“ഹലോ മാഷേ ..”
വാതിൽക്കലെത്തി ആമ തലനീട്ടുന്ന പോലെ തല നീട്ടി റോസമ്മ എന്റെ നേരെ കൈവീശി . അവൾക്കു പുറകിൽ മഞ്ജുസും ഉണ്ടായിരുന്നു .
കട്ടിലിന്റെ ക്രാസിയിൽ ചാരി ഇരുന്ന ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു .
“വാടോ ..”
ഞാൻ അവളെ കൈമാടി വിളിച്ചുകൊണ്ട് പറഞ്ഞു .
അതോടെ റോസമ്മയും മഞ്ജുസും കൂടി എന്റെ അടുത്തേക്കെത്തി . ക്രാസിയിൽ ചാരിയിരുന്ന എന്നെ റോസമ്മ വന്നൊന്ന് ഹഗ് ചെയ്തു . മഞ്ജുസിനെ പോലെ തന്നെ സുഖമുള്ളൊരു മണം അവളിലുമുണ്ട് !
“എത്ര കാലം ആയെടോ തന്നെ കണ്ടിട്ട് ..ഒടുക്കം കണ്ടത് ഈ കോലത്തിലും ”
റോസമ്മ ചെറു ചിരിയോടെ പറഞ്ഞു എന്റെ കഴുത്തിൽ കൈചുറ്റി . മഞ്ജുസ് അത് നോക്കി നിൽപ്പുണ്ട്. മുൻപ് അവളുടെ കല്യാണത്തിന് പോയപ്പോഴും റോസമ്മ അവളുടെ മുൻപിൽ വെച്ച് എന്നെയിങ്ങനെ കെട്ടിപിടിച്ചിട്ടുള്ളതാണ് . അതുകൊണ്ട് തന്നെ മഞ്ജുസിനു അതിൽ എതിർപ്പൊന്നും ഇല്ല !
“ഡോ ഡോ മതി മതി ..എനിക്ക് ശ്വാസം മുട്ടുന്നുണ്ട് ..”
അവളുടെ ഹഗ് ചെയ്യുന്ന രീതി കുറച്ച് ഓവർ ആകുന്നുണ്ടോ എന്ന് കരുതി ഞാൻ ചിരിയോടെ പറഞ്ഞു . മാത്രമല്ല മഞ്ജുസിനു ഇനി അതൊരു അസ്വസ്ഥത ആകരുതല്ലോ !
“ഓ…സോറി …”
റോസമ്മ ചിരിച്ചുകൊണ്ട് എന്നെവിട്ടു അകന്നുമാറി . പിന്നെ ചെറിയൊരു പുഞ്ചിരിയോടെ മഞ്ജുസിനെ നോക്കി .
“എടോ താൻ ഒന്നും വിചാരിക്കല്ലേ ..”
റോസമ്മ ഒരു മുൻകൂർ ജാമ്യം പോലെ മഞ്ജുസിനെ നോക്കി പറഞ്ഞു .
“ഏയ്…”
മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു ബെഡിലേക്കിരുന്നു . അതിനൊപ്പം റോസമ്മയും .
“ഹോസ്പിറ്റലിൽ കിടന്നോണ്ടാവും മൊത്തത്തിലൊരു ക്ഷീണം ഉണ്ടല്ലേ ഇയാൾക്ക് ?”
എന്നെ അടിമുടിയൊന്നു നോക്കി റോസമ്മ മഞ്ജുസിനോടായി ചോദിച്ചു .
“ആഹ്…കുറച്ചൊക്കെ ..”
മഞ്ജുസ് അർഥം വെച്ച് പറഞ്ഞു എന്നെ നോക്കി കണ്ണിറുക്കി .
“മ്മ്..ആക്ച്വലി എന്താ ഉണ്ടായത് ? നിങ്ങള് വഴക്കിട്ടെന്നൊക്കെ അന്ന് വിളിച്ചപ്പോ കവി പറഞ്ഞല്ലോ ?”
റോസമ്മ ഒന്നമർത്തി മൂളിയ ശേഷം മഞ്ജുവിനോടായി തിരക്കി.
റോസമ്മയുടെ ആ ചോദ്യം കേട്ടതും മഞ്ജുസും ഞാനും ഒന്ന് പുഞ്ചിരിച്ചു . കഴിഞ്ഞ വഴക്കൊക്കെ ഇപ്പൊ ഓർക്കുമ്പോൾ വെറും തമാശ ആണെന്ന ഭാവം ആയിരുന്ന ഞങ്ങൾക്ക് .
“എന്താ നിങ്ങള് ചിരിക്കൂന്നേ ?”
റോസമ്മ ഞങ്ങളെ മാറി മാറി നോക്കി അമ്പരപ്പോടെ ചോദിച്ചു .
“ഏയ് ഒന്നുമില്ലെടോ ..ഞങ്ങളുടെ വഴക്കിന്റെ പ്രധാന കാരണം , കോട്ടയത്തുള്ള ഒരു നസ്രാണി പെണ്ണാ ..”
ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞപ്പോൾ റോസമ്മ ഒന്ന് നെറ്റി ചുളിച്ചു .