ഞാൻ ബൈക്ക് നിർത്തി . ആദ്യം അഞ്ജുവും പിന്നാലെ ഞാനും ഇറങ്ങി . അവളെന്നെ അടിമുടി ഒന്ന് നോക്കി .
“എന്താ നോക്കുന്നെ ?”
ഞാനവളോടായി പുരികം ഉയർത്തികൊണ്ട് ചോദിച്ചു .
“ഈ കാർ നിന്റെ മലർ മിസ്സിന്റെ അല്ലെ ?”
അവൾ എന്നെ സംശയത്തോടെ നോക്കികൊണ്ട് തിരക്കി .
സംഭവം അവൾക്ക് കത്തിയെന്നു ആ ഒറ്റ ചോദ്യത്തിൽ നിന്നും എനിക്ക് മനസിലായി. ഇനി ഉരുണ്ടിട്ടു കാര്യമില്ല..എന്നാലും എളുപ്പം പിടികൊടുക്കാൻ പാടില്ല..
“ആഹ്..പറഞ്ഞത് പോലെ ശരിയാണല്ലോ..ഇത് മഞ്ജുസിന്റെ കാർ ആണ്..”
ഞാൻ അവളുടെ മുഖത്ത് നോക്കാതെ കാറിന്റെ അടുത്തേക്ക് നീങ്ങി ബോണറ്റിൽ തൊട്ടു നോക്കികൊണ്ട് പറഞ്ഞു .
എന്റെ അഭിനയമൊക്കെ നോക്കി മാറിൽ കൈപിണച്ചുകൊണ്ട് അഞ്ജു എന്നെ അടിമുടി നോക്കി. അവളെ ഫേസ് ചെയ്യാൻ സ്വല്പം നാണം തോന്നിയ ഞാൻ നാടോടിക്കാറ്റിൽ ലാലേട്ടൻ മണ്ണെണ്ണ വാങ്ങാൻ ചെന്ന ഭാവത്തിൽ നിന്നു.
“അതെ ചേട്ടായി ..കൂടുതൽ അഭിനയമൊന്നും വേണ്ട ..ഇന്ന് പതിവില്ലാത്ത ധൃതിയും ആവേശവും കണ്ടപ്പോഴേ എനിക്ക് തോന്നിയതാ..എന്തോ ചുറ്റിക്കളി ഉണ്ടെന്നു ..”
അവൾ പതിയെ എന്റെ അടുത്തേക്ക് നടന്നടുത്തുകൊണ്ട് ചിരിയോടെ പറഞ്ഞു .
ഞാൻ പെട്ടെന്ന് ഒരു പുഞ്ചിരിയോടെ തിരിഞ്ഞു അവളെ നോക്കി .
“ഹേ…അപ്പൊ എല്ലാം ഞാൻ പറയാതെ തന്നെ മനസിലായല്ലോ അല്ലെ..ആശ്വാസം ആയി ”
ഞാൻ പെട്ടെന്ന് ധൈര്യം സംഭരിച്ച ആരോടെന്നില്ലാതെ പറഞ്ഞു .
“എന്തിനാടാ ഇതൊക്കെ ..?”
അവളെന്നെ സ്വല്പം പുച്ഛത്തോടെ നോക്കി .
“നീ എന്താടി അങ്ങനെയൊക്കെ പറയുന്നേ..ഞാൻ നിന്നോട് എല്ലാം പറഞ്ഞതല്ലേ..മഞ്ജുസിനു നിന്നെ ഒന്ന് പരിചയപ്പെടണം എന്ന് പറഞ്ഞപ്പോ..വരാൻ പറഞ്ഞെന്നെ ഉള്ളു..”
ഞാൻ പതിയെ പറഞ്ഞൊപ്പിച്ചു .
“മ്മ്…എന്ന വാ ..നടക്ക് നടക്ക് ..ആ ചേച്ചി എവിടെ എന്നിട്ട് ”
അഞ്ജു എന്റെ മനസു വായിച്ചെന്നോണം ശാന്തയായിക്കൊണ്ട് ചിരിയോടെ പറഞ്ഞു . പിന്നെ ഞങ്ങൾ രണ്ടും കൂടി പ്രധാന എന്ട്രന്സിലൂടെ അകത്തേക്ക് കയറി..