്തിട്ടും തലേന്നത്തെ കാര്യത്തിൽ അവനോട് എങ്ങനെ മിണ്ടി തുടങ്ങണം എന്ന് ഇഷാനിക്ക് അറിയില്ലായിരുന്നു.. എന്തെങ്കിലും സംസാരിക്കാൻ പറ്റുന്നതിനും മുമ്പ് അവൾക്കുള്ള ഭക്ഷണം എടുത്തു വച്ചിട്ട് എങ്ങോട്ട് എന്ന് പറയാതെ അർജുൻ പുറത്തേക്ക് പോയി..
അവൻ വരുന്നത് വരെ തനിയെ ബോർ അടിച്ചു ഇരിക്കണമല്ലോ എന്ന് കരുതിയപ്പോൾ ആണ് പെട്ടന്ന് തന്നെ അവന്റെ ബൈക്കിന്റെ ശബ്ദം കേട്ടത്.. ഇഷാനി ജനലിൽ കൂടി അവന്റെ ബൈക്ക് നോക്കിയപ്പോൾ ആണ് അവന്റെ കൂടെ വേറൊരാളും കൂടി ഉണ്ടെന്ന് മനസിലായത്.. ഒരു ചേച്ചി..
‘നിനക്കൊരു ഹെല്പിന് കൊണ്ട് വന്നതാ..’
അർജുൻ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു. അവൻ തന്നെ ചേച്ചിയെ വീടിന്റെ ഭാഗങ്ങളും അവളുടെ പരിക്കിനെ കുറിച്ചും എല്ലാം പറഞ്ഞു കൊടുത്തു. അവരെ എല്ലാം പറഞ്ഞു മനസിലാക്കി കൊടുത്തിട്ട് അവൻ പെട്ടന്ന് തന്നെ ബൈക്കും എടുത്തു പോയി. ഇഷാനിക്ക് അവനോട് സംസാരിക്കാൻ ഉള്ള അവസരവും നഷ്ടമായി.. ഇന്നലത്തെ സംഭവം അവന് ശരിക്കും ഫീൽ ആയിട്ടുണ്ട്.. അതാണ് ഇപ്പോൾ ഇങ്ങനെ ഒരു കാര്യം സംഭവിച്ചത്. തന്റെ കാര്യത്തിൽ അവനൊരു ഡിസ്റ്റൻസ് ഇടാൻ തുടങ്ങിയിരിക്കുന്നു..
‘മോളുടെ പേരെന്താ..?
അർജുൻ പേര് എല്ലാം പറഞ്ഞു കൊടുത്തെങ്കിലും പരിചയപ്പെടുന്നതിന്റെ ഒരു സുഖത്തിനായി ആ ചേച്ചി വീണ്ടും പേര് ചോദിച്ചു
‘ഇഷാനി..’
അവൾ മറുപടി കൊടുത്തു. ഒരു സാരി ആണ് ആ ചേച്ചിയുടെ വേഷം. നാൽപതുകളിൽ എത്തി നിൽക്കുന്ന പ്രായം. ഒരു ഹോം നേഴ്സ് സെറ്റപ്പ് ആണ് അവർക്കെങ്കിലും വീട്ടിലെ അത്യാവശ്യം ജോലികളും ചെയ്യും.. രാഹുലിന്റെ ഒരു ബന്ധു ആണ് അവരെന്നു കുറച്ചു നേരത്തെ സംസാരത്തിൽ നിന്ന് ഇഷാനിക്ക് പിടി കിട്ടി.. ലേഖ എന്നായിരുന്നു ആ ചേച്ചിയുടെ പേര്.
ലേഖ ചേച്ചി നല്ലത് പോലെ സംസാരിക്കുമായിരുന്നു. അത് കൊണ്ട് തന്നെ സമയം പോകുന്നത് ഇഷാനി അറിഞ്ഞില്ല. സംസാരിച്ചു കൊണ്ട് തന്നെ ചേച്ചി ജോലികൾ ഒക്കെ ചെയ്യും. ജോലികൾ എന്ന് പറയുമ്പോ ഇഷാനിയുടെ കാര്യങ്ങൾ ഒക്കെ. ഇഷാനി ഒരു മടി കാണിച്ചെങ്കിലും അവളെ താങ്ങി ബാത്‌റൂമിൽ കൊണ്ട് പോയി കുളിപ്പിച്ചു സുന്ദരി ആക്കി. അവളുടെ ഡ്രെസ്സുകൾ അലക്കി ഇട്ടു. അവളുടെ മുറിവ് മരുന്ന് മാറ്റി കെട്ടി വച്ചു… ഇഷാനി അപ്പോളെല്ലാം അർജുൻ ഇപ്പോൾ വരും ഇപ്പോൾ വരും എന്ന് കരുതി ഇരിപ്പായിരുന്നു. ആറര ആയി ലേഖ ചേച്ചി പോകാൻ തുടങ്ങിയപ്പോൾ മാത്രമാണ് അവൻ തിരിച്ചു വന്നത്. വന്നിട്ടും അവളോട് ഒന്നും സംസാരിക്കാതെ ടെറസിലേക്ക് കയറി പോയി. അവൻ താഴെ വല്ലതും ഉണ്ടായിരുന്നു എങ്കിൽ അവന്റെ ശ്രദ്ധ എങ്ങനേലും പിടിച്ചു പറ്റാമായിരുന്നു. ഇതിപ്പോ ഇന്നലത്തെ കാര്യത്തിൽ തനിക്ക് വിഷമം ഉണ്ടെന്ന് അവനെ എങ്ങനെ അറിയിക്കും.