ഒരു തഞ്ചത്തിനാണ് പറഞ്ഞതൊക്കെ…ഞാനും അഞ്ജുവും എല്ലാം അടുക്കളയുടെ വെളിയിൽ നിന്നു എത്തിനോക്കി കേൾക്കുന്നുണ്ട്..ആദ്യം പതിവ് വിശേഷണങ്ങളൊക്കെ പറഞ്ഞു തുടങ്ങി , പിന്നെ കുടുംബത്തിലുള്ള ചില കല്യാണ കാര്യങ്ങളും , ഒളിച്ചോട്ടവും , പ്രേമവും ഒക്കെ ആയി വിഷയങ്ങൾ…അങ്ങനെ വന്നപ്പോൾ എന്റെ കാര്യവും കുഞ്ഞാന്റി എടുത്തിട്ടു…
“ചേച്ചി..ഇപ്പോഴത്തെ കാലം അല്ലെ..പിള്ളേരെയൊന്നും വിശ്വസിക്കാൻ പറ്റില്ല..ഇന്നലെ കൂടി അവിടെ അടുത്തുള്ള ഒരു പെണ്ണ് കല്യാണ തലേന്നു ആണ് ഒളിച്ചോടിയത് ..”
കുഞ്ഞാന്റി അമ്മയുടെ അടുത്ത് ചിരിയോടെ പറഞ്ഞു ..
“മ്മ്…എന്താ ചെയ്യാ..ആ വീട്ടുകാരുടെ ഒകെ കാര്യം ആലോചിച്ചേ ..നാണക്കേട് ആയില്ലേ..”
അമ്മ അത് സ്വന്തം വിഷമം പോലെ പറഞ്ഞപ്പോൾ ഞാനൊന്നു ഞെട്ടി..അപ്പോൾ ഒളിച്ചോട്ടം നടക്കില്ല…
“ഹാഹ്…ആ പെണ്ണ് വീട്ടിൽ പറഞ്ഞതാ..ഒരു ബന്ധം ഉണ്ടെന്നു..പക്ഷെ വീട്ടുകാര് സമ്മതിച്ചില്ല..അതോണ്ട് ഒളിച്ചോടിയതാണെന്നും സംസാരം ഉണ്ട്…”
കുഞ്ഞാന്റി റൂട്ട് മാറ്റിക്കൊണ്ട് പറഞ്ഞു .
“അയ്യോ…അത് കഷ്ടം ആയല്ലോ..അവർക്കു അതങ്ങു നടത്തി കൊടുത്ത മതിയാരുന്നു ..എത്ര ആയാലും അവനവന്റെ കുട്ട്യോള് അല്ലെ..’
അമ്മ ആരോടെന്നില്ലാതെ പറഞ്ഞപ്പോൾ എനിക്ക് പ്രതീക്ഷ ആയി. അഞ്ജുവും ചിരിയോടെ എന്നെ നോക്കി .
“അഹ്..എന്ന് വെച്ച..നമ്മുടെ കണ്ണനും അഞ്ജുവും ഒകെ ഇങ്ങനെ പറഞ്ഞ ചേച്ചി സമ്മതിക്കുമോ ? എല്ലാര്ക്കും സ്വന്തവുംബന്ധവും തറവാട്ട് മഹിമയും ഒക്കെ നോക്കണ്ടേ ”
കുഞ്ഞാന്റി ചിരിയോടെ പറഞ്ഞു..
“ആഹ്..അതും നേരാ ..”
അമ്മ ആരോടെന്നില്ലാതെ പറഞ്ഞു .
“ആഹ്..പിന്നെ ചേച്ചി…നമ്മുടെ കണ്ണന് ഇതുപോലൊരു ഇഷ്ടം ഉണ്ടെന്നു അവനെന്നോട് ഒന്ന് സൂചിപ്പിച്ചിരുന്നു , എന്താ ചേച്ചിടെ അഭിപ്രായം ..”
കുഞ്ഞാന്റി ആദ്യത്തെ അമ്പു തൊടുത്തതും അമ്മ ഒന്ന് ഞെട്ടി…
പിന്നെ ആകാംക്ഷ ആയി , വിസ്തരിക്കൽ ആയി , വിവരന്വേഷണം ആയി …കുഞ്ഞാന്റി തഞ്ചത്തിൽ കാര്യങ്ങളൊക്കെ പറഞ്ഞു അമ്മയെ ധരിപ്പിച്ചു …പക്ഷെ അവസാനം പെൺകുട്ടി മഞ്ജുസ് ആണെന്ന് പറഞ്ഞപ്പോൾ അമ്മയുടെ ബോധം പോയില്ലെന്നേ ഉള്ളു…പക്ഷെ അമ്മ ബഹളം ഒന്നും ഉണ്ടാക്കിയില്ല..എല്ലാം കേട്ട് ഞാനും അഞ്ജുവും പുറത്തു നിൽപ്പുണ്ട്…
“ശേ..നീ എന്തൊക്കെയാ വിനീതേ പറയുന്നത് ..അതൊക്കെ എങ്ങനെ ശരിയാവും..കണ്ണന് എവിടെ..ഇത് നേരാണൊന്നു ഞാൻ ഒന്ന് ചോദിക്കട്ടെ..”
അമ്മ ആകെ അസ്വസ്ഥ ആയ സമയം നോക്കി ഞാൻ അടുക്കളയിലേക്ക് കയറി.
“സത്യം ആണ് അമ്മാ ..എനിക്ക് ടീച്ചറെ ഇഷ്ടാ “
ഞാൻ ഗൗരവത്തിൽ പറഞ്ഞതും കുഞ്ഞാന്റിയും അമ്മയും എന്നെ മാറി മാറി നോക്കി..