കുളിച്ചു ഈറനോടെയുള്ള വരവായതുകൊണ്ട് ചുരിദാറിന്റെ അങ്ങിങ്ങായി നനവുണ്ട് . തലയിൽ ഒരു തോർത്ത് കൊണ്ട് തുവർത്തികൊണ്ട് അവൾ ഉമ്മറത്തേക്ക് വന്നു..അമ്മുമ്മയും എന്റെ ഒപ്പം ഉണ്ട്.
എന്റെ അടുത്തേക്ക് വന്ന അവൾ പെട്ടെന്ന് മുടി ഒന്ന് തല വെട്ടിച്ചു വിടർത്തി..ഒന്ന് വട്ടം കറങ്ങിയ മുടിയിഴകളിൽ നിന്നും എന്റെ മുഖത്തേക്ക് വെള്ള തുള്ളികൾ തെറിച്ചു..നല്ല വാസന സോപ്പിന്റെ ഗന്ധം അവളിൽ നിന്നും എന്നിലേക്ക് പരന്നൊഴുകി .
വെള്ളം മുഖത്തടിച്ചപ്പോൾ ഞാൻ ഒന്ന് ഞെട്ടി.പിന്നെ അത് കൈകൊണ്ട് തുടച്ചു അവളെ ദേഷ്യത്തോടെ നോക്കി..അവളെന്നെ നോക്കി കണ്ണിറുക്കി കാണിച്ചു.
“ഹാ എന്താടി പെണ്ണെ ഇത്…”
അമ്മുമ്മേടെ ദേഹത്തേക്കും സ്വല്പം വെള്ളം തെറിച്ചപ്പോൾ അവരൊന്നും ചൂടായി. അവളെ വല്ലാത്തൊരു നോട്ടം നോക്കി.
“ഹാ…ചൂടാവല്ലേ അച്ചമ്മേ ..എന്റെ മുത്തല്ലേ ..”
അവൾ അമ്മുമ്മേടെ കവിളിൽ തട്ടികൊണ്ട് പറഞ്ഞു.പിന്നെ അവരുടെ കവിളിൽ പതിയെ ഉമ്മ വെച്ചു.
അതോടെ അമ്മുമ്മ അലിഞ്ഞു. അല്ലെങ്കിലും സോപ്പിടാൻ മിടുക്കി ആണ് വീണ ! അതും പറഞ്ഞു തിരിഞ്ഞു നടന്നു അവൾ അകത്തേക്ക് പോയി. സ്വല്പം കഴിഞ്ഞപ്പോൾ മുടി ഒകെ നല്ല വൃത്തിയായി ചീകി ക്ലിപ് ഇട്ടു പുറകിൽ നിർത്തിക്കൊണ്ട് നിലവിളക്കും കത്തിച്ചു കൊണ്ട് , ഇരു കൈകൊണ്ടും അത് ചേർത്ത് പിടിച്ചു വീണ ഉമ്മറത്തേക്ക് എഴുന്നള്ളി …
ദീപം…ദീപം….
പതിയെ പറഞ്ഞു കൊണ്ട് അവൾ മന്ദം മന്ദം ചുവടുകൾ വെച്ചുകൊണ്ട് ഉമ്മറത്തേക്ക് നടന്നു വന്നു . ആ തിരിയിട്ട വിളക്കിന്റെ പ്രകാശ വലയത്തിൽ അവളുടെ മുഖം കൂടുതൽ തിളക്കമുള്ള പോലെ എനിക്ക് തോന്നി. നെറ്റിയിലെ ഭസ്മ കുറി അവൾക്കു ഒരു വല്ലാത്തൊരു നാടൻ ലുക്ക് സമ്മാനിക്കുന്നുണ്ട്…ചമയങ്ങൾ ഏതുമില്ലാതെ നാടൻ പെൺകൊടി ! പക്ഷെ എന്നിട്ടു പോലും കാഴ്ചക്ക് സൗന്ദര്യം ജ്വലിക്കുന്ന രൂപ ഭാവങ്ങൾ !
വീണ ഉമ്മറത്തേക്ക് ദീപവുമായി വന്നതും അമ്മുമ്മ എഴുനേറ്റു ..മനസ്സിൽ പ്രാർത്ഥിച്ചു . ചുണ്ടുകൾ വിറകൊണ്ടു നാമജപം നടത്തുന്ന കാഴ്ച ഞാൻ നോക്കി കണ്ടു . വീണ എന്നെ നോക്കി ചിരിച്ചു കൊണ്ട് നില വിളക്ക് ഉമ്മറത്തു പ്രതിഷ്ഠിച്ചു .