ഇത്തവണ അവൾ എന്തെങ്കിലും പറയുന്നതിന് മുമ്പ് തന്നെ കുക്കർ വിസിൽ അടിച്ചു. പെട്ടന്ന് ശ്രദ്ധ അതിലേക്ക് പോയി അവൾ മെല്ലെ എന്നെ നീക്കിയിട്ട് ഗ്യാസ് ഓഫ് ചെയ്യാൻ എഴുന്നേറ്റ് മാറി.. പക്ഷെ എന്റെ റൊമാൻസ് അവസാനിച്ചിരുന്നില്ല. ഞാൻ പിന്നെയും അവളുടെ അടുത്തേക്ക് ചെന്നു അവളുടെ ഇടുപ്പിലൂടെ കൈകളിട്ട് അവളുടെ തോളിൽ താടി വച്ചു അല്പം കുനിഞ്ഞു നിന്നു. അവൾ കുക്കറിൽ നിന്ന് ആവി മെല്ലെ കളയുകയിരുന്നു.. കുക്കറിന്റെ മൂളലുകൾക്ക് ഇടയിലേക്ക് മിക്സ് ആയി മറ്റൊരു മൂളിപ്പാട്ട് കൂടി ഞങ്ങൾക്ക് അരികിലേക്ക് എത്തുന്നുണ്ടായിരുന്നു..
‘ഏയ് മസാക്കലി മസാക്കലി…’
ഏ ആർ റഹ്മാന്റെ ഈണം സ്വന്തം രീതിയിൽ ചിട്ടപ്പെടുത്തി പാടി കൊണ്ട് രാഹുൽ ഹോളിലേക്ക് കയറി വന്നു. ഞങ്ങൾ അടുക്കളയിൽ ആയിരുന്നത് കൊണ്ട് അവൻ ഞങ്ങൾ കെട്ടിപിടിച്ചു നിൽക്കുന്നത് കണ്ടില്ല. അവന്റെ ശബ്ദം കേട്ടതും അവൾ എന്നെ തള്ളി മാറ്റി കുറച്ചു മാറി നിന്നു..
‘നീ ഒരുങ്ങിയില്ലേ..? ഞാൻ കരുതി ഞാൻ ലേറ്റ് ആയി കാണുമെന്നു…’
ഹാളിലേക്ക് വന്ന എന്നെ നോക്കി രാഹുൽ പറഞ്ഞു..
‘എവിടെ പോകാൻ..?
എന്റെ പിറകെ വന്ന ഇഷാനി രാഹുലിനോട് ചോദിച്ചു
‘ഇവൻ പറഞ്ഞില്ലേ നിന്നോട് പോകുന്ന കാര്യം..? പറഞ്ഞെന്ന് ആണല്ലോ എന്നോട് പറഞ്ഞെ..’
സംഭവം ഇന്ന് എന്നെ കൊണ്ട് ആക്കാൻ വരണം എന്ന് അവനോട് ഞാൻ ഇന്നലെ പറഞ്ഞിരുന്നു. പക്ഷെ അതിനിടക്ക് ഞങ്ങൾക്ക് ഇടയിൽ ഉണ്ടായതും ഞാൻ പോകാനുള്ള തീരുമാനം മാറ്റിയതുമൊന്നും അവൻ അറിഞ്ഞില്ല. അവൻ യാത്രയെ കുറിച്ച് പറയുന്നത് കേട്ട് സംശയത്തോടെ ഇഷാനി എന്നെ നോക്കി. അവളുടെ മുഖത്ത് പെട്ടന്നൊരു പേടി വന്നത് പോലെ. ഞാൻ വീണ്ടും പോകാൻ തയ്യാറായോ എന്ന് അവൾ ഭയന്നിരിക്കണം
‘എടാ.. അത് ഞാൻ ക്യാൻസൽ ചെയ്തു..’
ഞാൻ അവനോട് പറഞ്ഞു
‘എന്ത് പറ്റി.. നീ ഒന്നുകിൽ ഇവിടെ നിക്ക്. അല്ലേൽ പോ.. എന്തെങ്കിലും ഒരു തീരുമാനം പറ..’
അവൻ കാര്യം മനസിലാകാഞ്ഞിട്ട് പറഞ്ഞു
‘നിനക്ക് എന്തിനാ ഇപ്പോൾ അവനെ പറഞ്ഞു വിട്ടിട്ട്….?
ഇഷാനി ദേഷ്യത്തോടെ രാഹുലിനോട് ചോദിച്ചു.. യാത്രയുടെ കാര്യം രാഹുൽ എടുത്തിട്ടത് അവളിൽ ഒരു അസ്വസ്‌ഥത ഉണ്ടാക്കി
അവളുടെ സംസാരത്തിലെ ടോൺ മാറിയത് രാഹുൽ ശ്രദ്ധിച്ചു. അവളെ ഒന്ന് കളിപ്പിക്കാൻ തന്നെ അവൻ മറുപടി കൊടുത്തു
‘ഇവൻ എനിക്ക് വണ്ടി തന്നിട്ട് പോകാമെന്നു പറഞ്ഞതാ. ഞാൻ ആ ബൈക്ക് നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് എത്ര ദിവസം ആയെന്നോ..’
‘ബൈക്ക് നിന്റെ… ഒന്ന് പോയെ നീ…’
ദേഷ്യം കൊണ്ട് പല്ല് കടിച്ചു ഇഷാനി പറഞ്ഞു. അവൻ നമ്പർ ഇറക്കിയത് ആണെന്ന് അവൾ മനസിലാക്കിയില്ല.. അവളുടെ ദേഷ്യം കണ്ടു രാഹുൽ എന്നെ മിഴിച്ചു നോക്കി. ഞാൻ കണ്ണ് കൊണ്ട് ഞങ്ങൾ തമ്മിൽ സെറ്റ് ആയെന്ന് ആക്ഷൻ കാണിച്ചു. അത് മനസിലാകാഞ്ഞിട്ട് ആണോ അതോ വിശ്വസിക്കാൻ കഴിയാഞ്ഞിട്ട് ആണോ അവൻ പിന്നെയും കണ്ണ് മിഴിച്ചു.. ഒടുക്കം കൈ കൊണ്ട് ഞാൻ ഞങ്ങൾ സെറ്റ് ആയെന്ന് കാണിച്ചപ്പോൾ അവന് കാര്യം പിടികിട്ടി