മെയിൻ ഗേറ്റിൽ നിന്ന് മെറ്റൽ ഡിറ്റക്ടർ ചെക്കിംഗ് കഴിഞ്ഞ് അകത്ത് കേറിയ രാഘവ് തന്റെ ബോക്സിൽ നിന്ന് മാപ്പെടുത്ത് ഒന്നു നിവർത്തി നോക്കി… ഇതിൽ പക്ഷേ താൻ തിരയുന്ന ഗുഹ ഏതാണെന്നൊന്നും അറിയില്ല… നെറ്റിൽ നിന്ന് കിട്ടിയതാണ് അത്… ഉദ്യാനത്തിന്റേയും അവിടെ ഉപയോഗിച്ചിരുന്ന കിണറുകളുടേയുമൊക്കെ ഭാഗങ്ങൾ ഇതിൽ അടയാളപ്പെടുത്തിയിട്ടുണ്ട്… രാഘവ് അതൊന്ന് ഓടിച്ചു നോക്കിയിട്ട് തിരിച്ചു വച്ചു…
ഇവിടേക്ക് സാഹസികരായ ആളുകളെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം എന്നത് 200 മീറ്ററിൽ കൂടുതൽ ഉയരമുള്ള സിഗിരിയ പാറയുടെ മുകള്‍ഭാഗം വരെയുള്ള കയറ്റവും തിരിച്ചുള്ള ഇറക്കവുമാണ്… 1200-ല്‍ പരം പടികളുണ്ടെന്നാണ് പറയപ്പെടുന്നത്…
സമയം വൈകിട്ട് 3 മണിയായിരുന്നു… രാവിലെ ഈ കയറ്റം ആരംഭിക്കുന്നതായിരുന്നു ഏറ്റവും നല്ലത് എന്നു സാരഥിയായ മാരൻ പറഞ്ഞു… നേരം വൈകുന്തോറും വെയിലിന്റെ കാഠിന്യമേറുകയും കയറ്റം കൂടുതല്‍ ആയാസകരമാവുകയും ചെയ്യും… എന്നാല്‍ ഇന്ന് ചെറിയ മഴക്കാറും പൊടി മഴയും ഉണ്ടായിരുന്നതിനാൽ വെയിൽ തരി പോലും ഉണ്ടായിരുന്നില്ല…
അനുമതി ചീട്ടു വാങ്ങി അവർ നടന്നു… ഈ ചരിത്രസ്മാരകത്തിന്റെ പ്രവേശന കവാടം കടന്നാല്‍ ആദ്യം കാണുന്നത് ഒരു കിടങ്ങാണ്… പാലം വഴി ആ കിടങ്ങു കടന്നാല്‍ പിന്നെ നീളത്തില്‍ നടപ്പാത കാണാം… ഇരുവശത്തും ഉദ്യാനങ്ങളുള്ള നടപ്പാതയുടെ അറ്റത്ത് ഉയര്‍ന്നു നില്‍ക്കുന്ന സിഗിരിയ പാറയും കാണാം… നീണ്ടു കിടക്കുന്ന നടപ്പാതയില്‍ ഇടക്കിടെ കയറ്റം ആരംഭിക്കുന്നതിന്റെ സൂചന നല്‍കിക്കൊണ്ട് പടികളുമുണ്ട്…