ഞാൻ മനസ്സിലോർത്തു ഒന്ന് ദീർഘ ശ്വാസം വിട്ടതും മഞ്ജുസ് കണ്ണ് മിഴിച്ചു . എന്റെ കൈ നെറ്റിയിൽ അമർന്നത് കക്ഷി അറിഞ്ഞിരിക്കണം . പക്ഷെ ആ കണ്ണുകൾ കലങ്ങിയിട്ടുണ്ട് . പഴയ തെളിച്ചമില്ല. മുഖത്തും കണ്ണിലുമൊക്കെ ആ ക്ഷീണം ശരിക്കു അനുഭവിച്ചറിയാൻ സാധിക്കും !
ഒറ്റ ദിവസം കൊണ്ട് പാവത്തിന്റെ പോസ് ഒകെ പോയി !
“എങ്ങനെ ഉണ്ടിപ്പോ ?”
ഞാൻ പതിയെ ചോദിച്ചു .
“വയ്യ ..നല്ല തലവേദന …”
അവൾ പയ്യെ പറഞ്ഞു .
“മ്മ്….എന്തായാലും പെട്ടെന്ന് റെഡി ആയിക്കെ ..നമുക്ക് ഡോക്ടറെ കണ്ടിട്ട് വരാം , ഇങ്ങനെ ഒന്നും ചെയ്യാതെ കിടന്നിട്ട് എങ്ങനെ മാറാനാ ”
ഞാൻ അവളെ കുലുക്കി വിളിച്ചുകൊണ്ട് പറഞ്ഞു .
ആദ്യം വിസമ്മതിച്ചെങ്കിലും പിനീട് ഞാൻ നിർബന്ധം പിടിച്ചപ്പോൾ കക്ഷി സമ്മതിച്ചു . കുളിക്കാൻ ഒന്നും നിൽക്കാതെ ജസ്റ്റ് ഒന്ന് മുഖവും വായും കഴുകി മഞ്ജുസ് വരുമ്പൊഴിട്ട ചുരിദാർ എങ്ങനൊക്കെയോ വീണ്ടും എടുത്തിട്ടു . പിന്നെ എന്നെകാത്തു ബെഡിൽ ചെന്ന് ചുരുണ്ടു കൂടി .
ഞാൻ പല്ലുതേപ്പും കുളിയും ബാത്രൂം കലാപരിപാടിയും തീർത്തു ഇറങ്ങി. പാന്റ്സും ഷർട്ടും എടുത്തിട്ട് ഞാൻ റെഡി ആകുന്ന വരെ അവൾ ആ കിടത്തം കിടന്നു .
“മഞ്ജുസേ എണീക്ക്..എന്റെ കഴിഞ്ഞു ..”
ഷർട്ടിന്റെ അവസാന ബട്ടണും ഇട്ടു ഞാൻ അവളോടായി പറഞ്ഞു .
അതോടെ കക്ഷി പതിയെ എഴുനേറ്റു . പിന്നെ ഷാൾ എടുത്തിട്ടു പയ്യെ പയ്യെ നടന്നു എന്റെ അടുത്തെത്തി .കഷ്ടപ്പെട്ടാണ് കക്ഷിയുടെ നടത്തം പോലും !
“എനിക്ക് തലയൊക്കെ കറങ്ങുന്ന പോലുണ്ട് കവി ..”
പനിയുടെ കടുപ്പം കാരണം എന്റെ നെഞ്ചിലേക്ക് തലചായ്ച്ചു അവൾ പേടിയോടെ പറഞ്ഞു .
“അതൊക്കെ മാറിക്കോളും..നീ വന്നേ മഞ്ജുസേ..”
ഞാൻ പതിയെ പറഞ്ഞു അവളെ തോളിലൂടെ ചേർത്ത് പിടിച്ചു പയ്യെ നടന്നു . ഇനി തല കറങ്ങി വീഴണ്ട !
ഒടുക്കം അവളെ കാറിൽ കൊണ്ട് ഇരുത്തിയ ശേഷമാണ് ഞാൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നത് .
എ.സി ഒന്നും ഇടാതെ തന്നെ ഞാൻ കാർ സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു . മഞ്ജുസ് കൈകൾ രണ്ടും മാറിൽ പിണച്ചു കെട്ടി വല്ലായ്മയോടെ സീറ്റിൽ ചാരി കിടന്നു . ഒടുക്കം സിറ്റിയിലെ കൊള്ളാവുന്ന ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ എത്തും വരെ മഞ്ജു ആ കിടത്തം കിടന്നു .