“നിങ്ങള് ഇവിടെ നിന്ന് പ്രസംഗിക്കാതെ അകത്തോട്ടു കയറ് . പോവലും വരലും ഒക്കെ നമുക്ക് പിന്നെ ആലോചിക്കാം ”
രണ്ടുപേരോടുമായി തീർത്തു പറഞ്ഞുകൊണ്ട് മാതാശ്രീ ഉമ്മറത്തേക്ക് കയറി .പിന്നാലെ ഞങ്ങളും . അപ്പോഴേക്കും ശബ്ദമൊക്കെ കേട്ട് അഞ്ജുവും ഉമ്മറത്തേക്കെത്തി .
“ആഹാ ..ഇതാരൊക്കെയാ ..ഇവരൊക്കെ എവിടുള്ളതാ അമ്മെ ? ഇവിടെ ഒന്നും മുൻപ് കണ്ടിട്ടില്ലല്ലോ ”
ഞങ്ങളെ കണ്ടതും അവളൊന്നു ആക്കികൊണ്ട് തിരക്കി .
“ഒന്ന് വെറുതെ ഇരിക്കെടി പെണ്ണെ ..വന്നു കേറിയില്ല ..”
അഞ്ജുവിന്റെ സംസാരം കേട്ട് അമ്മച്ചി ചൂടായി .
“എന്റെ എടത്തിയമ്മ എന്താ ഒന്നും മിണ്ടാതെ നിക്കണേ ? ഇങ്ങോട്ടു വന്നത് ഇഷ്ടായില്ലേ?”
അവള് കൊഞ്ചിക്കൊണ്ട് മഞ്ജുവിന്റെ അടുത്തേക്ക് നീങ്ങി. ചോദ്യം കേട്ടതും മഞ്ജുസ് അവളെ നോക്കി പേടിപ്പിക്കാൻ തുടങ്ങി .
“അമ്മ പോയിട്ട് കുടിക്കാൻ എന്തേലും എടുത്തേ ..എനിക്ക് നല്ല ദാഹം ”
അഞ്ജുവിന്റെ സംസാരം ശ്രദ്ധിച്ചുകൊണ്ട് തന്നെ ഞാൻ അമ്മയോടായി പറഞ്ഞു .
“ആഹ്…ചായ മതിയോടാ ?”
മാതാശ്രീ എന്നെ ചോദ്യ ഭാവത്തിൽ നോക്കി .
“എന്തായാലും മതി…”
ഞാൻ പയ്യെ തട്ടിവിട്ടു . അതോടെ മൂന്നു പേരെയും ഒന്ന് തറപ്പിച്ചു നോക്കികൊണ്ട് അമ്മച്ചി അകത്തേക്ക് വലിഞ്ഞു .
“എന്താ ഇത്ര ഗൗരവം ? രണ്ടും കൂടി ഉടക്കിയോ?”
ഒന്നും മിണ്ടാതെ നിൽക്കുന്ന മഞ്ജുസിനെ തോണ്ടിക്കൊണ്ട് അഞ്ജു പുരികങ്ങൾ ഇളക്കി .
“ഏയ് ഇല്ലെടി ..അതിന്റെ മോന്ത എപ്പോഴും അങ്ങനെ തന്നെയാ ..”
അഞ്ജുവിന്റെ ചോദ്യം കേട്ട് ഞാൻ ഇടയിൽ കേറി കൗണ്ടർ അടിച്ചു .
“കവി …”
ആ തമാശ കേട്ട് ഇഷ്ടപെടാത്ത പോലെ മഞ്ജുസ് എന്നെ നോക്കി പല്ലിറുമ്മി .
“ഹി ഹി ..ഈ ചേച്ചി എപ്പോഴും ഇങ്ങനെ ആണല്ലോ …എന്തേലും തമാശ പറഞ്ഞാൽ അപ്പൊ പല്ലു കടിക്കും ”
മഞ്ജുവിന്റെ കയ്യിൽ പിടിച്ചു തിണ്ണയിലേക്കിരുത്തികൊണ്ട് അഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു .
“പിന്നെ എന്തൊക്കെ ഉണ്ട് എടത്തിയമ്മേ വിശേഷം ? ഒരു മാസം കൊണ്ട് ഒന്ന് മെച്ചപ്പെട്ടല്ലോ ?”
മഞ്ജുസിനെ അടിമുടി നോക്കികൊണ്ട് അഞ്ജു ചിരിച്ചു .
“ആഹ് എങ്ങനെ മെച്ചപ്പെടാതെ ഇരിക്കും ..നല്ല തീറ്റയല്ലേ”
ഞാൻ അത് കേട്ട് പയ്യെ പറഞ്ഞു .
“ഞാൻ തന്നോട് ചോദിച്ചില്ല ..ചേച്ചി പറയട്ടെ ..”