പക്ഷെ ഞാൻ സ്വല്പം മാറിയാണ് നിന്നത് . ഞാൻ ആ തറവാട്ടിൽ ഉള്ള സന്തതി അല്ലല്ലോ . സംബന്ധക്കാരൻ അല്ലെ !
പക്ഷെ വിധിയോ , അതോ യാദൃശിചികമോ എന്നറിയില്ല. കോമരം ഉറഞ്ഞു തുള്ളി തറവാട്ടിലെ പുതിയ സന്തതിയെ കാണണമെന്ന് മഞ്ജുസിന്റെ അച്ഛനോട് കൽപ്പിച്ചു .
“ഹ്മ്മ്മ്….മകളുടെ മംഗല്യം അമ്മ പറഞ്ഞത് പോലെ തന്നെ ഉടനെ സംഭവിച്ചു അല്ലെ….”
കോമരം ഉറഞ്ഞു തുള്ളി മഞ്ജുസിന്റെ അമ്മയോടും അച്ഛനോടും മുത്തശ്ശിയോടുമൊക്കെ ആയി തിരക്കി .
അതിനു അവർ തലയാട്ടി സമ്മതം അറിയിച്ചു.
“ഹ്മ്മ്മ്…..സന്തോഷം ആയല്ലോ അല്ലെ….”
കയ്യിലെ ഉടവാൾ ചുഴറ്റി അരിയും പൂവും വിതറികൊണ്ട് കോമരം വീണ്ടും ചോദിച്ചു.
“ഉവ്വ്….”
മുത്തശ്ശി പയ്യെ പറഞ്ഞു.
“മ്മ്മ്…..എവിടെ….എന്നിട്ട് എന്റെ പൈതങ്ങൾ എവിടെ ..”
കോമരം ചുറ്റും നടന്നുകൊണ്ട് എന്നെയും മഞ്ജുവിനെയും തിരഞ്ഞു . അതോടെ തറവാട്ടിലെ കരണവന്മാരായ അമ്മാവന്മാർ എന്റെ നേരെ കണ്ണെറിഞ്ഞു കൊണ്ട് പിന്തിരിഞ്ഞു നോക്കി .
പിന്നെ എന്നോട് മുന്പിലോട്ടു ചെന്ന് ഭഗവതിയെ വണങ്ങാൻ പറഞ്ഞു . എനിക്ക് ഈ വക പരിപാടിയിൽ വല്യ വിശ്വാസമോ , താല്പര്യമോ ഇല്ലാത്തതാണ് . എന്നാലും എല്ലാവരും നിര്ബന്ധിച്ചപ്പോ ഞാൻ പയ്യെ മുന്നോട്ടു നടന്നു . അതിനിടക്ക് ആരോ ഷർട്ട് അഴിക്കാൻ പറഞ്ഞപ്പോൾ ഞാൻ ബട്ടൻസ് അഴിച്ചു ഒരുവശം മാത്രം ഷർട്ട് തൂക്കിയിട്ടു നടന്നു . അപ്പോഴേക്കും മഞ്ജുസും മുന്പന്തിയിലേക്ക് കയറി നിന്നു. ഞാൻ വഴി പകുത്തുകൊണ്ട് കയറി വരുന്നത് അവിടെ കൂടി നിൽക്കുന്നവരും മഞ്ജുസും എല്ലാം നോക്കുന്നുണ്ട്.
ഞാൻ ഒഴിഞ്ഞു മാറി നിന്നത് ശരിയായില്ല എന്ന് എനിക്കും തോന്നിപ്പോയ സമയം . അങ്ങനെ ഒരുവിധം പണിപ്പെട്ടു ഞാൻ പ്രധാന ഭഗവതി സന്നിധിയിലെത്തി.
“അങ്ങോട്ട് ചേർന്ന് നിൽക്ക് മോനെ..അവളോടൊപ്പം നിക്ക്…”
ഞാൻ അങ്ങോട്ടെത്തിയതും മഞ്ജുവിന്റെ അമ്മ എന്നോടായി പറഞ്ഞു . പിന്നെ ഉറഞ്ഞു തുള്ളുന്ന കോമരത്തെ ഭയ ഭക്തിയോടെ നോക്കി .
ഞാനുമ്മമാഞ്ചസ് ചേർന്ന് നിന്നുകൊണ്ട് കോമരത്തെ വണങ്ങി . അതോടെ ഉടവാൾ ചുഴറ്റി ഭഗവതി ഞങ്ങളെ അനുഗ്രഹിച്ചുകൊണ്ട് അരിയും പൂവും വിതറി. പിന്നെ എന്റെ നെറുകയിൽ ആ ഉടവാൾ വെച്ചുകൊണ്ട് കൂടിനിൽക്കുന്നവരുടെ ഇടയിലേക്ക് നോക്കി അലറി…
“ഹ്രാ……ഹ്മ്മ്മ്മ്…….എന്റെ കുട്ടിക്ക് വിഷമം ഉണ്ട്….അല്ലെ….”