ഫോൺ വിളിച്ച പയ്യൻ അവൾക്ക് വലിയ പരുക്കൊന്നും ഇല്ലെന്ന് പറഞ്ഞെങ്കിലും എനിക്കൊരു സമാധാനവും കിട്ടിയില്ല. എത്ര അപകടം നടന്നാലും നമ്മൾ ദൂരത്തു ആണെങ്കിൽ ആശ്വസിപ്പിക്കാൻ ആൾക്കാർ അങ്ങനെ പറയുമെന്ന് എനിക്കറിയാം.. ഹോസ്പിറ്റലിൽ എത്തുന്നത് വരെ എന്നെ സമാധാനിപ്പിക്കാൻ രാഹുൽ കുറെ പാട് പെട്ടു.
ഹോസ്പിറ്റലിൽ ചെന്നു ആ പയ്യനെ വിളിച്ചപ്പോ കാഷ്വാലിറ്റിയുടെ മുമ്പിൽ വരാൻ പറഞ്ഞു. ഞങ്ങൾ അവിടെ ചെന്നപ്പോൾ ആ പയ്യനെ കണ്ടു. ആളൊരു ഡെലിവറി ബോയ് ആണ്. വർക്ക് കഴിഞ്ഞു തിരിച്ചു പോരുമ്പോ ആണ് സംഭവം. ഇഷാനി ശ്രദ്ധ ഇല്ലാതെ റോഡ് ക്രോസ്സ് ചെയ്തു എന്നാണ് അവൻ പറയുന്നത്. അവൻ അല്ലെങ്കിലും മനഃപൂർവം ഇടിപ്പിച്ചു എന്ന് പറയില്ലല്ലോ.. എന്തായാലും ഹോസ്പിറ്റലിൽ എത്തിക്കാനുള്ള നന്മ അവനിൽ ഉള്ളത് കൊണ്ട് ഞാൻ മുഷിഞ്ഞില്ല. കാഷ്വാലിറ്റിയിൽ കയറിയപ്പോൾ ആണ് അവളെ കണ്ടത്. ഞാൻ ഭയന്നത് പോലെ ഭീകരമായ പരിക്ക് ഒന്നുമില്ല. കാലിൽ ഒരു വെച്ച് കെട്ടുണ്ട്. കയ്യിൽ ഒരു പ്ലാസ്റ്റർ പോലെ കഴുത്തിലൂടെ ഇട്ടിട്ടുണ്ട്. കൈക്ക് ചെറിയ മടിവ് ഉണ്ടായിരുന്നു. കുറച്ചു ദിവസം അനങ്ങാതെ ഇരിക്കാൻ ആണ് അങ്ങനെ വച്ചിരിക്കുന്നത്. അല്ലാതെ പൊട്ടൽ ഒന്നുമില്ല. പിന്നെ ഒരു പരിക്ക് ഉള്ളത് നെറ്റിയിലാണ്. അത് തീരെ ചെറിയൊരു മുറിവാണ്. എവിടെയോ ഉരഞ്ഞത് പോലെ. ഇടിച്ച പയ്യൻ സ്പീഡിൽ ആയിരുന്നു ബൈക്ക് ഓടിച്ചത് എങ്കിൽ ഈ പരിക്ക് ഒന്നും ആയിരിക്കില്ല വരേണ്ടത്..
എന്നെ കണ്ടിട്ട് അവളുടെ മുഖത്ത് ഞാൻ പ്രതീക്ഷിച്ചത് പോലെയുള്ള ബുദ്ധിമുട്ട് ഒന്നുമില്ലായിരുന്നു. സത്യത്തിൽ അവൾ ശരിക്കും പേടിച്ചു പോയിരുന്നു. എന്നെ കണ്ടപ്പോൾ അത് കുറച്ചു ഒന്ന് മാറിയത് പോലെ തോന്നി. ഞാൻ അവളുടെ അടുത്തിരുന്നു അവളുടെ നെറ്റിയിൽ മുറിവിന് അടുത്ത് കൂടി മെല്ലെ വിരലോടിച്ചു തലോടിയപ്പോൾ അവൾ ഉറക്കം വരുന്നത് പോലെ എന്റെ മേലേക്ക് ചെറുതായ് ചാഞ്ഞു. രാഹുൽ ഈ സമയം പോയി ഡോക്ടറേ കണ്ടു കാര്യങ്ങൾ ഒക്കെ തിരക്കി. പേടിക്കാനായി ഒന്നുമില്ല. കുറച്ചു ദിവസം കഴിഞ്ഞു കയ്യിലെ കെട്ടഴിക്കണം. കാലിൽ വച്ചു കെട്ടിയത് ഇടയ്ക്ക് മരുന്ന് വച്ചു മാറണം. അത്ര ഒക്കെയേ ഉള്ളു. പിന്നെ അത്യാവശ്യം ആയി വേണ്ടത് റസ്റ്റ് ആണ്. കൈ അധികം അനങ്ങരുത് എന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞു. ഇന്നത്തെ ബില്ല് എല്ലാം ഇടിപ്പിച്ച പയ്യൻ തന്നെ കൊടുത്തിരുന്നു.. വീണ്ടും കുറച്ചു പൈസ അവൻ എന്റെ കയ്യിൽ വച്ചു തരാൻ നോക്കിയപ്പോൾ ഞാൻ വേണ്ടെന്ന് പറഞ്ഞു.. അവനെ കണ്ടിട്ട് ഒരു പാവത്താനെ പോലെ തോന്നി. ഇന്നത്തെ ഓട്ടത്തിന്റെ പൈസ ഒക്കെ ഇങ്ങനെ പോയി കാണും. പാവം..