“ഒന്നടങ്ങി നില്ക് കവി…”
അവൾ സാവധാനം പറഞ്ഞു കൈ പുറകിലേക്കിട്ടു എന്റെ തുടയിൽ നുള്ളി.
“ആഹ്…”
ഞാനൊന്നു പുളഞ്ഞുകൊണ്ട് പിന്നോട്ട് മാറി. അപ്പോഴാണ് ശ്യാം ഞങ്ങളുടെ ഉഡായിപ്പൊക്കെ ശ്രദ്ധിക്കുന്നത്. അവൻ എന്നെ നോക്കി ഒന്നാക്കിയ പോലെ വഷളൻ ചിരി ചിരിച്ചു തലയാട്ടി…
“മ്മ്മ്..മ്മ്മ്….നടക്കട്ടെ…”
എന്ന ഭാവത്തിൽ..
ഞാൻ അവനെ നോക്കി ചിരിച്ചുകൊണ്ട് വീണ്ടും മഞ്ജുസിന്റെ അടുത്തേക്ക് നീങ്ങി..
“എന്റെ മിസ്സെ..നിന്നെ ഇങ്ങനെ കണ്ടിട്ട് സഹിക്കണില്ലെടി..സെറ്റ് സാരി ഒകെ ഉടുത്തപ്പോ നല്ല ഗും ഉണ്ട് “
ഞാൻ മഞ്ജുസിന്റെ കയ്യിൽ തോണ്ടിക്കൊണ്ട് പതിയെ പറഞ്ഞു..
“അഹ് ആഹാ..സമ്മതിച്ചു..നീ ഒന്ന് ചുമ്മായിരി..ഇതൊന്നു കഴിഞ്ഞോട്ടെ “
മഞ്ജു ഒറ്റ ശ്വാസത്തിൽ പതിയെ സ്വകാര്യം പറയും പോലെ പറഞ്ഞു എന്നെ കൈകൊണ്ട് ഇടിച്ചു പുറകിലേക്ക് നീക്കി..
അവൾ തൊഴു കയ്യോടെ മുന്നോട്ടു നോക്കി ഇരുന്നു. ചിരിയോടെ ഞാനും .
ഏറ്റവും മുൻപിൽ ക്ഷേത്ര നടക്കു മുൻപിൽ ഉറഞ്ഞു തുള്ളുന്ന ഭഗവതിയുടെ മുൻപിൽ മഞ്ജുസിന്റെ മുത്തശ്ശി സങ്കടം ബോധിപ്പിക്കുന്നുണ്ട്..
“അമ്മെ..ഭഗവതി..എന്റെ കുട്ടിയുടെ മംഗല്യം …”
മുത്തശ്ശി വിഷമത്തോടെ ഭഗവതി രൂപത്തെ നോക്കി.
ഉടവാളുമായി ഉറഞ്ഞു തുള്ളുന്ന കോമരം മുത്തശ്ശിയുടെ തലയിൽ കൈവെച്ചു അരിയും പൂവും എറിഞ്ഞു കൂടുതൽ ഉച്ചത്തിൽ തുള്ളികൊണ്ട് അലറി..
“ആഹ്….ഹ്ഹ്ഹ്ര്ര്ർരാ …”
അത് കണ്ടപ്പോൾ എനിക്ക് ചെറിയ പേടിയൊക്കെ തോന്നി. എനിക്ക് ഈ വെളിച്ചപ്പാട് , കരിങ്കാളി ഒക്കെ ചെറുപ്പം തൊട്ടേ പേടി ആണ് ..
“ഭയപ്പാടൊന്നും വേണ്ട…അമ്മ എല്ലാം കാണുന്നുണ്ട് ..മ്മ്മ്…ഹ്ഹ്മ്മ്മ്മ് …എല്ലാം മംഗളമായി ഉടനെ നടക്കും….”
ഭഗവതി ഉറഞ്ഞു തുള്ളി മുത്തശ്ശിയോടായി പറഞ്ഞപ്പോൾ മഞ്ജുസ് എന്നെ ഒന്ന് തിരിഞ്ഞു നോക്കി ചിരിച്ചു .അത് കേട്ടതോടെ മുത്തശ്ശിക്കും മഞ്ജുസിന്റെ അമ്മക്കുമൊക്കെ ആശ്വാസം ആയി . ആദ്യ വിവാഹം ശരിയാകാഞ്ഞതിന്റെ ദുഃഖം മഞ്ജുസിനേക്കാൾ വീട്ടുകാരാണ് അനുഭവിക്കുന്നത് . പിന്നെ പല അന്വേഷണങ്ങൾ നോക്കിയെങ്കിലും മഞ്ജുസ് ഒഴിഞ്ഞു മാറി.
ഒടുക്കം ഓരോരുത്തരായി ഭഗവതിയുടെ അനുഗ്രഹം വാങ്ങാനായി മുന്നോട്ടു നടന്നു .മഞ്ജുസും പോയി അനുഗ്രഹം വാങ്ങി ഉടവാള് തൊട്ടു വന്ദിച്ചു തിരികെ വന്നു .