അതാണ് കൊട്ടാരത്തിന്റെ പ്രവേശന കവാടം… ചുറ്റുമുള്ള കാഴ്ച്ച ആസ്വദിക്കാനും വേണമെങ്കില്‍ വിശ്രമിക്കാനും സൌകര്യമുണ്ടവിടെ… താഴേക്ക് നോക്കുമ്പോള്‍ മനസ്സിലാകും എത്ര ഉയരത്തിലാണ് നമ്മളെന്ന്… ഒരു സിംഹത്തിന്റെ രൂപത്തിലാണ് പ്രവേശന കവാടം… അവിടെയാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്… ഇന്നു സിംഹത്തിന്റെ മുഖഭാഗമൊന്നും കാണാനില്ല… അതെല്ലാം നിലം പരിശായവയിൽ ഉള്‍പ്പെടുന്നു… ആകെയുള്ളത് അതിന്റെ രണ്ട് കാലുകളാണ്…
അവിടെ പണ്ടു എങ്ങനെ ഉണ്ടായിരുന്നു എന്നു കാണിക്കുന്ന ആരോ വരച്ച ഒരു ചിത്രം വഴികാട്ടി കാണിച്ചു തന്നു… സിംഹത്തിന്റെ വായയുടെ ഉള്ളിലേക്ക് എന്ന രീതിയില്‍ ആയിരുന്നത്രെ മുകളിലേക്കുള്ള പടവുകള്‍ ഉണ്ടായിരുന്നത്… സിംഹത്തിന്റെ കാലിന്റെ അടുത്തു നിന്നു പടം എടുത്ത ശേഷം വീണ്ടും മുകളിലേക്ക്… ഇനി കൊട്ടാരം നിന്നിരുന്ന ഭാഗമാണ്… ഒരല്‍പം കഠിനമായ കയറ്റം… ഈ പടികള്‍ യുണസ്കോ ഏറ്റെടുത്ത ശേഷം ഉണ്ടാക്കിയതാണ്… അത് എത്തിച്ചേരുന്നത് കൊട്ടാര മുറ്റത്തേക്കാണ്…
സിഗിരിയ പാറയുടെ ഏറ്റവും മുകള്‍ ഭാഗമാണിത്… കൊട്ടാരത്തിന്റെ അടിത്തറ മാത്രമേ ഇന്നു അവശേഷിക്കുന്നുള്ളു എന്നതുകൊണ്ട് മുകള്‍ ഭാഗം ഒരു പരന്ന സ്ഥലമായി കാണാം… ഇവിടെ 360 ഡിഗ്രിയിൽ കാഴ്ച്ച കാണാം എന്നതു തന്നെയാണ് ഏറ്റവും മുഖ്യമായ ഘടകം… ആദ്യം തന്നെ അവിടെയുള്ള ഒരു കല്ലിൽ കേറി നില്‍ക്കാൻ മാരൻ പറഞ്ഞു…
ഇപ്പോൾ ഈ പാറയുടെ ഏറ്റവും ഉയര്‍ന്ന ഭാഗത്താണ് നമ്മള്‍ നില്‍ക്കുന്നതത്രെ… ചുറ്റും നോക്കി… 1.5 ഹെക്ടറിൽ മേലേ വ്യാസമുണ്ട് കൊട്ടാരം സ്ഥിതി ചെയ്യുന്ന ഈ പാറയുടെ മുകൾഭാഗത്തിന്…