മഞ്ജുസിന്റെ ദേഷ്യം വകവെക്കാതെ മീര എന്നെ നോക്കി .ഞാൻ ആണെങ്കിൽ കേൾക്കാനുള്ള ത്വരയിലും ആണ് .
“ആഹ് .എന്ന വേഗം പറ..മഞ്ജുസ് അങ്ങനെ പലതും പറയും ”
അവളുടെ സ്വഭാവം ഓർത്തു ഞാൻ മീരയെ പ്രോത്സാഹിപ്പിച്ചു .
“ആഹ്..അങ്ങനെ ട്രിപ്പ് പോയി ബീച്ചിലൊക്കെ അടിച്ചു പൊളിച്ചു നടക്കുവായിരുന്നു , അപ്പോഴാണ് ഇവൾക്ക് ഒരു പൂതി , എന്തായാലും വന്നതല്ലേ എല്ലാം ഒന്ന് എക്സ്പീരിയൻസ് ചെയ്യണം എന്ന് .നമ്മുടെ സമ്മർ ഇൻ ബെത്ലഹേമിലെ മഞ്ജു വാര്യർ ആണെന്ന വിചാരം! അവിടെ കിട്ടുന്ന കുറെ ബിയറും ഫെനിയും മദ്യവും ഒകെ വാങ്ങി ഓപ്പൺ ആയിട്ട് ബീച്ചിൽ കിടന്നു കാറ്റും വെയിലും കൊണ്ട് കുടിച്ചു തീർത്തു..”
മീര ചിരിയോടെ ഒന്ന് പറഞ്ഞു നിർത്തി. മഞ്ജുസ് അതെല്ലാം തല ചൊറിഞ്ഞു താല്പര്യമില്ലാത്ത മട്ടിൽ കേൾക്കുന്നുണ്ട് .
“എന്നിട്ട് ?”
ഞാൻ ആകാംക്ഷയോടെ ചോദിച്ചു . കൂട്ടത്തിൽ മഞ്ജുസിനെയും ഒന്ന് ഇടം കണ്ണിട്ടു നോക്കി .
“എന്നിട്ടെന്താ , ഞങ്ങൾക്കൊന്നും വല്യ താല്പര്യം ഇല്ലായിരുന്നു ..ഇവളോറ്റൊരുത്തിയുടെ നിർബന്ധം കാരണം പിന്നെ എല്ലാവരും കുറേശെ കഴിച്ചു. .കൂട്ടത്തില് കുറച്ചു അഹങ്കാരം ഉള്ളത് കൊണ്ട് മഞ്ജു വല്യ ഡയലോഗ് ഒക്കെ അടിച്ചു കുറച്ചു ഓവറായി കഴിച്ചു ! ഞങ്ങളിൽ ചിലര് ബാക്കിവെച്ചതും ഇവള് മോന്തിയെന്നു സാരം ”
മീര ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തിയതും മഞ്ജുസ് ഇടയ്ക്കു കയറി .
“മതി …ബാക്കി ഞാൻ തന്നെ അവനു പറഞ്ഞു കൊടുത്തോളം നീ നിർത്തിക്കെ..”
മീരയെ നോക്കി ദഹിപ്പിച്ചുകൊണ്ട് മഞ്ജു നിന്ന് തുള്ളി .
“ഓ പിന്നെ..അങ്ങനെ ആണെങ്കിൽ പിന്നെ ഇപ്പോഴയാലെന്താ ? അല്ലെടോ കവി ?”
മീര എന്നെ നോക്കി .
“ആഹ്..മീര പറ..മഞ്ജുസ് ആണേൽ പാതി വിഴുങ്ങി അവളുടെ ഭാഗം ഒകെ നീറ്റായി അവതരിപ്പിച്ചിട്ടേ പറയൂ…”
ഞാൻ മഞ്ജുസിനെ നോക്കി കണ്ണിറുക്കി പയ്യെ പറഞ്ഞു . അതോടെ മീര വീണ്ടും തുടങ്ങി .
“പൊന്നു മോനെ..ബാക്കി എങ്ങനെ പറയും എന്നൊന്നുമറിഞ്ഞൂടാ ..ഓന്തിനു മൂക്കുപൊടി കൊടുതെന്നൊക്കെ കേട്ടിട്ടേയുള്ളു , ഏതാണ്ട് അതുപോലൊരു അവസ്ഥ ആയിരുന്നു ഇവളുടെ , ഫിറ്റ് ആയിട്ട് ബീച്ച് മൊത്തം ഓടാനും അവിടെ കണ്ടവരെ ഒക്കെ പിടിച്ചു ഉമ്മവെക്കാനും തുടങ്ങി…ഹി ഹി ഹി…”
മീര ചിരിയോടെ കാര്യങ്ങൾ പറഞ്ഞതും മഞ്ജുസ് നാണക്കേട് കൊണ്ട് തല ചൊറിഞ്ഞു പല്ലിറുമ്മി .
“എന്നിട്ട് ?”
ഞാൻ ചിരിയോടെ ചോദിച്ചു .