അന്നത്തെ രാത്രി കൂടി ഞാൻ റോസമ്മക്ക് ഒപ്പം ഉണ്ടായിരുന്നു . രാത്രിയിൽ കൂടുതലും ഞങ്ങള് സ്വന്തം വീട്ടു വിശേഷങ്ങളാണ് അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞത് . വൈകുന്നേരം ബാംഗ്ലൂർ നഗരത്തിൽ ഒന്ന് കറങ്ങി , റോസമ്മക്കൊപ്പം അല്ലറ ചില്ലറ ഷോപ്പിംഗ് ഒകെ നടത്തി . അവള് പറഞ്ഞ പെർഫ്യൂം ഒകെ ഞാൻ മഞ്ജുസിനു വേണ്ടി വാങ്ങിയിരുന്നു . അതിന്റെ പൈസ ഒക്കെ റോസ്‌മേരിയാണ് കൊടുത്തത് .
ഷോപ്പിംഗ് ഒകെ കഴിഞ്ഞു , പുറത്തു നിന്ന് ഫുഡും കഴിച്ചു ഞങ്ങൾ തിരികെ റൂമിൽ തന്നെ എത്തി . പിന്നെ ഹാളിലെ സോഫയിൽ ഇരുന്നു അന്നത്തെ ലൈവ് ക്രിക്കറ്റ് മാച്ച് കണ്ടിരുന്നു . ഇടക്കു വീട്ടു വിശേഷങ്ങളും തമ്മിൽ തമ്മിൽ സംസാരിച്ചു .
റോസ്‌മേരിയുടെ അനിയത്തിയുടെ കല്യാണം ഒക്കെ ഏറെക്കുറെ ശരി ആയിട്ടുണ്ട് . അതിന്റെ കാര്യം ആണ് അവള് കൂടുതൽ ആയി പറഞ്ഞത് . പിന്നെ അനിയനെ ഏതോ നല്ല കോഴ്സിന് ചേർത്തിട്ടുണ്ട് എന്നും പറഞ്ഞു . റോസ്‌മേരിയുടെ ഹസ് റോബിയും എല്ലാ കാര്യത്തിലും നല്ല സപ്പോർട്ടീവ് ആണ് .
“തന്റെ കാര്യങ്ങളൊക്കെ എങ്ങനാ ?”
സ്വന്തം കഥകളൊക്കെ പറഞ്ഞ ശേഷം അവളെന്നെ നോക്കി .
“പഴയ പോലെ തന്നെ …ആകെ കൂടെ ഒരു മാറ്റം ഉള്ളത് വീട്ടിൽ ഇപ്പൊ അച്ഛൻ ഉണ്ട് ..അതോണ്ട് പഴയ പോലെ എനിക്കവിടെ വിലസാൻ പറ്റില്ല ”
ഞാൻ അവളെ നോക്കി ചിരിച്ചു .
“ഹ്മ്മ്…അച്ഛൻ റഫ് ആണോ ? ഞാൻ കണ്ടിട്ടില്ല പുള്ളിയെ ”
റോസ്‌മേരി സംശയത്തോടെ ചോദിച്ചു .
“ഏയ് ..ആള് പാവം ആണ് .പക്ഷെ ഞങ്ങള് തമ്മിൽ അങ്ങനെ സംസാരം ഒകെ കുറവാ ..പിന്നെ കാണണം എന്നുണ്ടെങ്കിൽ ഒരീസം വീട്ടിലോട്ട് വാ ”
ഞാൻ പയ്യെ തട്ടിവിട്ടു .
“ആഹ്…വരണം …നിന്റെ കുട്ട്യോളേം ആ കൂട്ടത്തില് കാണാലോ ”
റോസമ്മ പയ്യെ ചിരിച്ചു .
“ആഹ് ..നീ ആകെക്കൂടി രണ്ടു മൂന്നു വട്ടം അല്ലെ കണ്ടിട്ടുള്ളു ?”
ഞാൻ അവളെ ചോദ്യ ഭാവത്തിൽ നോക്കി .
“ആഹ് അതെ …ലാസ്റ്റ് അവരുടെ ബർത്ത് ഡേയ്ക്ക് കണ്ടതാ ..”
റോസ്മേരി അതോർത്തു പയ്യെ പറഞ്ഞു .
“ഹ്മ്മ്..”
ഞാൻ മൂളികൊണ്ട് കളിയിൽ തന്നെ ശ്രദ്ധിച്ചു .
“പിന്നെ..നമ്മുടെ ഹീറോയിൻ എന്ത് പറയുന്നു ?”
മഞ്ജുസിന്റെ കാര്യം ചോദിച്ചുകൊണ്ട് റോസമ്മ പിന്നെയും തിരക്കി .
“അവള് എന്തും പറയും …അങ്ങനത്തെ ടൈപ്പാ..”
ഞാൻ ചിരിയോടെ മറുപടി നൽകി .
“രസം അല്ലെ ഇതൊക്കെ…എനിക്ക് നിങ്ങളെ സംസാരം ഒക്കെ കാണുമ്പോ ചെറിയ കുശുമ്പ് ഒകെ തോന്നും .”
റോസമ്മ എന്നെ നോക്കി പുഞ്ചിരിച്ചു .
“എന്തിനു ?”
ഞാനവളെ നോക്കി പുരികം ഇളക്കി .
“അല്ല ..നിങ്ങള് വഴക്കിടുന്നതും പോലും ഒരു രസായിട്ടാ തോന്നുന്നത് ”
റോസമ്മ ഞങ്ങളെ ഒന്ന് പുകഴ്ത്തി .