പൂ പിടിച്ചു നില്‍ക്കുന്ന സ്ത്രീ, താഴോട്ടു നോക്കി നില്‍ക്കുന്ന ഒരു സുന്ദരി, ആഭരണങ്ങളണിഞ്ഞു എന്നാല്‍ മേൽ വസ്ത്രം ധരിക്കാതെ പിന്നെയും സുന്ദരികള്‍… ഈ ചുമര്‍ചിത്രകലാ രീതിക്ക് ഇന്ത്യയിലെ അജന്താ ഗുഹയിലെ ചിത്രങ്ങളുമായി സാമ്യമുണ്ടത്രെ… ഇവിടെ ഫ്ലാഷ് ഇല്ലാതെ മാത്രമേ ഫോട്ടൊ എടുക്കാന്‍ പാടുള്ളൂ… ഇത്രയും കണ്ട ശേഷം താഴോട്ടിറങ്ങി…
അവിടെ നിന്നു പിന്നീടുള്ള കയറ്റത്തില്‍ ആദ്യം കാണുന്നത് “കണ്ണാടി ചുമര്‍ ” എന്നു വിളിപ്പേരുള്ള ഒരു ചുമരാണ്… അതീവ മിനുസമായിട്ടാണ് ഈ ചുമർ പണിതിരിക്കുന്നത് എന്നതിനാല്‍ ഒരു കണ്ണാടിയെന്ന പോലെ ഇതിൽ പ്രതിഫലനങ്ങൾ കാണാൻ പറ്റുമായിരുന്നത്രെ… പണ്ട് സിഗിരിയ കോട്ടാരത്തില്‍ വന്നു പോയ സഞ്ചാരികൾ അവരുടെ അഭിപ്രായങ്ങളും അവര്‍ കണ്ട കാഴ്ചകളുമെല്ലാം എഴുതിയിരുന്നതും ഈ ചുമരിലായിരുന്നു…
അതെല്ലാം കൊണ്ടാകണം “കണ്ണാടി ചുമർ” എന്ന പേര് ഇന്നു ആ ചുമരിനു അത്രകണ്ട് യോജ്യമായി എനിക്ക് തോന്നാതിരുന്നത്… എന്നിരുന്നാലും ആ എഴുത്തുകളില്‍ നിന്നൊക്കെയാണ് സിഗിരിയ കൊട്ടാരവും പരിസരവും പണ്ട് എങ്ങിനെ ആയിരുന്നെന്നു ഇന്നു നമുക്ക് മനസ്സിലാക്കാന്‍ സാദ്ധ്യമായിരിക്കുന്നത്… അവിടേയും തിരച്ചിൽ നടത്തിയെങ്കിലും ഒരു സൂചനയും രാഘവിന് ലഭിച്ചില്ല… അവന്റെ മുഖം വിഷണ്ണമായിരുന്നു…
ഇനി വീണ്ടും കയറ്റം… അതു കഴിഞ്ഞെത്തിയത് ഒരു തുറസ്സായ സ്ഥലത്താണ്… മട്ടുപ്പാവെന്ന പോലെ…