അവളുടെ കൃത്രിമം നിറഞ്ഞ സ്വഭാവം കണ്ടു ഞാൻ സംശയത്തോടെ ചോദിച്ചു .
ബെഡിൽ നിന്നും എഴുനേറ്റു ഷീറ്റും പുതപ്പുമൊക്കെ മടക്കി നിൽക്കെയാണ് എന്റെ ചോദ്യം .
“ഒരു കുന്തോം ഇല്ല..ഓഹ് ..ഏതാണ്ട് ദുബായിൽ പോവുന്ന പോലാ…ഈ കാണുന്ന കോയമ്പത്തൂർ അല്ലെ .ആ വിഷമം ഒകെ ഞാൻ സഹിച്ചു..”
മഞ്ജുസ് ഉള്ളിൽ വിഷമം ഉണ്ടേലും പുറത്തു ചൂട് അഭിനയിച്ചുകൊണ്ട് പറഞ്ഞു .പിന്നെ എല്ലാം മടക്കിക്കൊണ്ടു എന്റെ നേരെ തിരിഞ്ഞു. പാന്റ്സും ഷർട്ടുമൊക്കെ എടുത്തിട്ട് ഞാൻ അപ്പോഴേക്കും ഒരുങ്ങിയിരുന്നു.
അടിയിൽ അമ്മ എണീറ്റ് കാണും .ആറുമണിക്ക് അടുക്കളയിൽ കേറുന്നത് അമ്മയുടെ പതിവാണ് . ചായ കുടിച്ചിട്ട് ഇറങ്ങാം എന്നാണ് മഞ്ജുസ് പറഞ്ഞത്..അതൊന്നും വേണ്ടെന്നു പറഞ്ഞു ഞാൻ പെട്ടെന്ന് താഴേക്കിറങ്ങി. പിന്നാലെ മഞ്ജുവും അനുഗമിച്ചു. കോണിപ്പടികൾ ഇറങ്ങവേ എന്നെ പിടിച്ചു നിർത്തി അവൾ കവിളിൽ പയ്യെ ചുംബിച്ചു..
“അപ്പൊ പോയിട്ട് നല്ല കുട്ടി ആയിരുന്നോണം..ചുമ്മാ എന്നെ നാറ്റിക്കരുത്…”
എന്റെ കഴുത്തിൽ കൈചുറ്റി നിന്നുകൊണ്ട് അവൾ പയ്യെ പറഞ്ഞു .
ഞാൻ ചിരിയോടെ തലയാട്ടി . പിന്നെ അവളെ വട്ടം പിടിച്ചു ചുണ്ടിൽ മുത്തം നൽകാനായി മുന്നോട്ടാഞ്ഞു . പക്ഷെ എന്നെ തടഞ്ഞുകൊണ്ട് അവൾ പിന്നാക്കം മാറി.
“പല്ലു തേച്ചിട്ടില്ല…ഇപ്പൊ ഇത്രയൊക്കെ മതി..”
അവൾ ചിരിയോടെ പറഞ്ഞു ഒഴിഞ്ഞുമാറി..പിന്നെ എന്റെ കൈപിടിച്ച് താഴേക്കിറങ്ങി. നേരം പുലർന്നു തുടങ്ങുന്നതേ ഉള്ളു. വെളിച്ചം നല്ല രീതിക്ക് പടർന്നിട്ടില്ല.
ഞാനും അവളും കൂടി നേരെ ഹാളിലേക്ക് ഇറങ്ങി . ഞങ്ങളെ കണ്ടതും അമ്മ എനിക്കുള്ള ചായയുമായെത്തി .അത് സ്വല്പം കുടിച്ചുകൊണ്ട് ഞാൻ അമ്മയോടും മഞ്ജുവിനോടും യാത്ര പറഞ്ഞിറങ്ങി . മഞ്ജുസിന്റെ കാറിൽ കയറി ഞാൻ അവർക്കു നേരെ കൈവീശികൊണ്ട് കാര് സ്റ്റാർട്ട് ചെയ്തു.ഉമ്മറപ്പടിയിൽ നിന്ന് അമ്മയും മഞ്ജുവും ഞാനിറങ്ങുന്നതും നോക്കി നിൽപ്പുണ്ട്. അമ്മയുടെ മുഖത്ത് പ്രാര്ഥനയാണേൽ മഞ്ജുവിന്റെ മുഖത്ത് ഗൗരവം ആണ് . ഉള്ളിലെ വിഷമം എന്നെ കാണിക്കാതിരിക്കാൻ വേണ്ടിയുള്ള കള്ളത്തരം ആണത് ! ഞാൻ അവരെ നോക്കി പുഞ്ചിരിച്ചു പയ്യെ വണ്ടി തിരിച്ചുകൊണ്ടു മുന്നോട്ടെടുത്തു…
പിന്നെ നേരെ കോയമ്പത്തൂരിലേക്ക് …വീണ്ടും ജോലിസ്ഥലത്തേക്ക് !