“മ്മ്…”
മഞ്ജു ഒന്നമർത്തി മൂളി .
അങ്ങനെ മഞ്ജു എന്നെ വീട് വരെ എത്തിച്ചു . മെയിൻ റോഡിൽ നിന്നും ടേൺ എടുത്തു കോൺക്രീറ്റ് റോഡിലേക്ക് കയറി . അവിടെ നിന്നും കഷ്ടിച്ച് ഒരു നൂറു ഇരുനൂറു മീറ്റർ കൂടി ഓടി എന്റെ വീടിനു മുൻപിൽ എത്തി.
അമ്മയും പെങ്ങളും ആ സമയം വീടിനു മുൻപിൽ ഉണ്ടാരുന്നു . ആരോ വിരുന്നുകാർ ആണെന്നാണ് അവർ വിചാരിച്ചത്. പക്ഷെ കാറിൽ നിന്നും ഞാൻ ഇറങ്ങിയത് കണ്ടു അവർ ഞെട്ടി. ഗ്ലാസ് താഴ്ത്തിയതോടെ അമ്മയും അനിയത്തിയും മഞ്ജുവിനെ കണ്ടു .
അവർ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നത് കൊണ്ട് എന്നെ കണ്ടു അങ്ങോട്ടേക്ക് നടന്നു വന്നു .
“ആഹ്..അമ്മെ ഇതെന്റെ കോളേജിലെ ടീച്ചറാ..ഈ വഴിക്കാണെന്നു അറിഞ്ഞപ്പോ എന്നെക്കൂടി കേറ്റിയതാ”
ഞാൻ ചിരിയോടെ പറഞ്ഞുകൊണ്ട് അമ്മയ്ക്കും അനിയത്തിക്കും മഞ്ജുവിനെ പരിചയപ്പെടുത്തി . മഞ്ജു കാറിൽ ഇരുന്നുകൊണ്ട് തന്നെ അവരെ നോക്കി ചിരിച്ചു കാണിച്ചു .
“ആഹ്…ടീച്ചർ കേറുന്നില്ലേ…എന്തായാലും വന്നില്ലേ ഒരു ചായ കുടിച്ചിട്ട് പോവാന്നെ”
അമ്മ അടുത്തേക്ക് വന്നുകൊണ്ട് സ്നേഹപ്പൂർവം പറഞ്ഞു.
“അയ്യോ അമ്മെ ഇപ്പൊ സമയമില്ല..പിന്നൊരിക്കൽ ആവാം “
മഞ്ജു ആ ക്ഷണം നിരസിച്ചുകൊണ്ട് പറഞ്ഞു.
അനിയത്തി മഞ്ജുവിനെ തന്നെ സൂക്ഷിച്ചു നോക്കുന്നത് ഞാൻ ഒളികണ്ണിട്ടു നോക്കി. അവൾ എന്നെയും ശ്രദ്ധിക്കുന്നുണ്ട്.
“ഓ…അത് പറഞ്ഞാൽ പറ്റില്ല..ഇത്രേം വരെ വന്നിട്ട് ”
അമ്മ വീണ്ടും നിർബന്ധിച്ചു.
മിസ് എന്നെ നോക്കി . ഞാൻ മുഖം കൊണ്ട് ഗോഷ്ടി കാണിച്ചു . വേണ്ട വേണ്ട..പൊക്കോ ..എന്ന് ഭാവിച്ചു .