ആദി പറഞ്ഞു കഴിയുമ്പോഴേക്കും രേണു ഡോർ തുറന്ന് ബാഗ് വണ്ടിയിൽവച്ചു. ഇന്ദു അവളുടെ കയ്യിൽ പിടിച്ചെങ്കിലും രേണു കൂട്ടാക്കിയില്ല.
: ഈ രാത്രി ഏറ്റവും സുരക്ഷിതമായി പോകാൻ പറ്റുന്നത് ആദിയേട്ടന്റെ കൂടെത്തന്നെയാ.. അമ്മ വെറുതേ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാൻ നിൽക്കാതെ കയറാൻ നോക്ക്..
ഗത്യന്തരമില്ലാതെ ഇന്ദു ആദിയുടെ കൂടെ യാത്ര തുടർന്നു. അസമയത്ത് ബാഗുമായി വന്ന മകളെ കണ്ടതോടെ ഇന്ദുവിന്റെ അമ്മയുടെ മുഖം വാടി. മുഖം കനപ്പിച്ച് പുറത്തേക്കിറങ്ങിവന്ന ആങ്ങളയുടെ മുഖത്തേക്ക് നോക്കാതെ ഇന്ദുവും രേണുവും വീടിനകത്തേക്ക് പ്രവേശിച്ചു. മുഖത്തെ സന്ദേഹങ്ങൾ മാറ്റിവച്ച് ആദിയോട് അയാൾ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കാര്യങ്ങളൊക്കെ കേട്ടറിഞ്ഞശേഷം പുച്ഛഭാവത്തോടെ ഒരു ചിരിയും ചിരിച്ചുകൊണ്ട് അയാൾ ആദിയെ യാത്രയാക്കി. വീട്ടിൽ തിരിച്ചെത്തിയ ആദി, കൃഷ്ണന്റെ വഴിവിട്ട സഞ്ചാരം നിരീക്ഷിക്കാൻതന്നെ തീരുമാനിച്ചു.
അടുത്ത ദിവസംതന്നെ നാട്ടിലാകെ വാർത്ത പരന്നു. ഇന്ദു കൃഷ്ണനുമായി പിണങ്ങി വീടുവിട്ടിറങ്ങിയെന്നേ നാട്ടുകാർക്ക് അറിയൂ. കൃഷ്ണന്റെ കൂട്ടുകെട്ടും വെള്ളമടിയുമാണ് ഇന്ദുവിനെകൊണ്ട് ഈ കടുംകൈ ചെയ്യിച്ചതെന്ന് കുടുംബശ്രീയിലടക്കം ചർച്ചയായി. ഇനിയെങ്കിലും അവൻ നന്നാകുമോ എന്ന് നോക്കട്ടെയെന്ന് ചിലർ പറയുമ്പോൾ ഇനിയങ്ങോട്ട് എല്ലാത്തിനുമുള്ള ലൈസെൻസ് ആയല്ലോ എന്ന് മറ്റുചിലർ.
ദിവസങ്ങൾ കടന്നുപോയി. ആദി തന്റെ വിശ്വസ്തനായ കൂട്ടുകാരൻ അനന്തുവിനെയും കൂട്ടി ആയിഷയുടെ ജാതകം പരതിയിറങ്ങി. കൃഷ്ണന്റെ കൂട്ടുകാർക്കൊക്കെ അയാൾ നന്നയിക്കാണണമെന്ന് ആഗ്രഹമുള്ളവരാണ്. പക്ഷെ ആരും കൃഷ്ണനോട് തുറന്നുപറയുകയുമില്ല. കൃഷ്ണന്റെ വണ്ടി സ്ഥിരമായി ഓടിക്കുന്ന ബാബുവേട്ടനാണ് കൃഷ്ണന്റെ ഒട്ടുമിക്ക ദിനചര്യകളും അറിയുന്നത്. ആദി ബാബുവിനെ സമീപിച്ചതും അയാൾക്ക് സന്തോഷമായി.
എങ്ങനെങ്കിലും തന്റെ ആത്മാർത്ഥ കൂട്ടുകാരൻ കൃഷ്ണന്റെ ജീവിതം തിരികെപിടിക്കണമെന്ന് അയാൾക്ക് അതിയായ ആഗ്രഹമുണ്ട്. ആയിഷ എന്ന സ്കൂൾ കാലം മുതലുള്ള പെണ്ണിനെക്കുറിച്ചാണ് ബാബുവിന് പറയാനുണ്ടായിരുന്നത്.സുന്ദരനും സുമുഖനുമായ കൃഷ്ണൻ തന്റെ ആദ്യ പ്രണയം തുറന്നുപറയുമ്പോൾ ധൈര്യത്തിന് ബാബുവും കൂടെയുണ്ടായിരുന്നു.
രണ്ടു മതത്തിൽ പെട്ടവർ പ്രേമിക്കുന്നതിൽ തെറ്റില്ല പക്ഷെ അതിന്റെ ഭാവി എന്താകുമെന്ന് കണ്ടുതന്നെ അറിയണമെന്ന് കൃഷ്ണന് നിശ്ചയമുണ്ടായിരുന്നു. ഈജിപ്ഷ്യൻ രാജ്ഞിമാരെ വെല്ലുന്ന സൗന്ദര്യമായിരുന്നു തട്ടത്തിൻ മറയത്തെ ചെഞ്ചോര ചുണ്ടുകളാൽ പുഞ്ചിരിതൂകുന്ന ആയിഷയുടെ മുഖത്തിന്. അറബിനാട്ടിലെ അത്തറിന്റെ മണമാണ് അവളുടെ മേനിക്ക്. ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഒരാൺകുട്ടിപോലും ആയിഷയെ നോക്കാതിരുന്നില്ല. പ്രണയാഭ്യർത്ഥനകൾ ഓരോന്നായി വന്നുകൊണ്ടിരുന്നപ്പോഴും അവളുടെ കണ്ണുകളിൽ തെളിഞ്ഞത് കള്ള കൃഷ്ണന്റെ മുഖമായിരുന്നു.