മഞ്ജുസിനു ഒരവസരം കൊടുക്കാതെ ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു ഫോൺ വെച്ചു.
എങ്ങനേലും ഒന്ന് എത്തിക്കിട്ടിയാൽ മതി എന്ന മാനസികാവസ്ഥയിൽ സാമാന്യം നല്ല സ്പീഡിൽ ആണ് ഞാൻ വണ്ടിയോടിച്ചത് . അതുകൊണ്ട് അരമുക്കാൽ മണിക്കൂർ കൊണ്ട് വീടെത്തി . വീട്ടു മുറ്റത്തു വാഹനങ്ങളുടെ ബാഹുല്യം എനിക്കറിയാവുന്നതുകൊണ്ട് പടിപ്പുരക്ക് സമീപത്തു റോഡിൽ തന്നെ കാർ നിർത്തിക്കൊണ്ട് ഞാൻ പുറത്തോട്ടിറങ്ങി .
പ്രതീക്ഷിച്ച പോലെ തന്നെ സാമാന്യം നല്ല ജനങ്ങൾ ഉണ്ട് . ഏറിയ പങ്കും മഞ്ജുസിന്റെ ഓരോ അലവലാതി ഫാമിലി മെംബേർസ് ആണ് . മിക്ക ആളുകളും സ്വല്പം കാശ് ടീം ആയതുകൊണ്ട് അതിന്റെതായ ഒരു ജാഡയും അഹങ്കാരവും എല്ലാത്തിനുമുണ്ട് . അതുകൊണ്ട് തന്നെ എനിക്ക് അവറ്റകളെ കണ്ടൂടാ.
വരുന്നത് വരട്ടെ എന്നുവെച്ചു ഞാൻ അകത്തേക്ക് കടന്നു . കാറിന്റെ കീ കയ്യിൽ പിടിച്ചുകൊണ്ട് ഞാൻ മൊബൈൽ പാന്റ്സിന്റെ പോക്കറ്റിലിട്ടു . ഒരു വൈറ്റ് ഷർട്ടും ബ്ലൂ കളർ ജീൻസും ആയിരുന്നു എന്റെ വേഷം .
പടിപ്പുര കടന്നതോടെ തന്നെ അവിടത്തെ അന്തരീക്ഷം എനിക്ക് വ്യക്തമായി . കുരുത്തോലയും കൊടി തോരണവും പൂജയും ഹോമവും മന്ത്രവാദ കളവും ഒക്കെ ആയി ക്ഷേത്ര മുറ്റം എന്ഗേജ്ഡ് ആണ് .
രാത്രി നാഗപാട്ടും കളം മായ്ക്കലും ഗുരുതിയും ഒക്കെ ഉള്ളതാണ് . അതിന്റെ ഒരുക്കങ്ങൾ നടന്നു കൊണ്ടിരിക്കുന്നു . ഞാൻ അതൊക്കെ ശ്രദ്ധിച്ചുകൊണ്ട് പൂഴിമണ്ണ് നിറഞ്ഞ മുറ്റത്തൂടെ നടന്നു . എന്നെ മനസിലായ ചില ബന്ധുക്കൾ പുഞ്ചിരിക്കുകയും ഷേക് ഹാൻഡ് നല്കുകയുമൊക്കെ ചെയ്യുന്നുണ്ട് . അവരെ നോക്കി തിരിച്ചും ഞാൻ അപ്രകാരം ചെയ്തു .
പക്ഷെ എന്റെ കണ്ണുകൾ തിരഞ്ഞിരുന്നത് മഞ്ജുസിനെയാണ് . അവളെ മുൻവശത്തൊന്നും കാണുന്നില്ല എന്നത് എന്നെ ചെറുതായി നിരാശപ്പെടുത്തി . അപ്പോഴേക്കും എന്നെ കണ്ട മഞ്ജുവിന്റെ അച്ഛൻ ആൾകൂട്ടത്തിൽ നിന്നും പിൻവാങ്ങി എന്റെ അടുത്തേക്കെത്തി . ആൾക്കാരോട് എന്തൊക്കെയോ സംസാരിച്ചു നിന്നിരുന്ന അദ്ദേഹം എന്നെ കണ്ടതോടെ എന്തോ ഒഴിവുകഴിവു പറഞ്ഞു മുങ്ങിയതാണ് .എന്തൊക്കെ പറഞ്ഞാലും മകളുടെ ഭർത്താവ് ആണല്ലോ ! മാത്രമല്ല ഈയിടെ ആയി ഓഫീസിൽ കാര്യത്തിലൊക്കെ സ്വല്പം മെച്ചപ്പെട്ടതുകൊണ്ട് കക്ഷിക്ക് ചെറിയൊരു സോഫ്റ്റ് കോർണരും വന്നു തുടങ്ങിയിട്ടുണ്ട് .
“ആഹ്…കവി വന്നോ…വാ വാ..”
മഞ്ജുസിന്റെ അച്ഛൻ ഗൗരവം നിറഞ്ഞ സ്വരത്തിൽ എന്നെ പുഞ്ചിരിയോടെ വരവേറ്റു . പരസ്പരം ഹസ്തദാനം നൽകി അമ്മായിയപ്പനും മരുമോനും ഒന്ന് പുഞ്ചിരിച്ചു .