ആ സ്നേഹം മനസിലായെന്നോണം മഞ്ജുസും ഒന്ന് പുഞ്ചിരിച്ചു . ആ രംഗത്തിനു അധികം വൈകാതെ തിരശീല വീണു .മഞ്ജുസ് പുറത്തിറങ്ങി അച്ഛനോടും അമ്മയോടുമൊക്കെ യാത്ര പറഞ്ഞിറങ്ങി . അധികം വൈകാതെ തന്നെ ഞാനും വീട്ടിലേക്ക് മാറി .
പിന്നെ അധികം ആലോചിക്കാനൊന്നും ഉണ്ടായിരുന്നില്ല . അച്ഛൻ എന്റെ പിടിവാശിക്ക് കീഴ്പെട്ടു. കൈ മുറിച്ച സംഭവം അതിനൊരു മുതൽക്കൂട്ടായി എന്നുമാത്രം . അച്ഛൻ ആദ്യം അമ്മവീട്ടുകാരുമായാണ് സംസാരിച്ചത്. മുത്തശ്ശിയോട് ആദ്യം ഈ വിവരമൊന്നും പറഞ്ഞിരുന്നില്ല..ഹോസ്പിറ്റലിൽ നിന്നും വന്ന ശേഷം അച്ഛൻ ആണ് അമ്മയുടെ തറവാട്ടിൽ പോയപ്പോൾ ഇങ്ങനെയൊക്കെ ഉണ്ടായെന്നു അറിയിക്കുന്നത് .
ദുബായിലുള്ള മോഹനൻ മാമയോടും വിനോദ് മാമനോടുമെല്ലാം അച്ഛൻ ഈ വിഷയം സംസാരിച്ചു , ഉണ്ടായ കാര്യങ്ങളും വിശദീകരിച്ചു . “ഇത്രയൊക്കെ ഉണ്ടായ സ്ഥിതിക്ക് ഇനി നമ്മളൊക്കെ പറഞ്ഞാൽ അവൻ കേൾക്കുമോ “ എന്ന രീതിയിലാണ് എല്ലാവരും സംസാരിച്ചത്.
അച്ഛന്റെ ബന്ധുക്കളും അത് തന്നെയാണ് പറഞ്ഞത് . മുത്തശ്ശി ഞാൻ കൈമുറിച്ചെന്നൊക്കെ പറഞ്ഞപ്പോൾ ആകെ ബഹളം വെച്ചു. കണ്ണനെ ഇപ്പോൾ തന്നെ കാണണം എന്നൊക്കെ പറഞ്ഞ മുത്തശ്ശി തിരികെ പോരുമ്പോൾ അച്ഛനോടൊപ്പം ഞങ്ങളുടെ വീട്ടിലേക്കെത്തി .
ഞാൻ അകത്തു റൂമിൽ ആയിരുന്നു . ചുമ്മാ പാട്ടും കേട്ടു കിടക്കുന്നതിനിടെ ആണ് മുത്തശ്ശി അമ്മയോടൊപ്പം റൂമിലേക്ക് വന്നത് .
“അല്ല..ആരാ ഇത്..”
മുത്തശ്ശിയെ കണ്ടതും ഞാൻ ബെഡിൽ നിന്നു ചാടി എന്നേറ്റു . അപ്പോഴേക്കും കയ്യിലെ മുറിവൊക്കെ ഉണങ്ങി തുടങ്ങിയിരുന്നു. മുറിഞ്ഞ പാടുകൾ കൈത്തണ്ടയിൽ വേണ്ടുവോളം ഉണ്ടായിരുന്നു .എന്നെ ശകാരിക്കും എന്നാണ് ഞാൻ കരുതിയതെങ്കിലും മുത്തശ്ശി എന്റെ കയ്യിലെ മുറിവും തഴുകി കുറെ സങ്കടപ്പെട്ടു ഓരോന്ന് പറഞ്ഞിരുന്നു ..
ഒടുക്കം മഞ്ജുവിനെ കുറിച്ചും ചോദിച്ചു തുടങ്ങി ..അമ്മയെ ഒഴിവാക്കിക്കൊണ്ട് ഞാൻ മുത്തശ്ശിയുടെ അടുത്ത് മഞ്ജുവിനെ കുറിച്ച് പറഞ്ഞു..അവളുടെ ഫോട്ടോസ് ഒകെ ഞാൻ കാണിക്കുകയും ചെയ്തു..
മുത്തശ്ശിയ്ക്കും ഒറ്റ നോട്ടത്തിൽ തന്നെ അവളെ ബോധിച്ചു . അങ്ങനെ കലുഷിതമായ നാളുകൾക്ക് അന്ത്യം കുറിച്ചുകൊണ്ട് എല്ലാവരും ഞങ്ങളുടെ ബന്ധത്തിന് പച്ചക്കൊടി കാണിച്ചു .
എനിക്ക് ജോബ് ആയിട്ട് , അല്ലെങ്കിൽ കുറച്ചു കൂടെ പക്വത ആയിട്ട് കല്യാണം ആകാമെന്നു അവരൊക്കെ തീരുമാനത്തിൽ എത്തി . ഈ സന്തോഷം ഞാൻ മഞ്ജുസിനെയും വിളിച്ചു അറിയിച്ചിരുന്നു . അവളും ഡബിൾ ഹാപ്പി . മഞ്ജുസ് അവളുടെ അച്ഛനോടും ഈ കാര്യം സൂചിപ്പിച്ചു. കവിന്റെ വീട്ടുകാർ ഓക്കേ ആണെന്ന് മഞ്ജുസ് എന്റെ അമ്മായിയപ്പനെ അറിയിച്ചു.
അതോടെ രണ്ടു ഫാമിലിയും കൂടി ജോയിന്റ് ആയി തുടങ്ങി . അന്നത്തെ ഇൻസിഡന്റിനു ശേഷം ഞാനും മഞ്ജുസും പിന്നെ അങ്ങനെ തമ്മിൽ കണ്ടിട്ടില്ല . അവൾ ഹോസ്പിറ്റലിൽ എന്നെ വന്നു കണ്ടതിനു ശേഷം നേരെ ഒറ്റപ്പാലത്തെ വീട്ടിലേക്കാണ് പോയത്. അച്ഛനോട് മാത്രം ഞാൻ ഇങ്ങനെ ഒരു അക്രമം കാണിച്ചത് അവൾ പറഞ്ഞു ..പുള്ളി ഒക്കെ ഒന്ന് കെട്ടടങ്ങിയ ശേഷം എന്നെ വിളിച്ചു കുറെ ഉപദേശിക്കുകയും ചെയ്തു..