“വരുവാ ചേച്ചി ..വെറുതെ അല്ലാട്ടോ അവൻ ചൂടാവുന്നെ ..”
മഞ്ജുവിന്റെ വിളിയുടെ എണ്ണം കൂടുന്നത് കേട്ട് അഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു .
മഞ്ജു അതെ കേട്ട് ഒന്ന് ജാള്യതയോടെ എന്നെ നോക്കി . പിന്നെ എന്റെ അടുത്ത് കിടന്ന കസേരയിലേക്കിരുന്നു വേണ്ടത് പ്ളേറ്റിലേക്കു എടുത്തിട്ടു.
അപ്പോഴേക്കും അഞ്ജുവും വന്നിരുന്നു . എന്നെയും മഞ്ജുവിനെയും ഒന്ന് മാറിമാറി നോക്കി പുഞ്ചിരിച്ചു അവൾ സ്വയം എടുത്തു വിളമ്പി .പിന്നെ വളരെ വേഗം കഴിച്ചു തുടങ്ങി . കോളേജിൽ പോകാൻ വൈകിയതിന്റെ എഫ്ഫക്റ്റ് ആണ് .
“പതുക്കെ കഴിക്കേടൊ”
മഞ്ജുസ് അവളുടെ തീറ്റ കണ്ടു അന്തം വിട്ടു പയ്യെ പറഞ്ഞു
“നേരമൊക്കെ പോയി ചേച്ചി …പിന്നെ ചേച്ചി പറഞ്ഞോണ്ട് കഴിക്കാമെന്നു വെച്ചതാ. ”
ആര്യ ചിരിയോടെ പറഞ്ഞു.
“അത് കിടന്നുറങ്ങുമ്പോ ആലോചിക്കണം ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ഒരു കഷ്ണം വായിലിട്ടു ചവച്ചു .
“പറയുന്ന ആള് പിന്നെ പുലർച്ചക്കാണല്ലോ എഴുന്നേക്കുന്നെ ”
കിട്ടിയ ഗ്യാപ്പിൽ എനിക്കിട്ടൊന്നു വെച്ച് ഗ്ലാസ്സിലുണ്ടായിരുന്ന ചായയും ഒറ്റവലിക്ക് കുടിച്ചു അവളെഴുന്നേറ്റു .മഞ്ജുസ് ഞങ്ങളുടെ കൊടുക്കൽ വാങ്ങൽ നോക്കി പയ്യെ കഴിച്ചു .അപ്പോഴേക്കും അഞ്ജു കയ്യൊക്കെ കഴുകി ബാഗും എടുത്തിട്ട് ഇറങ്ങാൻ തുടങ്ങി .
“ചേച്ചി ഞാൻ പോവാണേ…വൈകീട്ട് കാണാം ”
ബാഗും ഇട്ടു ഉമ്മറത്തേക്ക് ഓടി അഞ്ജു തിടുക്കപ്പെട്ടു .
“ആഹ് ആഹ് …”
അവളുടെ ഓട്ടം നോക്കി മഞ്ജുസ് ചിരിച്ചുകൊണ്ട് പറഞ്ഞു .
“എടാ നിനക്ക് അവളെ കൊണ്ട് വിട്ടൂടെ ”
മഞ്ജുസ് അവൾ നടന്നു പോകുന്നത് കണ്ടു പാവം തോന്നി പറഞ്ഞു .
“ഓ പിന്നെ ..ഞാനും നടന്നിട്ടു തന്നെയാ പോയിരുന്നത്…”
ഞാൻ അതത്ര പിടിക്കാത്ത മട്ടിൽ പറഞ്ഞു .
“എന്നാലും പാവല്ലേ അത് ..”
മഞ്ജു വിഷമത്തോടെ പറഞ്ഞു .
“എന്റെ മഞ്ജുസെ..ഞാൻ ഇടക്കൊക്കെ അതിനെ കോളേജ് വരെ കൊണ്ട് വിടുന്നതാ …ഇന്നും ചോദിച്ചതാ..അവള് വേണ്ടെന്നു പറഞ്ഞതാ ..”
ഞാൻ ഉള്ള കാര്യം ഒടുക്കം പറഞ്ഞപ്പോഴാണ് അവൾക്കു വിശ്വാസം ആയത് .
“ആ പോയതും നിന്നെ പോലെ തന്നെ ആണ്..ഓന്തിന്റെ സ്വഭാവം ആണ് ..”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു പയ്യെ കഴിച്ചു . എന്നെ ഒന്ന് തറപ്പിച്ചു നോക്കി മഞ്ജുസും !