“എന്ന കായം ആന പോതും എന്തെൻ മേനി
താങ്കി കൊള്ളും… ഉന്തെൻ മേനി താങ്കാത് പൊന്മാനെ…”
വൗ…! സാഹചര്യം അനുസരിച്ചു പാട്ട് വരുന്നല്ലോ.. അർജുൻ ചിന്തിച്ചു. അവന്റെ മുഖത്തൊരു ചിരി വിടർന്നത് ഇരുട്ടിൽ അവൾ കണ്ടില്ല. അവൾക്കും ചിരി വന്നു കാണുമോ..?
‘രാജ സാർ ഒരു സംഭവം ആണല്ലേ…’
അർജുൻ ഇഷാനിയോടായി പറഞ്ഞു. അവൾ ഭയങ്കര ഇളയരാജ ഫാനാണ് എന്ന് അർജുന് അറിയാം. മറുപടി വന്നില്ല എങ്കിലും അവൾ ചെറുതായ് ചിരിച്ചത് പോലെ അർജുന് തോന്നി. ആകാശത്തു നക്ഷത്രങ്ങൾ തിളങ്ങി തുടങ്ങിയിരുന്നു..
മേലെ വാനിൽ നക്ഷത്രങ്ങളുടെയും, ദൂരെ അടുപ്പിച്ചു കിടക്കുന്ന വീടുകളിലെ നക്ഷത്രങ്ങളുടെയും ഇടയിലായി അവർ ഇരുവരും പൊട്ടി മുറിഞ്ഞു പോയ ഒരു സൗഹൃദത്തിന്റെ കണ്ണികൾ വിളക്കി ചേർത്തു…
ഇഷാനി അവിടുന്ന് താഴേക്ക് പോയതും അർജുന്റെ കൈകളിൽ കിടന്നാണ്. ഭക്ഷണം കഴിച്ചു കഴിഞ്ഞു ഉറങ്ങാൻ തയ്യാർ ആകുമ്പോൾ ആണ് പുറത്ത് പാട്ടും മേളവും ഒക്കെ ഇഷാനി കേട്ടത്. കരോൾ ആണ്.. ഇവിടെ അടുത്തെവിടെയോ ഉള്ള പിള്ളേരാണ്. ഒരു എട്ട് -ഒമ്പത് ക്ലാസ്സിന് മേലെ ഉള്ള ആരും കാണില്ല. അത്രയും ചെറിയ സാന്തയും ആയിരുന്നു. പിള്ളേർ എല്ലാവരും വലിയ ആവേശത്തിൽ ആയിരുന്നു.. ഇഷാനിക്ക് വാതിൽക്കൽ വന്നു നിന്ന് കാണാൻ ബുദ്ധിമുട്ട് ആയത് കൊണ്ട് അർജുൻ അവരെയെല്ലാം അകത്തേക്ക് വിളിച്ചു. ഇഷാനി കിടക്കുന്ന കട്ടിലിന് അടുത്ത് വന്നു താളമടിച്ചു കരോൾ പാടി ഡാൻസ് കളിച്ചു.. പിള്ളേർക്ക് സന്തോഷം ആകുന്ന രീതിയിൽ ഉള്ള പിരിവും അവിടെ ഉണ്ടായിരുന്ന കുറച്ചു സ്നാക്ക്സും ഒക്കെ കൊടുത്തു അവരെ ഹാപ്പി ആക്കി ആണ് ഞാൻ വിട്ടത്…
പിറ്റേന്ന് ഞാൻ നേരത്തെ എണീറ്റു. കുറച്ചു പണികൾ ഉണ്ട്. പ്രധാനമായും കൃഷ്ണ. അവൾ വിളിക്കാനൊക്കെ ചാൻസ് ഉണ്ട്. ഇഷാനി ഇവിടെ ഉള്ളപ്പോൾ അവളുടെ റൊമാന്റിക് കോൾ ഒക്കെ വരുന്നത് ശരിയല്ല. എല്ലാം അന്ന് രാത്രി ആ ട്രെയിനിൽ കയറിയിരുന്നേൽ അവസാനിക്കേണ്ടത് ആയിരുന്നു. പക്ഷെ വിധി മറ്റൊന്നായിരുന്നു.. ഈ ഒളിച്ചു കളികൾ ഇനിയും തുടരേണ്ടി വരുന്നതിൽ അർജുന് അമർഷം തോന്നി. എന്തായാലും അധികം വേണ്ടി വരില്ല. ഇഷാനിയുടെ പരിക്കുകൾ ഒന്നും അത്ര സാരം ഉള്ളതല്ല. കുറച്ചു ദിവസം കഴിഞ്ഞാൽ അവളുടെ കയ്യിലെ കെട്ട് അഴിച്ചേക്കാമായിരിക്കും. കുറച്ചു കൂടി കഴിഞ്ഞാൽ മുട്ടിലെ പരിക്കും ഉണങ്ങും. അവൾക്ക് നടക്കാൻ കഴിയുന്നതോടെ അവൾ തിരിച്ചു പോകും. അവൾ മാത്രം അല്ല ഞാനും.
ബാംഗ്ലൂർ ഉള്ള എന്റെ ഫ്രണ്ട് ഷിന്റു എനിക്ക് വേണ്ടി ഇപ്പോളും വെയ്റ്റിംഗ് ആണ്. അവൻ അവിടെ കുറച്ചു ദിവസങ്ങൾ കൂടി കാണും. അവൻ അമേരിക്കക്ക് വിമാനം കയറുന്നതിനു മുമ്പ് ഇഷാനിയുടെ പരിക്കുകൾ എല്ലാം മാറുമെന്നാണ് കരുതുന്നത്. അപ്പോൾ അവന്റെ ഒപ്പം തന്നെ എനിക്ക് പോകാൻ പറ്റിയേക്കും. പോകാനുള്ള കാര്യങ്ങൾ ഒക്കെ കുറച്ചു ശരിയാക്കാനുണ്ട്. അവിടുത്തെ ജോലിയുടെ കുറച്ചു കാര്യങ്ങൾ റെഡി ആക്കാനുണ്ട്. അതാണ് വലിയ പണി