“നിനക്കു പഠിക്കാൻ ഒന്നും ഇല്ലേടി? ഏതു നേരത്തും ഇതും കയ്യിൽ പിടിച്ചാണല്ലോ ?”
അഞ്ജുവിന്റെ നിൽപ്പ് നോക്കി അച്ഛൻ ഗൗരവത്തിൽ തിരക്കി .
“പഠിപ്പൊക്കെ കഴിഞ്ഞു അച്ഛാ …”
അഞ്ജു പയ്യെ തട്ടിവിട്ടു .
“ഹ്മ്മ്…”
പുള്ളി അതുകേട്ടു അമർത്തിയൊന്നു മൂളി . പിന്നെ ഉമ്മറത്ത് കിടന്ന കസേരയിലേക്കിരുന്നുകൊണ്ട് ഷർട്ടിന്റെ പോക്കെറ്റിൽ നിന്നു സിഗരറ്റും ലൈറ്ററും എടുത്തു .
“ഹ്മ്മ്..ഹ്മ്മ്..എന്ന പോയി കഴിക്ക് ….നേരം കൊറേ ആയി..”
ഞങ്ങളെ രണ്ടിനെയും അവിടന്ന് ഒഴിവാക്കാൻ വേണ്ടി അച്ഛൻ ഗൗരവത്തിൽ തട്ടിവിട്ടു . അതോടെ ഞാനും അവളും ബോബനും മോളിയും പോലെ ഒരുമിച്ചു ഹാളിലേക്ക് കടന്നു .
“ആഹാ..ഇവനിന്നു ഒറക്കം ഒന്നും ഇല്ലേ ?”
ആദി ഹാളിൽ കിടന്നു പരക്കം പായുന്നത് കണ്ടു അഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു .
“ആഹ്..അല്ലെങ്കിൽ ഈ ടൈമിൽ ഉറങ്ങുന്നതാ , ഇന്നെന്താ പറ്റിയേ ആവോ ”
മഞ്ജുസും അത് ശരിവെച്ചുകൊണ്ട് ചിരിച്ചു .
“ചാ ച്ചാ..”
മഞ്ജുസിന്റെ മടിയിൽ ഇരുന്ന റോസിമോള് എന്നെ കണ്ടതോടെ വീണ്ടും കൈചൂണ്ടി തുടങ്ങി .
“ചാച്ചൻ ചത്തു ..പോയെടി അവിടന്ന് …”
ഞാൻ അവളെ നോക്കി കണ്ണുരുട്ടി പക്ഷെ അത് കണ്ടു അവള് കൈകൊട്ടി ചിരിക്കുകയാണ് ചെയ്തത് .
“ഹി ഹി ഹി..ചാച്ചാ …ഹ്ഹ ”
മഞ്ജുസിന്റെ മടിയിൽ ഇരുന്നു അവള് കുലുങ്ങി ചിരിച്ചു .
“ഇതിനു വട്ടാണെന്ന തോന്നുന്നത് ”
മഞ്ജുസ് അതുകണ്ടു ആരോടെന്നില്ലാതെ പറഞ്ഞു .
“നിന്നെപ്പോലെ ആണെന്ന് അങ്ങട് പറഞ്ഞ മതി…കൂടുതൽ ഡെക്കേറേഷൻ ഒന്നും വേണ്ട ”
ഞാൻ അതുകേട്ടു ഒരു കൌണ്ടർ അടിച്ചു .
“ഹ ഹ ..”
മഞ്ജുവും അഞ്ജുവും അതുകേട്ടു പയ്യെ ചിരിച്ചു .
“മതിയെടാ നിന്നു പ്രസംഗിച്ചത് …വല്ലോം കഴിച്ചിട്ട് കിടക്കാൻ നോക്ക് ”
നേരം വൈകുന്നത് കണ്ടു അമ്മച്ചി ഞങ്ങളോടായി പറഞ്ഞു .
“എന്താണ് മമ്മി …ഇങ്ങള് ഒരു പൊടിക്ക് അടങ് ..”
ഞാൻ അമ്മയുടെ അടുത്തേക്കായി നടന്നുകൊണ്ട് ചിരിയോടെ പറഞ്ഞു. പിന്നെ നേരെ ചെന്നു ഡൈനിങ് ടേബിളിലേക്ക് ഇരുന്നു . അമ്മച്ചി തന്നെ എനിക്കുള്ളതൊക്കെ വിളമ്പി തന്നു .
ഞാൻ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സമയത്തു അഞ്ജുവും മഞ്ജുവും കൂടി പിള്ളേരെ കളിപ്പിച്ചിരുന്നു . മാതാശ്രീ ടി.വി യിൽ തന്നെയാണ് ശ്രദ്ധ .എന്റെ കൂടി കഴിഞ്ഞ ശേഷമാണ് അവരെല്ലാവരും കൂടി കഴിക്കാറ് . ഞാനും മഞ്ജുസും ഒറ്റക്കുള്ള അവസരത്തിലൊക്കെ ഞങ്ങളൊരുമിച്ചേ കഴിക്കാറുള്ളു .