“എന്തായി ഇവിടത്തെ കാര്യങ്ങളൊക്കെ ?”
ഞാൻ പയ്യെ ചോദിച്ചുകൊണ്ട് മാറിൽ കൈപിണച്ചു കെട്ടി .
“കുഴപ്പമില്ല. രാവിലത്തെ പൂജയും കർമവും ഒക്കെ കഴിഞ്ഞു . ഇനി കലശം ആണ് . അതിന്റെ ഒരുക്കങ്ങളൊക്കെ നടക്കുന്നു . ..പിന്നെ വൈകീട്ട് താലവും ദീപാരാധനയും . ആഹ് ഒക്കെ നിനക്ക് അറിയുന്നത് തന്നെ അല്ലെ..”
അങ്ങേര് ചെറു ചിരിയോടെ പറഞ്ഞു . ഞങ്ങൾ ക്ഷേത്രത്തിനു മുൻപിൽ നിന്ന് അങ്ങനെ സംസാരിക്കവെ മഞ്ജുസിന്റെ ബന്ധുക്കളും അങ്ങേരുടെ ചില സുഹൃത്തുക്കളും ഒപ്പം കൂടി .
“ആഹ്..വേണുവേട്ടാ ..ഇത്..മരുമോൻ ആണല്ലേ ?”
എന്നെ നോക്കി ചിരിച്ചു കാണിച്ചുകൊണ്ട് ഒരു മധ്യവയസ്കനായ ചങ്ങായി അങ്ങേരെ നോക്കി .
“ആഹ്…ഇത് തന്നെ ആള്..”
പുള്ളി ചിരിയോടെ പറഞ്ഞു എന്നെ അവർക്കു പരിചയപ്പെടുത്തി .
പിന്നെ അവരോടൊക്കെ ഒന്ന് വിശേഷങ്ങളും കുശലവും പറഞ്ഞു നിന്നു.ഒപ്പം മഞ്ജുവിന്റെ ചെറിയച്ഛന്മാരും കൂടി . അപ്പോഴേക്കും അമ്പലമുറ്റത്തു നിന്നു വിളിയെത്തി . ഇനിയെന്തോ കവടി നിരത്തിയുള്ള പ്രെശ്നം വെപ്പ് ആണ് നടക്കാൻ പോകുന്നത് . അതിനുള്ള പണിക്കന്മാരും ജ്യോതിഷികളുമൊക്കെ ആസനസ്ഥരായി തയ്യാറായിട്ടുണ്ട് . തറവാട്ടിലെ കാരണവർ സ്ഥാനത്തുള്ള മഞ്ജുസിന്റെ അച്ഛൻ അതിന്റെ മുൻപന്തിയിൽ വേണമെന്ന് നിര്ബന്ധമാണ് . തറവാടിന്റെ പേരിലും ക്ഷേത്രത്തിന്റെ പേരിലും പ്രെശ്നം വെപ്പ് നടത്തി ഈശ്വര ഹിതം , അറിയേണ്ടതും പരിഹാര കർമങ്ങൾ ചെയ്യേണ്ടതുമുണ്ട് . ആഹ്..അതൊക്കെ എന്തിനാ ഇവിടെ പറയുന്നത് അല്ലെ ? അത് അതിന്റെ വഴിക്ക് നടക്കട്ടെ …
വിളി വന്നതോടെ അവർ പിൻവാങ്ങി .
“എന്ന കവി അകത്തോട്ടു ചെന്ന് വേഷം ഒകെ ഒന്ന് മാറ് . മഞ്ജു അകത്തെവിടെയെങ്കിലും കാണും .ഞാൻ അവിടെ ഒന്ന് പോയിനോക്കട്ടെ .”
മഞ്ജുസിന്റെ അച്ഛൻ തിടുക്കത്തിൽ പറഞ്ഞുകൊണ്ട് തലയാട്ടി കാര്യങ്ങൾ ധരിപ്പിച്ചു .
“ആഹ്…ശരി..”
ഞാനും പയ്യെ പറഞ്ഞു .
പിന്നെ നേരെ വീട്ടിനകത്തേക്ക് നടന്നു . ഉമ്മറത്തും ആൾകൂട്ടം ഉണ്ട്.തിണ്ണയിലോക്കെ ഇരുന്നു ഓരോ അമ്മാവന്മാർ സൊറ പറയുന്നുണ്ട്. മഞ്ജുസിന്റെ മുത്തശ്ശിയും ഉമ്മറത്തെ ചാരുകസേരയിൽ ഇരിപ്പുണ്ട്. എന്നെക്കണ്ടതും കക്ഷി ഒന്ന് പുഞ്ചിരിച്ചു .
പിന്നെ പുള്ളിക്കാരിയുമായി ഒന്ന് കുശലം പറഞ്ഞിരുന്നു . അപ്പോഴേക്കും എന്നെ കണ്ട ആരോ അകത്തിരുന്ന മഞ്ജുസിനോട് ഞാൻ വന്ന കാര്യം അറിയിച്ചിരുന്നു . അവളുടെ ചില കസിൻസ് ഉമ്മറത്ത് ഞാൻ മുത്തശ്ശിയുമായി സംസാരിക്കുന്നത് കണ്ടുകാണും . എങ്ങനെയാകും കക്ഷി ഞാനെത്തിയ വിവരം അറിഞ്ഞത്.
അതോടെ എന്റെ നായികയെ ഒന്ന് കാണാൻ പറ്റി .
“കവി….”