“ഇവൾക്കൊരു മാറ്റവും ഇല്ല…”
മീര ആരോടെന്നില്ലാതെ പറഞ്ഞു എന്നെ നോക്കി ചിരിച്ചു എഴുനേറ്റു .
“കവിക്ക് എന്താ ചായയോ കൂൾ ഡ്രിങ്ക്‌സോ എന്താ വേണ്ടേ ?”
അടുക്കളയിലേക്ക് പോകാനൊരുങ്ങികൊണ്ട് മീര എന്നെ നോക്കി .
“എന്തായാലും മതി…”
ഞാൻ പയ്യെ പറഞ്ഞു കസേരയിൽ നിന്നുമെഴുന്നേറ്റു മഞ്ജുസിന്റെ അടുത്തേക്ക് ചെന്നിരുന്നു . അതോടെ തലയാട്ടികൊണ്ട് മീര സ്ഥലം വിട്ടു .അവൾ പോയതും ഞാൻ മഞ്ജുസിനോട് ഒട്ടിയിരുന്നു . അവളുടെ മുഖത്ത് ഫുൾ ഗൗരവം ആണ് . തൊട്ടാൽ പൊട്ടും എന്ന ഭാവം !
“അപ്പൊ ആളത്ര വെടിപ്പൊന്നും അല്ലല്ലോ ”
മീര പറഞ്ഞതോർത്തു ഞാൻ മഞ്ജുസിനെ നോക്കാതെ തന്നെ ആത്മഗതം പറഞ്ഞു മുൻപിലെ ടീപ്പോയിൽ ഇരുന്ന മാഗസിൻ എടുത്തു നോക്കി .
“കവി വെറുതെ എന്നെകൊണ്ട് ഒന്നും പറയിപ്പിക്കണ്ട ‘
ഞാൻ പറഞ്ഞത് ഇഷ്ടമാകാത്ത മഞ്ജു ദേഷ്യത്തോടെ എന്നെ നോക്കി .
“അയ്യടാ ..പിന്നെ ആ പെണ്ണ് പറഞ്ഞതോ ? ഈ കഥയൊക്കെ പിന്നെന്താ എന്നോട് പറയാഞ്ഞേ ?”
ഞാൻ കുസൃതിയോടെ അവളുടെ കയ്യിൽ തോണ്ടി .
“നീ ഒന്ന് ചുമ്മാ ഇരിക്കുന്നുണ്ടോ ?”
എന്റെ കൊഞ്ചൽ കണ്ടു മഞ്ജുസ് ചൂടായി .
“ഇല്ല…ഫുൾ ഡീറ്റെയിൽസ് അറിഞ്ഞിട്ടേ ഇനി ചുമ്മാ ഇരിക്കുന്നുള്ളു ..നീ തന്നെ പറ ”
ഞാൻ അവളെ പ്രതീക്ഷയോടെ നോക്കി .
അതിനു മഞ്ജുസ് ഒന്നും മിണ്ടാതെ മുഖം വെട്ടിച്ചു .
“അപ്പൊ ഡ്രിങ്ക്സ് ഒകെ കഴിക്കും അല്ലെ ?”
ഞാൻ അവളെ കളിയാക്കാനായി ഒന്നുടെ കൊളുത്തിട്ടു നോക്കി .
“കഴിക്കുവൊന്നും ഇല്ല..അന്നൊരു അബദ്ധം പറ്റിയതാ ഡാ ..”
എന്നെ തുറിച്ചൊന്നു നോക്കി മഞ്ജുസ് പയ്യെ പറഞ്ഞു . ഒടുക്കം അന്നത്തെ അബദ്ധം ഓർത്തെന്നോണം പുഞ്ചിരിച്ചു .
“അതെന്താണെന്നല്ലേ ഞാനും ചോദിച്ചത് ? ഇങ്ങനെ ചിരിക്കാൻ മാത്രം ഉള്ള കോമഡി ആയിരുന്നെങ്കിൽ നിനക്ക് ആദ്യമേ എന്നോട് പറയായിരുന്നില്ലേ ?”
അവളുടെ പെട്ടെന്നുള്ള ചിരി കണ്ടു ഞാൻ സംശയത്തോടെ ചോദിച്ചു.
“അങ്ങനെ ഇപ്പൊ എല്ലാം നിന്നോട് പറയണ്ട കാര്യം ഒന്നും ഇല്ലല്ലോ..”
മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു കിച്ചൻ സൈഡിലോട്ടു നോക്കി . മീര എങ്ങാനും വരുന്നുണ്ടോ എന്നറിയാൻ വേണ്ടിയാണ് .
“അതില്ല ..എന്നാലും കേട്ടപ്പോ ഒരു രസം ..”