ഞാൻ കണ്ണ് തിരുമ്മി എണീറ്റപ്പോളേക്കും അടുക്കളയിൽ നിന്നും അവളെനിക്ക് കോഫി കൊണ്ട് വന്നിരുന്നു.. രാവിലെ തന്നെ കുളിച്ചു സുന്ദരി ആയിട്ട് ആയിരുന്നു ഇഷാനിയുടെ നിൽപ്പ്.. രാവിലെ അവളുടെ പിറകെ കിന്നരിച്ചു ചെന്നെങ്കിലും അടുക്കളയിലെ പണികളുടെ തിരക്ക് കൊണ്ട് അവൾ എന്നെ അടുപ്പിച്ചില്ല. എന്നെ ഉന്തി തള്ളി അവൾ ബാത്‌റൂമിൽ കയറ്റി..
ഡിസംബറിലെ നല്ല തണുത്ത വെളുപ്പാൻകാലത്ത് എല്ല് പൊടിയുന്ന കുളിരുള്ള വെള്ളത്തിൽ കുളിക്കുമ്പോ ആണ് ഞാൻ മുന്നോട്ടുള്ള കാര്യങ്ങൾ ചിന്തിക്കാൻ തുടങ്ങിയത്. ഇഷാനി കൃഷ്ണയുടെ കാര്യം ഇപ്പോൾ അറിയണ്ട എന്ന് പറഞ്ഞെങ്കിലും ഇവിടെ നിന്ന് പോകുന്നതിന് മുമ്പ് അവളോട് അത് പറഞ്ഞെ പറ്റൂ. ഏറ്റവും സേഫ് ആയി അവളോട് അത് പറയാനുള്ള വഴികൾ ഞാൻ ഇപ്പോൾ തന്നെ ആലോചിച്ചു തുടങ്ങി.. ഞാൻ പറയാതെ മറ്റേതെങ്കിലും വഴി അവൾ അതറിഞ്ഞാൽ അത് വലിയ കുഴപ്പം ആകും. അങ്ങനെ അറിയാനുള്ള സാധ്യത കൃഷ്ണയോ ലക്ഷ്മിയോ വഴി മാത്രം ആണ്. അവര് രണ്ടും നിലവിൽ ഇപ്പോൾ സ്ഥലത്തില്ല. പക്ഷെ അവരെപ്പോൾ ലാൻഡ് ചെയ്യും എന്ന് പറയാൻ കഴിയില്ല. ആ ഒരു ചിന്ത മുറുകിയപ്പോൾ കൃഷ്ണയെ വിളിക്കാൻ ഞാൻ തീരുമാനിച്ചു..
ചെറിയൊരു ഷോപ്പിങ്ങിന്റെ പേര് പറഞ്ഞു പുറത്തേക്ക് പോയ തക്കത്തിൽ ആണ് ഞാൻ കൃഷ്ണയേ വിളിച്ചത്. കുറച്ചു ദിവസം ആയി അവളോട് കോൺടാക്ട് ഇല്ലായിരുന്നു.
‘എവിടാ മോനൂസേ.. നമ്മളെ ഒന്നും ഒരു മൈൻഡ് ഇല്ലല്ലോ..’
പരിഭവം പറഞ്ഞത് ആണെങ്കിലും അതിലേറെ ഞാൻ വിളിച്ചതിൽ ഉള്ള സന്തോഷം ഉണ്ടായിരുന്നു അവളുടെ വാക്കുകളിൽ
‘ഞാൻ ഓഫിസിൽ ഒക്കെ ആയി കുറച്ചു തിരക്ക് ആയിരുന്നെടി.. നീ എവിടാ..?
‘ ഞാൻ ഹോട്ടലിൽ ആട.. ഉറങ്ങാൻ പോവായിരുന്നു..’
‘ഓ.. നീ എന്ന് ലാൻഡ് ചെയ്യും..?
അധികം നീട്ടാതെ ഞാൻ കാര്യത്തിലേക്ക് ചെന്നു
‘ഞാൻ കുറച്ചു ഡേയ്‌സ് കൂടി കഴിയുമെടാ.. വെക്കേഷൻ തീരുന്നേനു മുന്നേ വരണം എന്നുണ്ടായിരുന്നു. ബട്ട് താമസിക്കും..’
അവൾ പറഞ്ഞു. അപ്പോൾ എനിക്ക് സമയം ഉണ്ട്. വെക്കേഷൻ തീരുമ്പോ ആണ് ഇഷാനി പോകുന്നത്. അപ്പോളൊന്നും കൃഷ്ണ ഇവിടേക്ക് ലാൻഡ് ചെയ്യില്ല. എനിക്ക് കാര്യം അവതരിപ്പിക്കാനും സമാധാനം ഉണ്ടാക്കാനും ഒക്കെ കുറച്ചു സമയം കൂടി കിട്ടും.. ആശ്വാസം.. കിട്ടേണ്ട കാര്യം അറിഞ്ഞതോടെ ഞാൻ കോൾ അധികം നീട്ടിയില്ല. അവളുടെ കുറച്ചു വിശേഷങ്ങൾ ഒക്കെ തിരക്കി ഞാൻ കോൾ കട്ട് ചെയ്തു.. ഇഷാനിയോട് എല്ലാം പറഞ്ഞു കഴിഞ്ഞു വേണം ഇവളോട് എല്ലാം പറയാൻ. രണ്ട് പേരുടെയും പ്രതികരണം എങ്ങനെ ആയിരിക്കും എന്നോർത്തു എന്റെ തല പെരുത്തു. കൂടുതൽ അതിനെ പറ്റി ആലോചിക്കാതെ ഇരിക്കുന്നത് ആണ് നല്ലതെന്ന് എനിക്ക് തോന്നി