“ആഹ്…കാര്യായിട്ട് ഒന്നും കാണില്ലന്നെ . നീ അതിനു ഇങ്ങനെ ടെൻഷൻ ആവണ്ട ”
അവളുടെ വെപ്രാളം കണ്ടു ഞാൻ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു .
“പിന്നെ ടെൻഷൻ ആവാതെ..എന്റെ അമ്മയല്ലേ…”
മഞ്ജു ചാടിക്കടിച്ചുകൊണ്ട് എന്റെ നേരെ ചീറ്റി .
“എടി പോത്തേ..അതിനു നീ ചുമ്മാ ടെൻഷൻ അടിച്ചിട്ടെന്താ…നമുക്ക് പോകാം. പക്ഷെ ആദ്യം നീ വല്ല തുണിയും എടുത്തുടുക്ക്. ഈ കോലത്തിൽ ആണോ പോകുന്നത് ”
അവളുടെ രൂപം ഓർത്തു ഞാൻ പയ്യെ പറഞ്ഞു .
“ആഹ്…അതൊക്കെ ഞാൻ റെഡി ആവാം…അപ്പോഴേക്കും നീ ഒന്ന് അച്ഛനെ വിളിക്ക്..എന്നിട്ട് എന്താ കാര്യം എന്ന് ചോദിക്ക്….ഒന്ന് എളുപ്പം നോക്ക് കവി..”
മഞ്ജുസ് അവളുടെ ഫോൺ എന്റെ കയ്യിലേക്ക് വെച്ചു തന്നിട്ട് തിരക്കുകൂട്ടി. പിന്നെ ബാഗിൽ നിന്നും ഒരു ജീൻസും ടോപ്പും എടുത്തിട്ടു.
ആ സമയം കൊണ്ട് ഞാൻ റൂമിൽ നിന്ന് പുറത്തിറങ്ങി മഞ്ജുസിന്റെ അച്ഛനുമായി സംസാരിച്ചു . ഒന്ന് രണ്ടു റിങ് കഴിഞ്ഞപ്പോൾ തന്നെ പുള്ളി ഫോൺ എടുത്തു.
“ആഹ് ..എന്താ അച്ഛാ ? എന്താ അമ്മക്ക് പറ്റിയത് ?”
കാൾ കണക്ട് ആയതും ഞാൻ മുഖവുര കൂടാതെ കാര്യം തിരക്കി .
“ആഹ്…അങ്ങനെ പേടിക്കാൻ മാത്രം ഒന്നും ഇല്ലെടോ . ശോഭനക്ക് വൈകീട്ടൊരു നെഞ്ചെരിച്ചിലും വേദനയുമൊക്കെ ഉണ്ടായിരുന്നു . ഇവിടെ ഒറ്റപ്പാലത്തു തന്നെ കൊണ്ടുപോയി ഇ.സി.ജി യും ടെസ്റ്റും ഒകെ എടുത്തു .അപ്പൊ ചെറിയ ഒരു ബ്ളോക് ഉണ്ടെന്നു അറിഞ്ഞു ..”
മഞ്ജുസിന്റെ അച്ഛൻ പറഞ്ഞു നിർത്തി.
“എന്നിട്ട് ? കുഴപ്പം വല്ലോം ഉണ്ടോ അച്ഛാ ”
ഞാൻ ആകാംക്ഷയോടെ ചോദിച്ചു .
“ഏയ് …എന്നാലും വെച്ചോണ്ട് ഇരിക്കേണ്ട എന്നുവെച്ചു ഞങ്ങള് നേരെ തൃശ്ശൂർക്ക് ഇങ്ങു പോന്നു. ഇവിടത്തെ ഹാർട്ട് ഹോസ്പിറ്റലിൽ ആണിപ്പോ . ചെറിയൊരു സർജറി പോലെ ..”
പുള്ളി പതിയെ പറഞ്ഞു .
“ശൊ..കഷ്ടം ആയല്ലോ …”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .
“ഏയ് ..അങ്ങനെ പേടിക്കാൻ ഒന്നും ഇല്ലെടോ . ..”
പുള്ളി ചെറു ചിരിയോടെ പറഞ്ഞു.
“മ്മ്..എന്തായാലും ഞങ്ങളങ്ങോട്ടു വരാം . മഞ്ജു അറിഞ്ഞേൽ പിന്നെ സ്വൈര്യം തരുന്നില്ല ”
ഞാൻ സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു .