അതുകേട്ടു അഞ്ജുവും മഞ്ജുസും ചിരിച്ചു മുഖാമുഖം നോക്കി . അത് മൈൻഡ് ചെയ്യാതെ ഞാൻ റൂമിലേക്ക് നടക്കാൻ തുടങ്ങി .
“എടോ..എനിക്കൊരു ചായ വേണം ..”
ഞാൻ പെട്ടെന്ന് മുകളിലേക്കുള്ള സ്റ്റെയർ കേസ് കയറികൊണ്ട് മഞ്ജുസിനെ പിന്തിരിഞ്ഞു നോക്കി പറഞ്ഞു .
“ആഹ്…ഞാൻ കൊണ്ട് വരാം ”
മഞ്ജുസ് പയ്യെ പറഞ്ഞു തലയാട്ടി . വീട്ടിൽ വരെയുള്ളവരുടെ മുൻപിൽ വെച്ച് അവള് എന്നെ എടാ…പോടാ…എന്ന് വിളിക്കില്ല . ഞാൻ അവളെ “എടോ” എന്ന് മാത്രമേ അഭിസംബോധന ചെയ്യൂ . ബെഡ്റൂമിൽ പിന്നെ എന്തും ആവാലോ !
“മ്മ്..കൊണ്ട് കൊടുക്ക്..ഞാൻ പറഞ്ഞത് ഇഷ്ടായിട്ടു ഉണ്ടാവില്ല ”
അഞ്ജു ചിരിയോടെ മഞ്ജുസിന്റെ തോളിൽ തട്ടികൊണ്ട് പറഞ്ഞു .
“ഏയ് ..സത്യം ആയിട്ടും അവന് നിന്നെ വല്യ ഇഷ്ടാ ..അവൻ തന്നെയാ പറഞ്ഞെ അഞ്ജുവിനു എന്തേലും വാങ്ങണം എന്ന് ..”
മഞ്ജുസ് ചിരിയോടെ പറഞ്ഞുകൊണ്ട് എഴുനേറ്റു .
“അതൊക്കെ എനിക്കറിയാം ചേച്ചി….ഞാൻ ചുമ്മാ അവനെ ചൊറിയാൻ വേണ്ടി പറയണതല്ലേ ”
അഞ്ജു മഞ്ജുസിനെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു .
“മ്മ്..ശരി ശരി ..നീ വിട്ടെ..ഞാൻ ചായ എടുക്കട്ടേ ”
മഞ്ജുസ് തീർത്തു പറഞ്ഞു അടുക്കളയിലേക്ക് നീങ്ങി .
മഞ്ജുസ് അടുക്കളയിൽ ചെല്ലുമ്പോൾ അമ്മ അവിടെ ഉണ്ടായിരുന്നു . മഞ്ജുസിനെ കണ്ടതും അമ്മ ചിരിയോടെ കാര്യം തിരക്കി .
“എന്താ മോളെ ?”
“ഏയ് ഒന്നും ഇല്ല അമ്മാ ..കവിക്ക് ചായ വേണം എന്ന് ..”
മഞ്ജു പരുങ്ങലോടെ പറഞ്ഞു സ്റ്റവ്വിനു അടുത്തേക്ക് നീങ്ങി .
“ചായ ഒക്കെ ഞാൻ ഉണ്ടാക്കി തരാം ..മോള് ഇപ്പൊ വന്നു കയറിയല്ലേ ഉള്ളു ”
അമ്മ മരുമകളോട് പതിവില്ലാത്ത സ്നേഹം കാണിച്ചു സ്റ്റവ്വിൽ തീ പകർന്നു ചായക്ക് വെള്ളം തിളപ്പിച്ച് തുടങ്ങി .
പിന്നെ ഓരോ വിശേഷങ്ങൾ തിരക്കി . സത്യം പറയാലോ ഇവളെന്തു കൂടോത്രം ചെയ്തിട്ടാണ് അമ്മയും അഞ്ജുവും ഒക്കെ ഇത്ര സ്നേഹിക്കുന്നതെന്നു എനിക്കിപ്പോഴും അജ്ഞാതം ആണ് . എന്ത് പറഞ്ഞു അടി ഉണ്ടായാലും , എന്റെ ഭാഗത്തു ന്യായം ഉണ്ടായാലും അവരൊക്കെ സപ്പോർട്ട് ചെയ്യുക മഞ്ജുവിനെ ആണ് . എന്നെ തവിടു കൊടുത്തു വാങ്ങിയതാണോ എന്ന സംശയം ബലപ്പെടുന്നത് അപ്പോഴൊക്കെയാണ് !
“വീട്ടിനു അച്ഛനും അമ്മയുമൊക്കെ വിളിച്ചായിരുന്നോ ?”
അമ്മ വെള്ളം തിളക്കുന്നതു നോക്കി മഞ്ജുവിനോടായി ചോദിച്ചു .
“ആഹ്…വിളിച്ചിരുന്നു ..ഇന്നലെ കൂടി അച്ഛൻ വിളിച്ചു..കവിയും കുറച്ചു നേരം എന്തൊക്കെയോ സംസാരിച്ചു “