ആദിയുടെ മുഖച്ഛായ നോക്കികൊണ്ട് ഹേമാന്റി മായേച്ചിയെ നോക്കി .
“ഹ്മ്മ്…കൊറച്ചൊക്കെ ഛായ ഉണ്ട്..പക്ഷെ മോളും മഞ്ജുവും തമ്മിലുള്ള മാച്ചിന്റെ അത്ര ഇല്ല ”
മായേച്ചിയും അത് ശരിവെച്ചുകൊണ്ട് ചിരിച്ചു . റോസിമോള് ഏറെക്കുറെ മഞ്ജുസിനെ വരച്ചു വെച്ച പോലെ ആണ് .
“മഞ്ജു ഇന്ന് പോയിട്ടുണ്ടോടാ ?”
കോളേജ് കാര്യം ഓർത്തു മായേച്ചി എന്നെ നോക്കി .
“ഏയ് ..ലീവ് ആണ് …നാളെ തൊട്ടു പോകുന്നുണ്ട് ..”
ഞാൻ പയ്യെ തട്ടിവിട്ടു . അതിനിടയി ഹേമാന്റി ആദിയെ മായേച്ചിയുടെ മടിയിൽ നിന്നുമെടുത്തു ഒക്കത്തുവെച്ചു എണീറ്റു.
“നിനക്ക് കുടിക്കാൻ എന്തേലും എടുക്കട്ടേ ..?”
ഹേമാന്റി എന്നെ നോക്കികൊണ്ട് തിരക്കി .
“ഓ ..ആയിക്കോട്ടെ …”
ഞാനതിനു ചെറു പുഞ്ചിരിയോടെ മറുപടി നൽകി .
“ആഹ്..എന്ന ഇരിക്കെടാ….ഞാനിപ്പോ വരാം ”
അത്രയും പറഞ്ഞുകൊണ്ട് ആദിയെയും എടുത്തുകൊണ്ട് ഹേമാന്റി അകത്തേക്ക് പോയി . അതോടെ ഞാനും മായേച്ചിയും മാത്രം ഉമ്മറത്ത് ബാക്കിയായി .
“പിന്നെ….എന്തൊക്കെ ഉണ്ടെടി മായേച്ചി..നിന്റെ കെട്ട്യോൻ വിളിക്കാറില്ലേ?”
ഞാൻ തിണ്ണയിൽ നിന്നും എഴുന്നേറ്റു അവളുടെ അടുത്തേക്ക് നീങ്ങികൊണ്ട് ചോദിച്ചു . പിന്നെ പാന്റിന്റെ പോക്കെറ്റിൽ നിന്നും മൊബൈൽ എടുത്തുപിടിച്ചു .
“അതെ ഉള്ളു ….ഇപ്പൊ വിളിച്ചിട്ട് വെച്ചതേ ഉള്ളു ”
മായേച്ചി ചിരിയോടെ പറഞ്ഞു . അപ്പോഴേക്കും ഞാൻ മൊബൈലിന്റെ കാമറ ഓണാക്കി സെൽഫി മോഡ് ഇട്ടു . പിന്നെ സ്വല്പം കുനിഞ്ഞുകൊണ്ട് മായേച്ചിയെയും എന്നെയും ഉള്കൊള്ളിച്ചുകൊണ്ട് ഫോട്ടോ ഏടുക്കാൻ തയ്യാറായി . മായേച്ചിയും അതിനു അനുസരിച്ചു പുഞ്ചിരിച്ചുകൊണ്ട് ഇരുന്നു തന്നു .
“നേരെ നോക്കെടി …”
അവളുടെ ഇരുത്തം കണ്ടു ഞാൻ തട്ടിവിട്ടു . പിന്നെ അവളുടെ തോളിൽ കയ്യിട്ടുകൊണ്ട് ഒന്ന് രണ്ടു ഫോട്ടോ എടുത്തു .
“മഞ്ജുസിനു ഇട്ടു കൊടുക്കാനാ…ഒരു തെളിവിനു …അല്ലെങ്കിൽ അവള് പോലീസ് ആവും ”